2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യു.എസ് ബാങ്ക് മേധാവിയില്‍ നിന്ന് തൃണമൂലിന്റെ തീപ്പൊരി നേതാവിലേക്ക്; ഹൈ പ്രൊഫൈല്‍ കരിയര്‍ ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ സജീവമായ മഹുവ മൊയ്ത്രയുടെ ചരിത്രം ഇങ്ങനെ

യു.എസ് ബാങ്ക് മേധാവിയില്‍ നിന്ന് തൃണമൂലിന്റെ തീപ്പൊരി നേതാവിലേക്ക്; ഹൈ പ്രൊഫൈല്‍ കരിയര്‍ ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ സജീവമായ മഹുവ മൊയ്ത്രയുടെ ചരിത്രം ഇങ്ങനെ

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ യാതൊരു രാഷ്ട്രീയബന്ധവുമില്ലാത്ത കുടുംബത്തില്‍ ജനനം, അമേരിക്കയില്‍ ഉപരിപഠനം, ശേഷം അമേരിക്കയിലെ മുന്‍നിര ബാങ്കായ ജെ.പി മോര്‍ഗന്റെ വൈസ് പ്രസിഡന്റ് പദവി, ഹൈ പ്രൊഫൈല്‍ ജോലി രാജിവച്ച് ഇന്ത്യയില്‍ തിരിച്ചെത്തി രാഷ്ട്രീയ പ്രവേശനം, കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യുവനിരയുടെ കോര്‍ ടീമില്‍, ഒരുവര്‍ഷത്തിന് ശേഷം രാജിവച്ച് തൃണമൂലില്‍ ചേര്‍ന്ന് മമതയുടെ വലംകൈ, പിന്നീട് രണ്ടരലക്ഷം ഭൂരിപക്ഷത്തോടെ ലോക്‌സഭയില്‍… ഒടുവിലിപ്പോള്‍ എം.പിസ്ഥാനം റദ്ദാക്കുമ്പോള്‍, കണ്ണഞ്ചിപ്പിക്കുന്ന ജീവ ചരിത്രമുള്ള മഹുവ മോയിത്രയുടെ ഇനിയുള്ള ജീവിതം എന്താകുമെന്ന് എല്ലാവരും ഉറ്റുനോക്കുകയാണ്.

ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള അസമിലെ കച്ചാര്‍ ജില്ലയില്‍ 1975 മെയിലാണ് മഹുവയുടെ ജനനം. ബംഗാളിലും അസമിലുമായി പഠിച്ച് വളര്‍ന്നു. ഉപരിപഠനം യു.എസില്‍. മസാചുസെറ്റ്‌സ് കോളജില്‍ നിന്ന് കണക്കും സാമ്പത്തിക ശാസ്ത്രവുംപഠിച്ചു. പഠനശേഷം അമേരിക്കയില്‍ തന്നെ ജോലിയും തുടങ്ങി. പത്തുവര്‍ഷത്തിലധികമാണ് യു.എസില്‍ ജോലിചെയ്തത്. 2009ല്‍ ജെ.പി മോര്‍ഗന്‍ ചെയ്‌സ് പോലുള്ള സാമ്പത്തിക സ്ഥാപനത്തില്‍ വൈസ് പ്രസിഡന്റ് എന്ന ഗ്ലാമര്‍ ജോലി ഉപേക്ഷിച്ചാണ് മഹുവ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് യാതൊരു മുന്‍പരിചയവുമില്ലാതെ കാലെടുത്ത് വച്ചത്. ആദ്യം കോണ്‍ഗ്രസില്‍ ചേര്‍ന്നു.

പതിവ് രാഷ്ട്രീയക്കാരുടെ ‘ലാളിത്യം’ നിറഞ്ഞ ശരീര ഭാഷയില്‍നിന്ന് ഭിന്നമായിരുന്നു മഹുവ. വില കൂടിയ ഫെര്‍ഗാമോ ഷൂവും ലൂയി വുറ്റോണ്‍ ഹാന്‍ഡ്ബാഗും അത്യാകര്‍ഷകമായി അണിഞ്ഞ ഹാന്‍ഡ്‌ലൂം സാരിയും സണ്‍ ഗ്ലാസും മേക്കപ്പുമണിഞ്ഞ് മാത്രമെ മഹുവ പൊതുമധ്യത്തില്‍ ഇറങ്ങൂ.

   

2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കരിംപുരില്‍ മഹുവയുടെ പേര് പ്രഖ്യാപിക്കുമ്പോള്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ഞെട്ടി. അവരെ ഒതുക്കാനുള്ള മമതയുടെ നീക്കമാകാം അതെന്ന് വരെ സംസാരമുണ്ടായി. മേക്കപ്പണിഞ്ഞ മഹുവയെപ്പോലൊരു പരിഷ്‌കാരിയെ തനി ഗ്രാമീണരായ കരിംപൂരുകാര്‍ സ്വീകരിക്കുമോയെന്ന ആശങ്ക പലരും പങ്കുവച്ചു. എന്നാല്‍ ഉള്‍നാടന്‍ പ്രദേശത്ത് തമ്പടിച്ച് ജനങ്ങളുമായി നേരിട്ട് അവര്‍ സംസാരിച്ചു. ഫലംവന്നപ്പോള്‍, മണ്ഡലം ആദ്യമായി തൃണമൂലിന് വഴിമാറി. മഹുവയുടെ ഈ മിടുക്ക് കണ്ടാണ് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് എം.എല്‍.എ ആയിരിക്കെ തന്നെ അവരെ ലോക്‌സഭയിലേക്കും മത്സരിപ്പിച്ചത്. കൃഷ്ണനഗര്‍ പിടിച്ചെടുത്ത് മമതയുടെ വിശ്വാസം അവര്‍ വീണ്ടും കാത്തു.

പാര്‍ലമെന്റില്‍ നടത്തിയ ആദ്യ പ്രസംഗം തന്നെ സൂപ്പര്‍ ഹിറ്റായി. ‘സഭീ കാ ഖൂന്‍ ഹേ ശാമില്‍ യഹാ കാ മിട്ടീ മേ.. കിസീ കാ ബാപ് കാ ഹിന്ദുസ്ഥാന്‍ തോഡീ ഹേ..’ (എല്ലാ വിഭാഗം ജനങ്ങളുടേയും രക്തം ഈ മണ്ണിലുണ്ട്.. ആരുടേയും അച്ഛന്റെ സ്വത്തല്ല ഹിന്ദുസ്ഥാന്‍) എന്ന കവിത ചൊല്ലിയാണ് അന്നത്തെ പ്രസംഗം അവസാനിപ്പിച്ചത്. ഇന്നലെ ലോക്‌സഭാംഗത്വം റദ്ദാക്കുന്നത് വരെ മഹുവ ഈ ആവേശം കാത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.