2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ റാങ്ക് ലിസ്റ്റില്‍ ക്രമക്കേട്; ഉദ്യോഗാര്‍ഥികള്‍ ഹൈക്കോടതിയിലേക്ക്

നിസാം കെ. അബ്ദുല്ല

കല്‍പ്പറ്റ. എസ്.ടി വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്കായി പി.എസ്.സി നടത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ റാങ്ക് ലിസ്റ്റിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ഥികള്‍ ഹൈക്കോടതിയിലേക്ക്.
ആദിശക്തി സമ്മര്‍ സ്‌കൂളിന്റെ നേതൃത്വത്തിലാണ് നിയമനടപടിക്കൊരുങ്ങുന്നത്. വയനാട്ടില്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തസ്തികയിലേക്ക് എസ്.ടി വിഭാഗക്കാര്‍ക്ക് മാത്രമായി പി.എസ്.സി നടത്തിയ എഴുത്ത് പരീക്ഷയിലും കൂടിക്കാഴ്ചയിലും ശാരീരിക പരിശോധനയിലും പങ്കെടുത്ത ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുന്ന രീതിയിലായിരുന്നു റാങ്ക് ലിസ്റ്റ് പുറത്തുവന്നതെന്ന് നേരത്തെ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എസ്.ടി വിഭാഗത്തില്‍ പിന്നാക്കം നില്‍ക്കുന്ന കാട്ടുനായ്ക്ക, അടിയ, പണിയ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികളെ തഴയുന്ന രീതിയിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തിയ റാങ്ക് ലിസ്റ്റ് പിന്‍വലിക്കണമെന്ന് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതര്‍ തയാറാവാതിരുന്നാണ് കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്.

അടുത്ത ദിവസം തന്നെ ഹരജി നല്‍കുമെന്ന് ഗോത്രമഹാസഭ കോര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്‍, ആദിശക്തി സമ്മര്‍ സ്‌കൂളിന്റെ സംഘാടകരായ മണികണ്ഠന്‍, രേഷ്മ എന്നിവര്‍ സുപ്രഭാതത്തോട് പറഞ്ഞു. വനത്തിലും വനത്തിന് സമീപത്തും താമസിക്കുന്ന എസ്.ടി വിഭാഗക്കാര്‍ക്കായിരുന്നു പരീക്ഷ. വാര്‍ഷിക വരുമാനം ഒരു ലക്ഷം കവിയെരുതെന്ന നിര്‍ദേശവുമണ്ടായിരുന്നു. എന്നാല്‍ വനവുമായി വിദൂരബന്ധം പോലുമില്ലാത്തവരും സര്‍ക്കാര്‍ ജീവനക്കാരുടെ മക്കളുമടക്കമുള്ളവരാണ് റാങ്ക് ലിസ്റ്റിലുള്ളത്. വനത്തിലും വനത്തിന് തൊട്ടും താമസിക്കുന്ന പണിയ, കാട്ടുനായ്ക്ക, അടിയ വിഭാഗക്കാര്‍ക്ക് ഒരു പരിഗണനയും ലഭിച്ചില്ല. ആകെയുള്ള 170 ഒഴിവുകളിലേക്കുള്ള റാങ്ക് ലിസ്റ്റില്‍ 17ല്‍ താഴെയാണ് ഈ വിഭാഗക്കാര്‍ക്ക് അവസരം ലഭിച്ചത്. അവിവാഹിതരുടെയും വിധവകളുടെയും മക്കള്‍ക്ക് 10മാര്‍ക്ക് വെയിറ്റേജ് നല്‍കിയിട്ടും അത്തരക്കാരില്‍ ആരും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ല.

പരീക്ഷയും ഫിസിക്കലും പാസായി ഇന്റര്‍വ്യൂ കഴിഞ്ഞപ്പോഴാണ് ഇവര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയത്. കുറിച്യ, കുറുമ സമുദായത്തില്‍ നിന്നുള്ളവരാണ് ആദ്യ 100റാങ്കിലെ 90 ശതമാനവും. സ്‌പെഷല്‍ റിക്രൂട്ട്‌മെന്റുകള്‍ നടന്നപ്പോള്‍ പിന്നാക്ക വിഭാഗത്തിലെ മുന്നോക്കക്കാര്‍ക്ക് മാത്രമായിരുന്നു മുന്‍പും ജോലി ലഭിച്ചത്. സമാന അവസ്ഥയാണ് ഇപ്പോഴും സംഭവിച്ചത്. അന്നും ഇന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും സര്‍ക്കാര്‍ മുഖവിലക്കെടുത്തില്ല. ഇതോടെയാണ് ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലേക്ക് തങ്ങള്‍ എത്തിയതെന്നും ഇവര്‍ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.