
അബൂദബി: ഒടുവില്‍ കൊവിഡിനെ അതിജീവിച്ച് തുടങ്ങിയ ഐ.പി.എല്ലില്‍ വരവറിയിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. മുംബൈ ഇന്ത്യന്‍സിനെതിരേ നടന്ന ഉദ്ഘാടന മത്സരത്തില്‍ അഞ്ചു വിക്കറ്റിനാണ് ചെന്നൈയുടെ ജയം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റിന് 162 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ചെന്നൈ 19.2 ഓവറില്‍ അഞ്ചിന് 163 റണ്‍സെടുത്ത് ആദ്യ വിജയം സ്വന്തമാക്കി. ഇന്ത്യന്‍ ദേശീയ ടീമില്‍ നിന്ന് തഴയപ്പെട്ട് വിരമിക്കല്‍ വക്കിലെത്തിയ അമ്പാട്ടി റായുഡുവിന്റെയും(48 പന്തില്‍ 71) ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡു പ്ലെസിസിന്റെയും (44 പന്തില്‍ പുറത്താവാതെ 55) അര്‍ധ സെഞ്ചുറികളാണ് ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായത്. ചെന്നൈ നിരയില്‍ ഇറങ്ങിയ മറ്റാര്‍ക്കും തിളങ്ങാനായില്ല. മുരളി വിജയ്, (1), വാട്ണ്(4), ജഡേജ(10), സാം കുറാന് (18) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. മാസങ്ങള്‍ക്ക് ശേഷം മുന്‍ ദേശീയ നായകന് എം. എസ് ധോണി ഇറങ്ങിയെങ്കിലും രണ്ട് പന്തില്‍ റണ്‍സൊന്നും എടുക്കാതെ താരം പുറത്താവാതെ നിന്നു. മുംബൈ നിരയില്‍ ട്രെന്റ് ബോള്‍ട്ട്, ജെയിംസ് പാറ്റിന്സണ്, ജസ്പ്രീത് ബുംറ, ക്രുണാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ, രാഹുല്‍ ചഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
സൂപ്പര്‍ താരങ്ങളെല്ലാം ഇന്നലെ ആദ്യ ഇലവനില്‍ ഇടം പിടിച്ചു. ക്രിസ് ലിന്നിനെ പുറത്തിരുത്തിയാണ് മുംബൈ അന്തിമ ഇലവനെ പ്രഖ്യാപിച്ചത്. മലയാളി കെ.എം ആസിഫിന് ചെന്നൈയുടെ ആദ്യ ഇലവനില്‍ അവസരം ലഭിച്ചില്ല.ആദ്യ ബാറ്റിങ്ങിനിറങ്ങിയ മുംബൈ ടീമില്‍ 31 പന്തില്‍ 42 റണ്‍സെടുത്ത സൗരഭ് തിവാരിയാണ് ടോപ് സ്കോറര്‍. ഓപ്പണിങ്ങില്‍ ഇറങ്ങിയ നായകന് രോഹിത് ശര്‍മയും ക്വിന്റണ്‍ ഡി കോക്കും ചേര്‍ന്ന് മുംബൈക്ക് മികച്ച തുടക്കമാണ് നല്‍കിയത്. സ്കോര്‍ 46ല്‍ നില്‍ക്കേ രോഹിത് ശര്‍മയെ(10 പന്തില്‍ 12) സാം കറന്റെ കൈയിലെത്തിച്ച് പിയുഷ് ചൗള സീസണിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. അടുത്ത ഓവറില്‍ ഡി കോക്കും പുറത്ത്. 20 പന്തില്‍ 33 റണ്‍സെടുത്ത താരത്തെ ടോം കറന് വാട്സന്റെ കൈയിലെത്തിച്ചു. പിന്നീട് സൗരഭ് തിവാരിയും സൂര്യകുമാര്‍ യാദവും(16 പന്തില്‍ 17) ചേര്‍ന്ന് ടീമിന്റെ ദൗത്യം ഏറ്റെടുത്തു. ഇരുവരും അഞ്ചോവറില്‍ 42 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ യാദവിനെ പുറത്താക്കി ദീപക് ചഹര്‍ കൂട്ട് പൊളിച്ചു. പിന്നാലെയെത്തിയ ഹര്‍ദിക് പാണ്ഡ്യ (10 പന്തില്‍ 14 )തുടക്കത്തില്‍ തന്നെ രണ്ട് സിക്സറുകള്‍ പറത്തി അപകടകാരിയാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും മുംബൈക്ക് പിടികൊടുത്ത് മടങ്ങി. പൊള്ളാര്‍ഡ് (14 പന്തില്‍ 18), ക്രുണാല്‍ പാണ്ഡ്യ( മൂന്ന്), ജെയിംസ് പാറ്റിസണ് (11), ട്രെന്റ് ബോള്‍ട്ട് (0), ബുംറ(5) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. ചെന്നൈക്കായി ലുങ്കി എന്‍ഗിഡി മൂന്നും ദീപക് ചഹറും ജഡേജയും രണ്ട് വീതവും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സാം കറന്, പിയൂഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റും നേടി.