2022 July 05 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ലക്ഷ്യം പ്രതിപക്ഷ മുക്ത ഇന്ത്യയോ?

കെ.പി നൗഷാദ് അലി
9847524901

2014ൽ അധികാരത്തിലേറിയതിനുശേഷം ബി.ജെ.പി മുന്നോട്ടുവച്ച കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രവാക്യത്തിലെ ജനാധിപത്യവിരുദ്ധത വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. എന്നാൽ ഭരണഘടനാസ്ഥാപനങ്ങളെ നോക്കുകുത്തിയാക്കിയും പ്രതിപക്ഷ നേതാക്കളെ വൈരാഗ്യബുദ്ധിയോടെ നേരിട്ടും നിർദ്ദാക്ഷിണ്യം നീങ്ങിയ ബി.ജെ.പി ശൈലി അനാവൃതമായതോടെ മുദ്രാവാക്യം തമാശയ്ക്ക് മുഴങ്ങിയതല്ല എന്ന് ഏവർക്കും ബോധ്യമായി. രാഷ്ട്രീയ എതിരാളികളെ കൂറുമാറ്റിയും ഭയപ്പെടുത്തി നിശബ്ദരാക്കിയും വഴങ്ങാത്തവരെ ജയിലിലടച്ചുമുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ മേൽക്കോയ്മക്ക് ചുക്കാൻ പിടിക്കുന്ന പ്രധാന ഏജൻസി ഇ.ഡിയാണ്. മഹാരാഷ്ട്രയിലെ നിലവിലെ രാഷ്ട്രീയപ്രതിസന്ധിക്ക് കാരണം എം.ഇ.ഡി(മണി എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്)യാണെന്ന സുപ്രിയ സുലെ എം.പിയുടെ ആരോപണത്തിന്റെ കാതൽ അതാണ്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും തുടങ്ങി കർണാടകയിലും മധ്യപ്രദേശിലും കൂറുമാറ്റങ്ങൾ സംഘടിപ്പിച്ച് ബി.ജെ.പി കോൺഗ്രസിനെ അധികാരത്തിൽനിന്ന് പുറന്തള്ളിയിരുന്നു. ജനാധിപത്യത്തിന്റെ അന്തഃസത്ത ചോർത്തുന്ന കുതിരക്കച്ചവടങ്ങളും റിസോർട്ട് വാസവും ഗവർണർ രാഷ്ട്രീയവുമൊക്കെ ഇതിൽ ഭാഗഭാക്കായി. ഇന്ത്യയിലെ തങ്ങളുടെ പ്രഥമ ഘടകകക്ഷിയായ ശിവസേനയെ പിളർത്തി, ബാൽ താക്കറെയുടെ പുത്രൻ ഉദ്ധവിനെ ഇറക്കിവിടാൻ തന്ത്രങ്ങൾ മെനയുമ്പോൾ ആ നീക്കത്തെ കോൺഗ്രസ് മുക്ത ഭാരതത്തിന്റെ ഭാഗമായി കാണുക സാധ്യമല്ല. വിപക്ഷ(പ്രതിപക്ഷ) മുക്ത ഇന്ത്യയെന്ന വിശേഷണം കടന്നുവരുന്നത് അവിടെയാണ്. ബി.ജെ.പിയുടെ ബാലാരിഷ്ടതകളുടെ 1989 കാലത്താണ് താക്കറെ ബി.ജെ.പിയുമായി കൈ കോർക്കുന്നത്. കേന്ദ്രഭരണം നിയന്ത്രിക്കുന്ന പലരും അന്ന് രാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളിൽ പോലുമുണ്ടായിരുന്നില്ല. അടിയന്തരാവസ്ഥ അനുഭവങ്ങളും ജനസംഘ പാരമ്പര്യവുമുള്ളവർ മാർഗദർശക മണ്ഡലിലൊതുങ്ങിയ പുതിയ കാല ബി.ജെ.പിക്ക് പഴയ ഓർമ്മകൾ പോലും അരോചകമാണ്.

ശിവസേന-ബി.ജെ.പി സഖ്യം

1989 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആരംഭിച്ച ശിവസേന-ബി.ജെ.പി സഖ്യത്തിൽ വല്യേട്ടൻ പദവി ബി.ജെ.പി ശിവസേനക്ക് വകവച്ച് കൊടുത്തിരുന്നു. 1995ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ശിവസേന 73 ഉം ബി.ജെ.പി 65 ഉം സീറ്റുകൾ നേടി മഹാരാഷ്ട്രയിൽ ആദ്യമായി അധികാരം പിടിച്ചു. 81 സീറ്റ് നേടി വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെ പ്രതിപക്ഷത്തിരുത്തി സേന നേതാവ് മനോഹർ ജോഷി മുഖ്യമന്ത്രിയായി. പ്രമോദ് മഹാജനും ഗോപിനാഥ് മുണ്ടയും നിതിൻ ഗഡ്കരിയുമെല്ലാം ശിവസേനയുടെയും ബാലസാഹബിന്റെയും ഇച്ഛകൾക്ക് മുന്നിൽ എന്നും വഴങ്ങുന്നവരായിരുന്നു.
കോൺഗ്രസ് പിളർന്ന് എൻ.സി.പി രൂപംകൊണ്ടെങ്കിലും 1999, 2004 നിയമസഭ തെരഞ്ഞെടുപ്പുകളിൽ ശിവസേന-ബി.ജെ.പി സഖ്യം തുടർച്ചയായി പ്രതിപക്ഷത്തിരിക്കേണ്ടിവന്നു. പക്ഷേ ഇരുനിയമസഭകളിലായി യഥാക്രമം 69, 62 സീറ്റുകളുമായി ശിവസേന 56,54 സീറ്റുകൾ നേടിയ ബി.ജെ.പിയെക്കാൾ വലിയ കക്ഷി സ്ഥാനം നിലനിർത്തിപ്പോന്നു. 2005ൽ രാജ് – ഉദ്ധവ് താക്കറെമാരുടെ പോര് പരിഹാരമില്ലാതെ വളർന്നതോടെ ശിവസേനക്ക് ഉലച്ചിൽ തട്ടിത്തുടങ്ങി.

2006 മാർച്ച് 9ന് രാജ് താക്കറെ മഹാരാഷ്ട്ര നവനിർമാണ സേന രൂപീകരിച്ചു പുറത്തുവന്നു. ഇതോടെ 2009ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ആദ്യമായി ശിവസേനയെ മറികടന്നു. ബി.ജെ.പി 46, ശിവസേന 45,എം.എൻ.എസ് 13 എന്നതായിരുന്നു കക്ഷിനില. പിന്നീടുള്ള സൗഹൃദം ഒരിക്കലും പഴയതു പോലെയായിരുന്നില്ല.2014ൽ ഇരു പാർട്ടികളും വേറിട്ടു മത്സരിച്ചു. എന്നാൽ ദേശീയ രാഷ്ട്രീയത്തിലെ ബി.ജെ.പി മുന്നേറ്റം മഹാരാഷ്ട്രയിലും പ്രകടമായി. ശിവസേന -ബി.ജെ.പി സഖ്യമാരംഭിച്ച കാലത്ത് ഹൈസ്‌കൂൾ വിദ്യാർഥിയായിരുന്ന പുതുമുഖ നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ മോദി-ഷാ അച്ചുതണ്ട് മഹാരാഷ്ട്രയിൽ മുന്നിൽനിർത്തി. 122 സീറ്റ് നേടിയ ബി.ജെ.പിയെ പിന്തുണക്കാൻ 63 സീറ്റിലൊതുങ്ങിയ ശിവസേന നിർബന്ധിതമായി. മാതോശ്രീക്ക് മുന്നിൽ ബാൽ താക്കറയെ കാണാൻ ഊഴമിട്ട് കാത്തിരുന്ന ബി.ജെ.പിക്കു മുന്നിൽ കൊച്ചായതിലുള്ള ഇച്ഛാഭംഗം സ്വാഭിമാന രാഷ്ട്രീയം ജീവവായുവായ ശിവസേനയെ സംബന്ധിച്ചിടത്തോളം സഹിക്കാവുന്നതിലപ്പുറമായിരുന്നു. 2019 ലെ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം മഹാ വികാസ് അഘാഡി പിറവിയെടുക്കാനും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകാനും അതു വഴിവച്ചു.

മറാത്ത-ഗുജറാത്തി താൻപോരിമ

ബ്രിട്ടീഷിന്ത്യയിലെ ഏറ്റവും തന്ത്രപ്രധാനമായതും സാമ്പത്തിക-വ്യവസായ തലസ്ഥാനമടങ്ങിയതുമായ പ്രവിശ്യയായിരുന്നു ബോംബെ പ്രസിഡൻസി. വടക്ക് ബലൂചിസ്ഥാനും തെക്ക് മദിരാശിയുമായിരുന്നു അതിർത്തികൾ. കറാച്ചിയും ഹൈദരബാദുമൊക്കെ ഇതിന്റെ ഭാഗമായിരുന്നു. സ്വാതന്ത്ര്യാനന്തരം ബോംബെ സംസ്ഥാനമായി തുടർന്നുപോന്നു. 1960 മെയ് 1ന് ഗുജറാത്തി സംസാരിക്കുന്ന വടക്കൻ ബോംബെ ഗുജറാത്തായും മറാത്തിക്ക് മുൻതൂക്കമുള്ള തെക്കൻ പ്രദേശങ്ങൾ മഹാരാഷ്ട്ര സംസ്ഥാനമായും മാറി. ബോംബെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളും വാണിജ്യ, വ്യവസായ നിയന്ത്രണങ്ങളുമെല്ലാം ഗുജറാത്തി മാർവാഡികളുടെ കൈയിലായിരുന്നു. ബോംബെ തലസ്ഥാനമായി കിട്ടാൻ ഇരു സംസ്ഥാനങ്ങളും വലിയ മത്സരം നടത്തിയെങ്കിലും നറുക്ക് വീണത് മഹാരാഷ്ട്രക്കായിരുന്നു. മണ്ണിന്റെ മക്കൾ വാദവുമായി 1966ൽ പിറന്നുവീണ ശിവസേന ഗുജറാത്തി ആധിപത്യത്തോടുള്ള എതിർപ്പ് വലിയ ആയുധമാക്കിയിരുന്നു.

പുതിയ കാല ബി.ജെ.പിയിലെ ഗുജറാത്തി അപ്രമാദിത്തവും എല്ലാവരെയും വെട്ടിനിരത്തി മോദി-ഷാമാരുടെ നോമിനിയായി കടന്നുവന്ന ഫഡ്‌നാവിസിന്റെ നേതൃത്വവും അവരുടെ മുന്നിൽ പിന്തള്ളപ്പെട്ടുവെന്ന തോന്നലും ശിവസേനയെ ഏറെ മുറിപ്പെടുത്തിയിട്ടുണ്ട്. ഭൂതകാലത്തിലെ ശത്രുവിനു മുന്നിൽ മറാത്തി അഭിമാനം പണയംവയ്ക്കരുതെന്ന ആഹ്വാനങ്ങൾ സാമ്‌ന പലപ്പോഴും മുന്നോട്ടുവയ്ക്കുന്നതിലെ സാംഗത്യമതാണ്.

ഭാവി നടപടികൾ

മറ്റു സംസ്ഥാനങ്ങളിലെ കുതിരക്കച്ചവടങ്ങളിൽ നിന്ന് വിഭിന്നമായി മഹാരാഷ്ട്രയെക്കുറിച്ച് അജ്ഞത നടിക്കാനാണ് ബി.ജെ.പി നേതൃത്വം താൽപര്യപ്പെടുന്നത്. എന്നാൽ ബി.ജെ.പിയുടെ സുരക്ഷിത ലാവണങ്ങളായ സൂറത്തിലും ഗുവാഹത്തിയിലുമാണ് ഏക്നാഥ് ഷിൻഡയും സഹപ്രവർത്തകരും മാറി മാറി അഭയം പ്രാപിച്ചിട്ടുള്ളത്. ശിവസേന എം.എൽ.എമാരായ കൈലാസ് പാട്ടീലിന്റെയും നിതിൻ ദേശ്മുഖിന്റെയും സാക്ഷ്യങ്ങളും ബി.ജെ.പിയുടെ മുഖംമൂടി അഴിച്ചുവീഴ്ത്തിയിട്ടുണ്ട്. തന്നെ സൂറത്തിലേക്ക് തട്ടിക്കൊണ്ടുപോകാൻ വന്ന ഗുണ്ടകളിൽ നിന്ന് രക്ഷപ്പെട്ടെന്ന് കൈലാസ് ആശ്വാസം കൊള്ളുമ്പോൾ ഗുവാഹത്തിയിൽ നിന്ന് രക്ഷപ്പെട്ട് വന്ന ദേശ്മുഖ് വിമത നീക്കത്തെ സ്‌പോൺസർ ചെയ്യുന്ന സംസ്ഥാന ഭരണത്തിന്റെയും പൊലിസിന്റെയും പങ്ക് വ്യക്തമാക്കുന്നുണ്ട്. കൂറുമാറ്റ നിരോധന നിയമം മറികടക്കാൻ ഷിൻഡെക്ക് 36 എം.എൽ.എമാർ ആവശ്യമുണ്ട്. അവകാശവാദം പലതുമുയരുന്നുണ്ടെങ്കിലും ഈ അക്കത്തിലേക്ക് വിമതർ എത്താൻ സാധ്യതകൾ വിരളമാണ്.
കൂറുമാറിയ എം.എൽ.എമാർ രാജിവച്ച് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടാലും പുതിയ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയാലും മഹാരാഷ്ട്ര ഇന്ത്യക്ക് കാത്തുവയ്ക്കുന്നത് പതിവു രീതികളാകാൻ ഇടയില്ല. കുതിരക്കച്ചവടങ്ങൾക്ക് പിറകെ ബാലറ്റിൽ നേടിയ ബി.ജെ.പി വിജയഗാഥകൾ മഹാരാഷ്ട്രയിൽ ആവർത്തിക്കണമെന്നില്ല. തീവ്രാഭിമാനത്തിൽ പൊതിഞ്ഞ ശിവസേനയുടെ വൈകാരിക രാഷ്ട്രീയം ബി.ജെ.പിയുടെ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ സമാനഘടന പേറുന്നവയാണ്. സേനയുടെ ആളും അർഥവും കേഡറിസവും ബി.ജെ.പിയുടെ ജനിതകഘടനക്ക് തുല്യമാണ്. ശരത് പവാറിന്റെ അനുഭവസമ്പത്തും കോൺഗ്രസിന്റെ വൻ നേതൃനിരയും ശിവസേനക്ക് സഹായമായി അണിനിരക്കുമ്പോൾ വാളെടുത്തവൻ വാളാൽ എന്ന ശുഭപര്യവസായി മഹാരാഷ്ട്രയിൽനിന്ന് സംഭവിച്ചു കൂടായ്കയില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.