2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സത്യമാണ്; സി.പി.എം മുതിര്‍ന്ന നേതാവ് ജി.സുധാകരന്‍ ഇനി ബ്രാഞ്ച് കമ്മിറ്റിയില്‍

ആലപ്പുഴ: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുതിര്‍ന്ന നേതാവ് ജി.സുധാകരന്‍ ഇനി ബ്രാഞ്ച് കമ്മിറ്റിയില്‍ തുടരും. അതേ. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റാണ് സുധാകരന് ഘടകം നിശ്ചയിച്ചു നല്‍കിയത്. ആലപ്പുഴ ജില്ലാ ഡി.സി ബ്രാഞ്ചിലാണ് മുന്‍ മന്ത്രിയും സംസ്ഥാന നേതാവുമായ ജി.സുധാകരന്‍ ഇനി പ്രവര്‍ത്തിക്കുക. തെറ്റിദ്ധരിക്കരുത്. തരം താഴ്ത്തിയതല്ല, അദ്ദേഹം ചോദിച്ചുവാങ്ങിയതാണ് ഈ ഘടകത്തില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി എന്ന പ്രത്യേകതയുമുണ്ട്.
ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ജി സുധാകരന്റെ ഘടകം നിശ്ചയിച്ചത്. തന്നെ ബ്രാഞ്ചിലേക്ക് മാറ്റണമെന്ന് നേരത്തെ തന്നെ സുധാകരന്‍ സംസ്ഥാന -ജില്ലാ നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

പാര്‍ട്ടിയുടെ ഭരണഘടനയനുസരിച്ച് ഇനി ബ്രാഞ്ച് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ സന്തോഷമേയുള്ളൂവെന്നായിരുന്നു 75വയസ്സ് പിന്നിട്ട സുധാകരന്‍ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കപ്പെട്ടശേഷം മാധ്യമങ്ങളോട് പറഞ്ഞത്. ‘ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ് വി.എസ്. മന്ത്രിസഭയില്‍ അംഗമായത്. അതോടെ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞു. നാലുവര്‍ഷംകൂടി ജില്ലാ സെക്രട്ടേറിയറ്റില്‍ തുടര്‍ന്നു. സംസ്ഥാന കമ്മിറ്റിയംഗമെന്ന നിലയില്‍ ജില്ലാക്കമ്മിറ്റിയില്‍ പങ്കെടുക്കാമായിരുന്നു. 2010 മുതല്‍ ജില്ലാ കമ്മിറ്റിയിലില്ല. ഏറ്റവും താഴെയുള്ള ഘടകമായ ബ്രാഞ്ചാണ് ഇനിയുള്ളത്. എന്റെ ആഗ്രഹവും അതാണ്. ബ്രാഞ്ച് അനുവദിച്ചുതരേണ്ടത് പാര്‍ട്ടിയാണ്. -സുധാകരന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.