ടെഹ്‌റാൻ: നവംബർ മുതൽ ഇറാനിൽ 650 പെൺകുട്ടികൾക്കെങ്കിലും വിഷബാധയേറ്റതായി റിപ്പോർട്ട്. വിഷബാധയേറ്റെങ്കിലും പെൺകുട്ടികൾ എല്ലാവരും സൂരക്ഷിതമാണെന്നാണ് ലഭ്യമായ വിവരം. എന്നാൽ നിരവധി പേർക്ക് വിവിധങ്ങളായ അസുഖങ്ങൾ ഉള്ളതായും റിപ്പോർട്ട് ഉണ്ട്.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ഓക്കാനം, തലകറക്കം, ക്ഷീണം എന്നിവയാണ് മിക്കവരിലും കാണപ്പെടുന്നത്. നവംബർ 30-ന് ഇറാനിലെ നഗരമായ കോമിലെ നൂർ ടെക്‌നിക്കൽ സ്‌കൂളിലെ 18 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ആദ്യത്തെ വിഷബാധ റിപ്പോർട്ട് ചെയ്തത്.
അതിനുശേഷം, ചുറ്റുമുള്ള പ്രവിശ്യയിൽ പത്തിലധികം പെൺകുട്ടികളുടെ സ്കൂളുകളിലും ഇത്തരം അണുബാധ കണ്ടെത്തി. പടിഞ്ഞാറൻ പ്രവിശ്യയായ ലോറെസ്താനിലെ ബോറുജെർഡ് നഗരത്തിലെ നാല് സ്‌കൂളുകളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 194 പെൺകുട്ടികളെങ്കിലും വിഷ ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ടത്.
വിഷബാധയേറ്റ പെൺകുട്ടികൾ അസുഖം വരുന്നതിന് മുമ്പ് ചീഞ്ഞ മത്സ്യത്തിന്റെ ഗന്ധം പോലുള്ള വസ്തു മണത്തതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, പെൺകുട്ടികളുടെ സ്‌കൂളുകൾ പൂട്ടാൻ വേണ്ടിയുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത് എന്ന ആരോപണവും ശക്തമാണ്.
“എല്ലാ സ്കൂളുകളും, പ്രത്യേകിച്ച് പെൺകുട്ടികളുടെ സ്കൂളുകളും അടച്ചുപൂട്ടണമെന്ന് ചിലർ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമായിട്ടുണ്ട്,” ഡെപ്യൂട്ടി ആരോഗ്യമന്ത്രി ഞായറാഴ്ച പറഞ്ഞു.
“ഇതൊരു യുദ്ധമാണ്!” ഒരു സ്ത്രീ പറയുന്നു. “ഞങ്ങളെ വീട്ടിൽ ഇരിക്കാൻ നിർബന്ധിക്കുന്നതിനാണ് അവർ കോമിലെ ഗേൾസ് ഹൈസ്‌കൂളിൽ ഇത് ചെയ്യുന്നത്. പെൺകുട്ടികൾ വീട്ടിലിരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു.”
സംഭവത്തിൽ ഈ മാസം ആദ്യം കോമിലെ ഗവർണറുടെ ഓഫീസിന് പുറത്ത് പ്രതിഷേധവുമായി നിവധിപ്പേർ എത്തിയിരുന്നു. എങ്കിലും വിഷയത്തിൽ ഇതുവരെയും നടപടി ഒന്നും ഉണ്ടായിട്ടില്ല.
Comments are closed for this post.