
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ സഊദി അറേബ്യയെ പിന്നിലാക്കി ഇറാഖ് മുമ്പില്‍. ബസറയില്‍ നിന്ന് ഇന്ത്യയിലേക്ക് കുറഞ്ഞവിലയ്ക്ക് എണ്ണയെത്താന്‍ തുടങ്ങിയതാണ് ഇറക്കുമതി വര്‍ധിച്ചത്.
ഏപ്രിലില്‍ ഇറാഖില്‍ നിന്നുള്ള ഇറക്കുമതി ദിനേന ഒരു മില്യണ്‍ ബാരല്‍ എന്ന നിലയിലെത്തി. ഇതാദ്യമായാണ് ഇത്രയും ഇന്ധനം ഇറാഖില്‍ നിന്ന് ഇന്ത്യയിലെത്തുന്നത്. ഒരു വര്‍ഷം മുമ്പത്തേതിനേക്കാള്‍ എട്ടു ശതമാനം അധികമാണിത്.
ഇന്ത്യ പ്രധാനമായും എണ്ണ ഇറക്കുമതി ചെയ്യുന്ന സഊദിയെ മറികടന്നാണ് ഇറാഖിന്റെ നേട്ടം. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക് ഏപ്രിലില്‍ സഊദി വിതരണം ചെയ്തത് ദിനേന 7,50,000 ബാരലാണ്. മുന്മാസങ്ങളില് നിന്ന് അഞ്ചു ശതമാനം കുറവും മുന്‍വര്‍ഷത്തില്‍ നിന്ന് എട്ടു ശതമാനം കുറവുമാണിത്.
ബാരലിന് സഊദി വിലയേക്കാള്‍ ഇറാഖില്‍ നിന്നുള്ള എണ്ണയ്ക്ക് 2.85 ഡോളര്‍ വില കുറച്ചുകിട്ടിയതാണ് ഇറക്കുമതി കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. തോംസണ്‍ റോയിറ്റേര്‍സ് ഓയില്‍ റിസര്‍ച്ച് ആന്റ് ഫോര്‍കാസ്റ്റിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
അതേസമയം, ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ ഇറാന് മൂന്നാം സ്ഥാനത്തെത്തി. വെനസ്വേലയെ മറികടന്നാണ് ഇറാന് ഈ നേട്ടം കൈവരിച്ചത്. വെനസ്വേല നൈജീരിയയ്ക്കും പിന്നില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.