2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അടിയന്തരാവസ്ഥ അതൊരു വലിയ തെറ്റായിരുന്നു: ഇന്ദിരാ ഗാന്ധിയെ തള്ളിപ്പറഞ്ഞ് രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: മുത്തശ്ശി ഇന്ദിരാ ഗാന്ധി ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയെ തള്ളിപ്പറഞ്ഞ് രാഹുല്‍ ഗാന്ധി. അതേ, തീര്‍ച്ചയായും അതൊരു വലിയ തെറ്റ് തന്നെയായിരുന്നു- കോര്‍ണല്‍ യൂനിവേഴ്‌സിറ്റിയില്‍ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൗശിക് ബസുവുമായുള്ള സംവാദത്തിനിടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ഇതാദ്യമായാണ് രാജ്യ ചരിത്രത്തില്‍ കോണ്‍ഗ്രസ് ഏറ്റവുമധികം വിമര്‍ശിക്കപ്പെടാനിടയായ അടിയന്തരാവസ്ഥയെ ഒരു മുതിര്‍ന്ന പാര്‍ട്ടി നേതാവ് തള്ളിപ്പറയുന്നത്.

ഞാന്‍ കരുതുന്നത് അതൊരു തെറ്റ് തന്നെയാണെന്നാണ്. മുത്തശ്ശിയും അങ്ങനെ പറഞ്ഞിട്ടുണ്ട്. പക്ഷേ ഇന്ത്യയുടെ ഭരണഘടനാ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ല, അതിന് കഴിയുമായിരുന്നിട്ട് കൂടി. അങ്ങനെ ചെയ്യാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഘടന അനുവദിക്കുന്നില്ല. 1975ലെയും ഇപ്പോഴത്തെയും സംഭവങ്ങള്‍ അടിസ്ഥാനപരമായി തന്നെ വ്യത്യാസമുണ്ട്. ആര്‍.എസ്.എസ് ഇപ്പോള്‍ എന്താണ് ചെയ്യുന്നത്? രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ഓരോന്നായി പിടിച്ചെടുക്കുകയാണ്.
തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പിയെ പരാജയപ്പെടുത്തിയാല്‍ തന്നെ രാഷ്ട്ര സ്ഥാപനങ്ങളിലെ ആര്‍.എസ്.എസ്സിന്റെ സ്വാധീനം അത്രവേഗം ഇല്ലാതാക്കാനാവില്ല. തന്റെ ഉത്തരവുകള്‍ അനുസരിക്കാന്‍ ഉദ്യോഗസ്ഥര്‍ വിമുഖത കാണിക്കുകയാണെന്ന മധ്യപ്രദേശിലെ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ പരാതിയും രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു.

സ്ഥാപന സന്തുലിതാവസ്ഥയിലൂടെയാണ് ആധുനിക ജനാധിപത്യം പ്രാവര്‍ത്തികമാവുന്നത്. സ്ഥാപനങ്ങള്‍ വളരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍, ആ സ്വാതന്ത്ര്യമാണ് ആര്‍.എസ്.എസ് ആക്രമിച്ച് ഇല്ലാതാക്കുന്നത്. വളരെ വ്യവസ്ഥാപിതമായാണ് ആര്‍.എസ്.എസിന്റെ ഇടപെടലുകള്‍. ഇതിനെ ജനാധിപത്യം നശിക്കുകയാണെന്ന് പറയാന്‍ കഴിയില്ല, കഴുത്തുഞെരിച്ചുകൊല്ലുകയാണ്. അതിനാല്‍ അന്നത്തെ അടിയന്തരാവസ്ഥയെയും ഇപ്പോഴത്തെ സംഭവങ്ങളെയും തുലനപ്പെടുത്താനാവില്ല- രാഹുല്‍ പറഞ്ഞു.
പിതാവ് രാജീവ് ഗാന്ധിയെ തമിഴ്‌നാട്ടില്‍ വച്ച് തമിഴ്പുലികള്‍ ബോംബാക്രമണത്തിലൂടെ കൊന്നതിനെ കുറിച്ചുള്ള അനുഭവങ്ങളും സംവാദത്തില്‍ രാഹുല്‍ പങ്കുവച്ചു. എനിക്ക് 20 വയസായിരുന്നു അന്ന്. രണ്ടു വര്‍ഷത്തോളം പിതാവിനെ കൊന്നവരോടുള്ള പക എന്നിലുണ്ടായിരുന്നു. അതൊരു ഭാരമായി എനിക്ക് തോന്നിയതോടെ മനസില്‍ നിന്നിറക്കിവച്ചു. എന്തിന് പക എന്ന മറുചോദ്യം മനസില്‍ വന്നു.

പിതാവിനെ കൊന്നയാള്‍ (എല്‍.ടി.ടി.ഇ നേതാവ് പ്രഭാകരന്‍) ശ്രീലങ്കയില്‍ കൊല്ലപ്പെട്ടതിന്റെ ചിത്രങ്ങള്‍ കണ്ടു. സത്യത്തില്‍ വേദനയാണ് അപ്പോള്‍ തോന്നിയത്. എന്റെ പിതാവിനെയാണ് അപ്പോള്‍ ഓര്‍ത്തത്. ഞാന്‍ എന്റെ പിതാവിനെ നോക്കിയപോലെ മറ്റൊരാള്‍ ആ ശരീരത്തെ നോക്കുന്നുണ്ടാവും എന്നെനിക്ക് തോന്നി. സംഘര്‍ഷത്തിന്റെ അര്‍ഥമില്ലായ്മ അന്നെനിക്ക് ബോധ്യമായി.
പ്രഭാകരന്റെ മരണ വാര്‍ത്തയറിഞ്ഞ് പ്രിയങ്കയെ വിളിച്ചു. എന്താണ് തോനുന്നതെന്ന് ചോദിച്ചു. അയാളെ എന്തിനാ ഇങ്ങനെ ചെയ്യുന്നത് എന്നും ചോദിച്ചു. അതുതന്നെയാണ് എനിക്കും പറയാനുള്ളതെന്ന് പ്രിയങ്കയും പറഞ്ഞു- രാഹുല്‍ അനുസ്മരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.