
ന്യൂഡല്‍ഹി: ഗുലാം നബി ആസാദിന് പത്മഭൂഷണ്‍ നല്‍കിയതിന് പിന്നാലെ സ്വന്തം പാര്‍ട്ടിയെ പരിഹസിച്ച്
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പൊതുജീവിതത്തിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ രാജ്യം അംഗീകരിക്കുമ്പോള്‍ കോണ്‍ഗ്രസിന് അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം പറഞ്ഞു.
ഗുലാം നബി ആസാദിന് പദ്മ ഭൂഷണ് ലഭിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ ഭായ്ജാന്- സിബല്‍ ട്വീറ്റ് ചെയ്തു.
Ghulam Nabi Azad conferred Padam Bhushan
Congratulations bhaijan
Ironic that the Congress doesn’t need his services when the nation recognises his contributions to public life
— Kapil Sibal (@KapilSibal) January 26, 2022
കോണ്‍ഗ്രസ് നേതൃത്വത്തെയും സംഘടനാ സംവിധാനത്തെയും ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച 23 കോണ്‍ഗ്രസ് നേതാക്കളില്‍ ഉല്പ്പെട്ടവരാണ് കപില്‍ സിബലും ഗുലാം നബി ആസാദും.
കപില്‍ സിബലിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും ഗുലാം നബി ആസാദിന് അഭിനന്ദനവുമായി രംഗത്തെത്തി. എതിര്‍ചേരിയിലുള്ള ഒരു സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ പൊതുസേവനത്തിന് ഒരാള്‍ അംഗീകരിക്കപ്പെടുക എന്നത് വളരെയധികം അഭിനന്ദനമര്‍ഹിക്കുന്നതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം, ഗുലാംനബി ആസാദ് പത്മ പുരസ്കാരം സ്വീകരിച്ചതില്‍ പരോക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ജയറാം രമേശ് രംഗത്തെത്തിയിരുന്നു. പുരസ്കാരം നിരസിച്ച പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തിരുന്നു.
‘ബുദ്ധദേബ് ചെയ്തത് ഉചിതമായ കാര്യമാണ്. അടിമയാവാനല്ല, സ്വതന്ത്രനാവാനാണ് ബുദ്ധദേബ് ആഗ്രഹിക്കുന്നതെന്ന് പുരസ്കാരം തിരസ്കരിച്ചു കൊണ്ടുള്ള തീരുമാനം വ്യക്തമാക്കുന്നു,’ എന്നായിരുന്നു
ജയറാം രമേശിന്റെ ട്വീറ്റ്.