2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

അമേരിക്കക്ക് നാശമെന്ന് ഇറാന്‍ പാര്‍ലമെന്റില്‍ മുദ്രാവാക്യം, സി.ഐ.എ ചാരനെന്നാരോപിച്ച് ഉന്നത ഉദ്യോഗസ്ഥനെ ഇറാന്‍ തൂക്കിലേറ്റി; ഇറാന്‍- അമേരിക്ക പ്രശ്‌നം കൂടുതല്‍ വഷളാവുന്നു

തെഹ്‌റാന്‍: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷ സാഹചര്യം വഷളായിവരുന്നതിനിടെ, അമേരിക്കക്ക് നാശം എന്ന് ഇറാന്‍ പാര്‍ലമെന്റില്‍ അംഗത്തിന്റെ മുദ്രാവാക്യം. പാര്‍ലമെന്റ് തുടങ്ങി അമേരിക്കയെ നിശിതമായി വിമര്‍ശിച്ചും ലോകത്തെ യഥാര്‍ത്ഥ ഭീകരരാഷ്ട്രം അമേരിക്കയാണെന്നു വിശേഷിപ്പിച്ചും സ്പീക്കര്‍ അലി ലാരിജാനി നടത്തിയ പ്രസംഗത്തിനു പിന്നാലെയായിരുന്നു മുദ്രാവാക്യം വിളി. പരമാധികാര സ്വതന്ത്ര രാഷ്ട്രങ്ങളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ഭീകരസംഘടനകള്‍ക്ക് ആയുധങ്ങള്‍ നല്‍കുകയും ചെയ്യുന്ന അമേരിക്കയാണ് ലോകത്തെ യഥാര്‍ത്ഥ ഭീകരരാഷ്ട്രം. രാജ്യങ്ങളില്‍ അരക്ഷിതാവസ്ഥയുണ്ടാക്കിയ ശേഷം അവര്‍ പറയുന്നു, നമുക്ക് ചര്‍ച്ചചെയ്യാമെന്ന്- ഇറാന്‍ സ്പീക്കര്‍ പറഞ്ഞു.

വെള്ളിയാഴ്ച ഇറാനെ ആക്രമിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിടുകയും പിന്നാലെ അതു വേണ്ടെന്നുവയ്ക്കുകയും ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെ, ഏതു ആക്രമണവും നേരിടാന്‍ ഇറാന്‍ സജ്ജമാണെന്നും അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഏതുപ്രകോപനത്തിനും കനത്ത പ്രത്യാഘാതം ഉണ്ടാവുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കുകയുമുണ്ടായി. ഇതിനിടെ പാര്‍ലമെന്റില്‍ ഉണ്ടായ അമേരിക്കന്‍ വിരുദ്ധ വികാരം പ്രശ്‌നം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്.

പാശ്ചാത്യപിന്തുണയുള്ള ഷാ പെഹ്ലവി അധികാരമൊഴിഞ്ഞ് ഇറാനില്‍ ഇസ്ലാമിക ഭരണകൂടം നിലവില്‍വരുന്നതില്‍ കലാശിച്ച 1979ലെ വിപ്ലവകാലത്ത് രാജ്യത്ത് പതിവായ മുദ്രാവാക്യമായിരുന്നു അമേരിക്കക്ക് നാശം (ഡെത്ത് ടു അമേരിക്ക) എന്നത്. ഇതിനു സമാന സാഹചര്യമാണ് ഇപ്പോള്‍ രൂപപ്പെട്ടുവരുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.

അതേസമയം, അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എക്ക് വേണ്ടി ചാരവൃത്തി നടത്തിയ പ്രതിരോധ വകുപ്പ് മുന്‍ ഉന്നത ഉദ്യോഗസ്ഥനെ ഇറാന്‍ തൂക്കിലേറ്റി. ജലാല്‍ ഹാജിസവാര്‍ എന്ന ഉദ്യോഗസ്ഥനെ കഴിഞ്ഞയാഴ്ച തെഹ്‌റാനിലെ ജയിലില്‍ തൂക്കിലേറ്റിയതായി ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. ചാരവൃത്തിക്ക് ഉപയോഗിച്ച ഉപകരണം ജലാലിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ചാരവൃത്തി കേസില്‍ ജലാലിന്റെ ഭാര്യയ്ക്ക് 15 വര്‍ഷം തടവും കോടതി ശിക്ഷിച്ചിട്ടുണ്ട്. 2016ല്‍ യു.എസിന് വേണ്ടി ചാരവൃത്തി നടത്തിയ ആണവ ശാസ്ത്രജ്ഞനെ ഇറാന്‍ തൂക്കിലേറ്റിയിരുന്നു. പടിഞ്ഞാറുമായി നിരന്തരം ഏറ്റുമുട്ടലിന്റെ പാതയിലുള്ള ഇറാനില്‍, ചാരവൃത്തി തെളിയിക്കപ്പെട്ടാല്‍ വധശിക്ഷ ഉറപ്പാണ്.

Iran Lawmakers Chant ‘Death To America’ In Parliament As Tensions Rise


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.