2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ദീപക്കെന്നു കരുതി ദഹിപ്പിച്ചത് ഇര്‍ഷാദിന്റെ മൃതദേഹം; സ്വര്‍ണക്കടത്തു സംഘം കൊന്നതാണെന്ന്  കുടുംബം; മേപ്പയൂരിലെ ദീപക്കിനെ കണ്ടെത്തിത്തരണമെന്ന് ബന്ധുക്കള്‍

  • പൊല്ലാപ്പിലായി പൊലിസ്

കോഴിക്കോട്: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് കൊല്ലപ്പെടുകയും മൃതദേഹം ആളുമാമാറി ദഹിപ്പിക്കുകയും ചെയ്തതോടെ ഉയരുന്ന ചോദ്യം കൊല്ലപ്പെട്ടുവെന്നു കരുതുന്ന ദീപക് എവിടെയാണെന്നാണ്. കൊയിലാണ്ടി പുഴയില്‍ കണ്ടെത്തിയ മൃതദേഹം സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റേതെന്നാണ് പൊലിസ് സ്ഥിരീകരിച്ചത്. ഡി.എന്‍.എ പരിശോധന ഫലത്തിലൂടെയാണ് ഇത് സ്ഥിരീകരിച്ചതെന്ന് കോഴിക്കോട് റൂറല്‍ എസ്.പി കറുപ്പ്സ്വാമി പറഞ്ഞു.
മേപ്പയ്യൂര്‍ കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപകിന്റേതാണെന്നു കരുതിയാണ് ഇര്‍ഷാദിന്റെ മൃതദേഹം ചിതയൊരുക്കി ബന്ധുക്കള്‍ സംസ്‌കരിച്ചത്.
സംസ്‌കരിച്ചത് ദീപകിനെയല്ലെങ്കില്‍ പിന്നെ എന്റെ മോന്‍ എവിടെയെന്നാണ് മേപ്പയ്യൂരിലെ ദീപകിന്റെ മാതാവ് ശ്രീലത ഉയര്‍ത്തുന്ന ചോദ്യം. ഇത് ശ്രീലതയുടെ മാത്രം ചോദ്യവുമല്ല. അതേ സമയം മരിച്ചെന്നുകരുതിയ മകന്റേതല്ല സംസ്‌കരിച്ച മൃതദേഹമെന്നറിയുമ്പോള്‍ മകന്‍ മരിച്ചിട്ടില്ലെന്ന വിശ്വാസത്തിലാണ് ദീപകിന്റെ കുടുംബം. അവന്‍ ജീവിച്ചിരിപ്പുണ്ടെന്നും തിരിച്ചുവരുമെനന് പ്രതീക്ഷയാണിപ്പോള്‍ ഈ കുടുംബത്തിനുള്ളത്. മകനെ കണ്ടെത്തണമെന്ന ആവശ്യവും അവരുയര്‍ത്തുന്നു.

ജൂലൈ ആറിന് കോഴിക്കോട് പന്തിരിക്കരയില്‍ നിന്നുമാണ് ഇര്‍ഷാദിനെ കാണാതായത്. ജൂലൈ 17നാണ് കൊയിലാണ്ടി കടപ്പുറത്തുനിന്നും മൃതദേഹം ലഭിച്ചു. എന്നാല്‍ ഈ മൃതദേഹം മേപ്പയൂര്‍ സ്വദേശി ദീപക്കിന്റേതാണ് തെറ്റിധരിച്ച് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. അവര് മതാചാരപ്രകാരം സംസ്‌കരിക്കുകയും ചെയ്തു. ദീപക്കിന്റെ ചില സുഹൃത്തുക്കളുടെ സംശയത്തെത്തുടര്‍ന്നാണ് മൃതദേഹത്തില്‍ നിന്ന് ഡി.എന്‍.എ ശേഖരിച്ചത്.
എന്നാല്‍ അബുദാബിയില്‍ സെക്യൂരിറ്റി ഓഫീസറായി ജോലിചെയ്യുകയായിരുന്ന ദീപക് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2021 മാര്‍ച്ചിലാണ് നാട്ടില്‍ തിരിച്ചെത്തുന്നത്. പിന്നീട് ഒരു തുണിക്കടയില്‍ ജോലി ചെയ്യുകയായിരുന്നു. വിസയുടെ ആവശ്യത്തിനായി എറണാകുളത്ത് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. മുമ്പൊരിക്കല്‍ സുഹൃത്തിന്റെ കയ്യില്‍നിന്ന് പണം വാങ്ങാന്‍പോയ ദീപക് മൂന്ന് ദിവസം കഴിഞ്ഞാണ് തിരിച്ചെത്തിയത്. അന്ന് ദീപകിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. മേപ്പയ്യൂര്‍ പോലിസില്‍ പരാതി നല്‍കി അന്വേഷണം തുടങ്ങിയ സമയത്ത് ദീപക് വീട്ടില്‍ തിരിച്ചെത്തിയിരുന്നു.

പത്ത് ദിവസം മുന്‍പാണ് ഇര്‍ഷാദിനെ കാണാതായത് സംബന്ധിച്ച് കുടുംബം പോലിസിന് പരാതി നല്‍കുന്നത്. സ്വര്‍ണ്ണക്കടത്തുസംഘമാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയതെന്നും കുടുംബം ആരോപിച്ചിരുന്നു. പരാതിയെതുടര്‍ന്ന് ഇര്‍ഷാദിനെ കണ്ടെത്തുന്നതിനായി പൊലിസ് വ്യാപക അന്വേഷണം നടത്തിയിരുന്നു.

കൊയിലാണ്ടിയില്‍ നിന്നും ലഭിച്ച മൃതദേഹത്തിന്റെ ഡി.എന്‍.എ പരിശോധനയില്‍ ദീപക്കിന്റെ മാതാപിതാക്കളുടേതുമായി സാമ്യമില്ലെന്ന് കണ്ടെത്തുകയും തുടര്‍ന്ന് ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ ഡി.എന്‍.എ ശേഖരിക്കുകയും സാമ്യത കണ്ടെത്തുകയും ചെയ്തതിലൂടെയാണ് മൃതദേഹം ഇര്‍ഷാദിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചത്.

സ്വര്‍ണക്കടത്തു സംഘം ക്വട്ടേഷന്‍ നല്‍കി ഇര്‍ഷാദിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലിസ് നിഗമനം. ഇര്‍ഷാദിന്റെ മൃതദേഹമാണ് ദീപക്കിന്റേതെന്ന് വിശ്വസിച്ച് ദീപക്കിന്റെ ബന്ധുക്കള്‍ ഏറ്റെടുത്ത് സംസ്‌ക്കരിച്ചത്. അതേ സമയം ദീപക്കിന്റെ മാതാവും ബന്ധുക്കളും മൃതദേഹം തിരിച്ചറിഞ്ഞ ശേഷമാണ് വിട്ടുകൊടുത്തതെന്നും ഇതില്‍ പൊലിസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും എസ്.പി പറഞ്ഞു. ഇര്‍ഷാദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് കടന്ന സ്വര്‍ണക്കടത്തു സംഘത്തിലേക്കും അന്വേഷണം നീളുന്നതായും മേപ്പയൂര്‍ സ്വദേശി ദീപക്കിനായുള്ള തിരച്ചിലും നടക്കുന്നതായും എസ്.പി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.