2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജീവനെടുത്ത് വീണ്ടും ഗെയിം ലഹരി; കൗമാരങ്ങളുടെ ഓര്‍മശക്തിയെയും അപകടത്തിലാക്കുന്നു

ഗെയിം കളിച്ചതിനു മാതാവ് വഴക്കു പറഞ്ഞ വിദ്യാര്‍ഥി ജീവനൊടുക്കി. കരുനാഗപള്ളിയിലാണ് സംഭവം. ഇന്ന് ആദിത്യന്‍, ഇന്നലെ ജുമാന, പട്ടാമ്പി പരിസരത്തെ ഒരു കൗമാരക്കാരന്റെ മരണവും ഇത്തരത്തിലായിരുന്നു. കുട്ടികളുടെ പേരുകള്‍ മാത്രമേ മാറുന്നുള്ളൂ. അവരനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം ഒരേ മുഖം തന്നെയാണ്. ഇത്തരം അനുഭവങ്ങള്‍ തുടര്‍ക്കഥയാകുകയാണ്.

2018 മുതല്‍ ലോകാരോഗ്യ സംഘടനയില്‍ ഗെയിമിങ് അഡിക്ഷനെ മാനസികാരോഗ്യപ്രശ്‌നങ്ങളുടെ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. പബ്ജിയായിരുന്നു അന്ന് അതിന്റെ പേര്. അതിന് നിരോധനം വന്നുവെങ്കിലും മറ്റു പേരുകളില്‍ ഇന്നും ഇത്തരം ഗെയിം ലഭ്യമാണ്. ഇത് കൂടുതല്‍ അപകടകാരിയാകുന്നത് അതുണ്ടാക്കുന്ന മാനസികപ്രശ്‌നങ്ങള്‍ മൂലമാണ്.

സ്ഥിരമായി ഇത്തരം ഗെയിം കളിക്കുമ്പോള്‍ തലച്ചോറില്‍ ഡോപമീന്‍ എന്ന രാസപദാര്‍ത്ഥത്തിന്റെ അളവ് കൂടും. ഗെയിമില്‍ മുന്നോട്ട് പോകാന്‍ എതിരാളികളായ 99 പേരെ കൊല്ലണം.
ഓരോരുത്തരേയും കൊല്ലുംതോറും കളിയുടെ ത്രില്‍ വര്‍ധിക്കുന്നു. പിന്നീട് ഈ ത്രില്‍ കൂടാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് കുട്ടികള്‍ എത്തിച്ചേരും.

ഇതില്‍ നിന്ന് ലഭിക്കുന്ന ഉന്മാദമാണ് കുട്ടികളെ അടിമകളാക്കുന്നത്. ചിലര്‍ക്ക് മയക്കുമരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ കിട്ടുന്ന തരത്തിലുള്ള കിക്ക് ഇത്തരം കളികളിലൂടെ ലഭിക്കുന്നു. കൗമാരത്തില്‍ തന്നെ അക്രമവാസനയും കൊലപാതകവാസനയും ഉടലെടുക്കുന്നതിനും ഇത് കാരണമാകുന്നു കുട്ടികളുടെ ഓര്‍മശക്തിയെ ഇത്തരം ഗെയിമിങ് സാരമായി ബാധിക്കും. പഠനത്തില്‍ ഏകാഗ്രതയും നഷ്ടമാകും.

അറ്റന്‍ഷന്‍ ഡെഫിസിറ്റി ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍(എ.ഡി.എച്ച്.ഡി) ഉള്ള കുട്ടികള്‍ ഇത്തരം ഗെയിമുകള്‍ക്ക് അടിമപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ ഹൈപ്പര്‍ ആക്ടീവായ കുട്ടികള്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ സാധിക്കില്ല.
ഗെയിമിന്റെ ലോകത്ത് മുഴുകിപ്പോകുന്ന കുട്ടികള്‍ പതിയെ പുറംലോകവുമായുള്ള ബന്ധം കുറയും. ഏത് കാര്യത്തിലും സമൂഹത്തില്‍ നിന്ന് ഉള്‍വലിഞ്ഞ് നില്‍ക്കാനാണ് ഇവര്‍ക്ക് താല്‍പര്യം. പഠനം, കുടുംബം, സൗഹൃദം, എന്നിങ്ങനെ സര്‍വമേഖലകളിലും കുട്ടികള്‍ പിന്നോട്ടുപോകും.

എതിരാളികളെ കൊല്ലുന്നതിനൊപ്പം സ്വന്തം ജീവന്‍ സംരക്ഷിക്കണമെന്ന ചിന്ത ഹൈപ്പര്‍ ടെന്‍ഷന്‍ സൃഷ്ടിക്കും.
മള്‍ട്ടി ടാസ്‌കിങ് ഗെയിമില്‍ ഒരേസമയം പല കാര്യങ്ങള്‍ നിയന്ത്രിക്കേണ്ടി വരും. തുടര്‍ച്ചയായി കളിക്കുമ്പോള്‍ കയ്യിലെ മസിലുകള്‍ വലിയുന്നതു മൂലം കൈക്കുഴയ്ക്ക് കഠിനമായ വേദന ഉണ്ടാകുന്നു.
ഭക്ഷണം കഴിക്കുന്നത് പോലും കളിയോടൊപ്പമായത് അമിതവണ്ണത്തിലേക്ക് നയിക്കും.
മൊബൈലില്‍ കണ്ണുനട്ട് ഒരേരീതിയില്‍ ഇരിക്കുമ്പോള്‍ കാഴ്ച പ്രശ്‌നങ്ങളും കഴുത്തുവേദനയും പുറംവേദനയും ഉണ്ടാകും.

ഗെയിം എന്ന ലഹരി

മറ്റ് ഗെയിമുകളില്‍ ഓരോ ലെവല്‍ പൂര്‍ത്തിയാക്കി നമ്മള്‍ അടുത്തതിലേക്ക് പോകുന്നു. കുറെ ലെവലുകള്‍ കഴിയുമ്പോള്‍ നമുക്ക് വല്ലാതെ മടുപ്പ് തോന്നും. പബ്ജിക്കു സമാനമായ കളിയില്‍ അടുത്ത ലെവല്‍ എന്നൊന്നില്ല. ഒരേ കളിതന്നെയാണ് വീണ്ടും കളിക്കുന്നത്. നൂറുപേര്‍ അടങ്ങുന്ന സര്‍വൈവല്‍ ഗെയിം. ഓരോ തവണയും കൊല്ലപ്പെടാതെ അവസാനം വരെ നില്‍ക്കാനുള്ള ശ്രമമാണ്. ഒരു കളിയില്‍ നേരത്തെ പുറത്തായാല്‍ വീണ്ടും ജയിക്കുന്നതു വരെ വാശിയോടെ കളിച്ചുകൊണ്ടേയിരിക്കും. അതേസമയം ജയിച്ചാലോ അതിന്റെ ത്രില്ലിലാകും കളി തുടരുന്നത്. ഒരു കളി പൂര്‍ത്തിയാക്കാന്‍ 25 മുതല്‍ 45 മിനിറ്റ് സമയം വേണം.

കുട്ടികള്‍ക്ക് കളിക്കാന്‍ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവ കൊടുക്കാതിരിക്കുക. ചെറിയ കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ക്കൊപ്പം ഇരിക്കുക. അവര്‍ ഫോണില്‍ എന്താണ് ചെയ്യുന്നതെന്ന് കൃത്യമായി അറിയുക.. അടച്ചിട്ട മുറിയിലിരുന്നുള്ള മൊബൈല്‍ ഉപയോഗം പ്രോത്സാഹിപ്പി ക്കാതിരിക്കുക.
വീട്ടില്‍ വൈഫൈ സൗകര്യം ഉണ്ടെങ്കില്‍ പാസ്‌വേഡ് ഉപയോഗിച്ച് ലോക് ചെയ്തു വയ്ക്കുക. ആവശ്യമുള്ളപ്പോള്‍ മാത്രം തുറന്നു നല്‍കിയാല്‍ മതിയാകും.

മക്കളുടെ സുഹൃത്തുക്കളും അവരുടെ മാതാപിതാക്കളുമായി നല്ല സൗഹൃദം സ്ഥാപിക്കുക. രണ്ടു മാസത്തിലൊരിക്കലെങ്കിലും മക്കളുടെ സ്‌കൂളില്‍ പോയി അധ്യാപകരെ കാണുക. പഠനത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും കൃത്യമായി മനസ്സിലാക്കുക.
കുട്ടിക്ക് ബോധവത്കരണം നല്‍കാന്‍ സാധിക്കുന്ന ഒരു മെന്ററെ കണ്ടെത്തുക. അവര്‍ക്ക് ബഹു മാനവും പേടിയുമുള്ള കുടുംബത്തിലെ മുതിര്‍ന്നവരുടെ സഹായം തേടാവുന്നതാണ്. ആവശ്യമെങ്കില്‍ മന:ശാസ്ത്രജ്ഞര്‍, മനോരോഗ വിദഗ്ധര്‍ എന്നിവരെ സമീപിച്ച് കൗണ്‍സിലിങ്ങിന് വിധേയമാക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News