2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇന്ധന വില പോലെ നിത്യേനെ പ്രിന്റിംഗ് സാമഗ്രികള്‍ക്കും വിലക്കയറ്റം; അച്ചടി മേഖല കടുത്ത പ്രതിസന്ധിയില്‍

കോഴിക്കോട്: ഇന്ധനവില പോലെ പ്രിന്റിംഗ് മേഖലയിലും വില കുതിക്കുന്നു. ന്യുസ് പ്രിന്റിനു മാത്രമല്ല പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന ബുക്ക് പ്രിന്റടക്കമുള്ളവയ്ക്കും വിപണിയില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. പ്രിന്റിംഗിനുപയോഗിക്കുന്ന പ്ലെയ്റ്റ്, മഷി, കോപ്പിയര്‍ പേപ്പര്‍, പ്രിന്റിംഗ് പേപ്പര്‍, ആര്‍ട്ട് പേപ്പര്‍ എന്നിവയ്ക്ക് രണ്ടാഴ്ചക്കകം മൂന്നിരട്ടിയിലധികം വിലയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ പ്രിന്റിംഗ് പ്രസുകള്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
പുസ്തക പ്രിന്റിംഗിനുപയോഗിക്കുന്ന ബുക്ക് പ്രിന്റ് പേപ്പറിനു കടുത്തക്ഷാമമുണ്ട്. പ്ലെയിറ്റുകള്‍ മുംബൈയില്‍ നിന്ന് കൂടിയ വിലക്കാണെത്തിക്കുന്നത്. അലൂമിനിയത്തിന്റെ ക്ഷാമമാണ് പ്ലെയിറ്റിനു വിലകൂടാന്‍ കാരണമായി പറയുന്നത്. പേപ്പറിന് കഴിഞ്ഞ ഒന്നാം തീയതിമാത്രം കിലോക്ക് എട്ടു രൂപ കൂടി. ഒരു റീം പേപ്പറിന് മുന്നൂറ് രൂപയുടെ വര്‍ധന. ഇന്ധന കമ്പനികളെ പോലെ പേപ്പര്‍ മില്ലുടമകളും ദിവസവും വില കൂട്ടികൊണ്ടേയിരിക്കുകയാണ്.
കൊവിഡ് പ്രതിസന്ധിക്കു ശേഷമാണ് പ്രിന്റിംഗ് മേഖലയുടെ തകര്‍ച്ച തുടങ്ങിയത്. പ്രസുകള്‍ അടച്ചിട്ടതോടെ പുതിയ പേപ്പറുകള്‍ക്കും അനുബന്ധ സാമഗ്രികള്‍ക്കും പ്രസുടമകള്‍ ഓര്‍ഡറുകള്‍ നല്‍കിയിരുന്നില്ല. 2020 ഏപ്രിലോടെയാണ് മില്ലുടമകള്‍ക്ക് പേപ്പറിന് ഓര്‍ഡര്‍ നല്‍കേണ്ടിയിരുന്നത്. ഇതു നല്‍കാത്തതിനാല്‍ മില്ലുടമകളും ഉദ്പാദനം കുറച്ചതാണ് കടുത്ത പ്രതിസന്ധിക്കിടയാക്കിയതെന്ന് പ്രസ് ഉടമകള്‍ പറയുന്നു.
ചെറുകിട പ്രസുകളില്‍ നോട്ടിസുകളും പോസ്റ്ററുകളും പ്രിന്റിംഗ് വളരെ കുറഞ്ഞിരുന്നു. വാട്‌സാപ്പും സോഷ്യല്‍ മീഡിയകളും സജീവമായപ്പോള്‍ ആശയ പ്രചാരണത്തിന് നോട്ടിസും പോസ്റ്ററും വേണ്ടാത്ത സ്ഥിതിയായി. ഓണം, വിഷു, പെരുന്നാള്‍ തുടങ്ങിയ ഓഫറുകളുടെ കാലത്തുപോലും നോട്ടിസോ പോസ്റ്ററുകള്‍ക്കോ ഓര്‍ഡര്‍ കിട്ടാത്ത അവസ്ഥവന്നു. ഇതിനിടയിലാണ് വല്ലപ്പോഴും കിട്ടിയിരുന്ന വര്‍ക്കുകളേയും വിലക്കയറ്റം പ്രതിസന്ധിയിലാക്കുന്നതെന്ന് കോഴിക്കോട്ടെ ചിന്നു പ്രിന്റേഴ്‌സ് ഉടമ സന്തോഷ് കുമാര്‍ സുപ്രഭാതത്തോട് പറഞ്ഞു.
പല പ്രസുകളിലും പുതിയ പ്രിന്റിംഗ് വര്‍ക്കുകള്‍ നിര്‍ത്തിവെക്കേണ്ട സ്ഥിതിയിലാണ്. പെട്രോളിനും ഡീസലിനും വില കൂടുന്നതുപോലെയാണ് പേപ്പറിനും അനുബന്ധ സാമഗ്രികള്‍ക്കും വില ഉയരുന്നത്. ഇതനുസരിച്ച് പ്രിന്റിംഗ് ചാര്‍ജിലും മാറ്റം വരുത്തേണ്ടി വരികയാണെന്നും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും മിക്ക പ്രസുകള്‍ക്കു മുമ്പിലും ബോര്‍ഡ് വെച്ചിരിക്കുകയാണിപ്പോള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.