2022 July 06 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഇറാൻ-യു എസ്  സംഘർഷം: എണ്ണവിപണി കുതിക്കുന്നു

മൂന്നു ദിവസം കൊണ്ട് വർധിച്ചത് ആറു ശതമാനം, ക്രൂഡ് ഓയിൽ ബാരൽ വില എഴുപത് പിന്നിട്ടു.

അബ്‌ദുസ്സലാം കൂടരഞ്ഞി

റിയാദ്: ഇറാനുമായുള്ള അമേരിക്കൻ സംഘർഷം മൂർദ്ധന്യാവസ്ഥയിൽ എത്തിയതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ കുതിപ്പ്. വെള്ളിയാഴ്ച നടന്ന ഇറാൻ ഉന്നത നേതാവിന്റെ കൊലപാതകത്തോടെ ഏതു നിമിഷവും യുദ്ധം പൊട്ടിപുറപ്പെടുമെന്ന അവസ്ഥ ഉടലെടുത്തതിനെ തുടർന്ന് ഇതിനകം അന്താരാഷ്‌ട്ര എണ്ണവിപണിയിൽ ആറു ശതമാനമാണ് വില വർദ്ധിച്ചത്. ഇതോടെ എണ്ണവില ബാരലിന് എഴുപത് ഡോളർ കടന്നു. വർഷം 20 ശതമാനം വർധിച്ചതിനു ശേഷം ഇപ്പോൾ ഘട്ടം ഘട്ടമായി എണ്ണവില വർധിക്കുകയാണ്. ഏതു ഘട്ടത്തിലും എന്ന വില കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് എണ്ണ വിപണിയെന്നും ഇത് മോശമായ സാഹചര്യമാണ് സൂചിപ്പിക്കുന്നതെന്നും സിംഗപ്പൂർ വന്ദ ഇൻസൈറ്റ്സ് സ്ഥാപകൻ വന്ദന ഹരി അഭിപ്രായപ്പെട്ടു.
          ഇറാഖിലെ ബസറയിൽ എണ്ണ ഖനന മേഖലയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ പൗരന്മാർ ഒഴിയുന്നതും വിപണിയെ ബാധിച്ചേക്കും. എണ്ണമേഖലയിലെ അമേരിക്കൻ തൊഴിലാളികൾ പ്രദേശം വിടുന്നത് ഇറാഖിലെ യു എസ് എംബസിയും ഇറാഖ് എണ്ണ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാഖിലെ മുഴുവൻ എണ്ണ ഖനന മേഖലയിലെയും പ്രവർത്തനം സാധാരണ നിലയിലാണെന്ന്‌ ഇറാഖ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ ശത്രു രാജ്യമായി കണക്കാക്കുന്ന സഊദി അറേബ്യയും തങ്ങളുടെ എണ്ണ ഖനന മേഖലകളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

     
        അമേരിക്കയുമായുള്ള ഇറാൻ സംഘർഷം രൂക്ഷമാകാൻ ഇടയുണ്ടെന്നും അതോടെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് തടസ്സപെടുമെന്ന ആശങ്കയാണ് വില വർധിക്കാൻ കാരണം. യു എസ് ആക്രമണ വാർത്ത പുറത്ത് വന്നതിനു പിന്നാലെ അന്ന് മാത്രം രാജ്യാന്തര എണ്ണവിലയിൽ നാല് ശതമാനമാണ് വർദ്ധനവുണ്ടായത്. അന്താരാഷ്‌ട്ര ക്രൂഡ് വില വർദ്ധനവ് ഇന്ത്യയെ സാരമായി ബാധിച്ചേക്കും. ഇന്ത്യയിലേക്ക് എണ്ണയും, ദ്രവീകൃത പ്രകൃതി വാതകവും ഹോര്‍മുസ് വഴിയാണ് എത്തുന്നത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇറാഖ്, സഊദി എന്നിവയില്‍ നിന്നുളള എണ്ണ വരവ് സംഘര്ഷം ബാധിക്കപ്പെടുമെന്നതിനാല്‍ ഇന്ത്യക്ക് ഏറെ ആശങ്കയാണ് സമ്മാനിക്കുന്നത്.                                                                           ഇറാനും ഒമാനുമിടയിലുളള ഹോര്‍മുസ് കടലിടുക്കിലൂടെയാണ് സഊദി, ഇറാഖ്, കുവൈത്ത് തുടങ്ങി എല്ലാ അറബ്‍ രാജ്യങ്ങളടക്കം പ്രതിദിനം 20 ദശലക്ഷത്തിനടുത്ത് ബാരല്‍ എണ്ണ കയറ്റുമതി ചെയ്യുന്നത്. 167 കിലോ മീററര്‍ നീളവും 39 മുതല്‍ 96 കിലോ മീററര്‍ മാത്രം വീതിയുമുളള ഹോര്‍മുസ് കടലിടുക്കിലൂടെയാണ് ഖത്തറില്‍ നിന്നും കൊച്ചിയടക്കുളള സ്ഥലങ്ങളിലേക്ക് എല്‍എന്‍ജി ഉൾപ്പെടെയുള്ള വസ്തുക്കൾ വരുന്നതും. ഇറാനെതിരായ ഏതൊരു ആക്രമണവും അറബ് രാജ്യങ്ങളില്‍ നിന്നുളള എണ്ണകയറ്റുമതിയെ ബാധിക്കുമെന്നത് ഇന്ത്യയെ സംബന്ധിച്ച് ആശങ്കക്കിടം നൽകുന്നതാണ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം ഏർപ്പെടുത്തുകയോ മറ്റേതെങ്കിലും തടസങ്ങൾ സൃഷ്ടിക്കുകയോ ചെയ്‌താൽ ആഗോള എണ്ണകയറ്റുമതിയുടെ 20 ശതമാനം ഇത് നേരിട്ട് ബാധിക്കും. 20 മില്യൺ എണ്ണ കയറ്റുമതിയിൽ തടസം നേടിരുന്നത് നികത്താൻ ഒരു നിലക്കും സാധിക്കുകയുമില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.