2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

അകാല നര വിഷമിപ്പിക്കുന്നോ..ഇതാ ഒരു പ്രകൃതിദത്ത പരിഹാരം

അകാല നര വിഷമിപ്പിക്കുന്നോ

ഇപ്പോള്‍ വളരെവ്യാപകമായി കാണുന്ന ഒന്നാണ് അകാല നര. ചെറു പ്രായത്തില്‍ തന്നെ മുടിയിഴകളില്‍ വെള്ളിവര കണ്ടു തുടങ്ങുന്നത് പലര്‍ക്കും തെല്ലൊന്നുമല്ല പ്രയാസമുണ്ടാക്കുന്നത്. പഠനം, ജോലി സംബന്ധമായ സമ്മര്‍ദ്ദങ്ങള്‍, ആഹാര രീതി പലതുമാവാം ഇതിന് കാരണം. നര മറയ്ക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ത്ത ഹെയര്‍ ഡൈയില്‍ അഭയം തേടുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ പ്രകൃതിദത്തമായ ഹെയര്‍ ഡൈ ഉപയോഗിക്കുന്നതാണ് മുടിയുടെ ആരോഗ്യത്തിന് നല്ലത്.

ഇങ്ങനെ ധൈര്യമായി ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഇലയാണ് നീലയമരി. പണ്ടുകാലം മുതല്‍ തന്നെ ഈ ഇല അരച്ച് മുടിയില്‍ തേയ്ക്കുകയും ഇതുപയോഗിച്ച് എണ്ണ കാച്ചി ഉപയോഗിക്കുകയും ചെയ്തു വരുന്നു. മുടിയുടെ കറുപ്പ് നിറം വീണ്ടെടുക്കാന്‍ നീലയമരി എങ്ങനെയെല്ലാം ഉപയോഗിക്കാം എന്നു നോക്കാം.

 

ഡൈ തയ്യാറാക്കിയാലോ..

ഡൈ ചെയ്യുന്നതിന് രണ്ട് സ്റ്റെപ്പുകളാണുള്ളത്.

സ്റ്റെപ്1: മൈലാഞ്ചി

ആദ്യം കട്ടന്‍ ചായ തിളപ്പിച്ചെടുക്കുക. അതായത് 1 ഗ്ലാസ് വെള്ളത്തില്‍ തേയിലപ്പൊടിയെടുത്ത് ഇത് ചെറു തീയില്‍ തിളപ്പിച്ച് അര ഗ്ലാസാക്കി മാറ്റാം. ഇത് അല്‍പം കട്ടിയുള്ള മിശ്രിതമായി ലഭിയ്ക്കുന്ന വിധത്തില്‍ തിളപ്പിച്ചെടുക്കുക. ഇത് ചൂടാറുമ്പോള്‍ ഇതിലേയ്ക്ക് ഹെന്ന പൗഡര്‍ അഥവാ മയിലാഞ്ചിപ്പൊടി ചേര്‍ക്കുക. അല്ലെങ്കില്‍ അരച്ച മയിലാഞ്ചി. പിന്നെ ഇതിലേയ്ക്ക് കണ്ടീഷനിങ്‌നായി തൈര് അല്ലെങ്കില്‍ മുട്ട, പകുതി ചെറുനാരങ്ങയുടെ നീര് എന്നിവയും ചേര്‍ക്കാം. ഇത് നല്ലതു പോലെ ചേര്‍ത്തിളക്കുക. ഈ മിശ്രിതം ഒരു രാത്രി മുഴുവന്‍ വെക്കുന്നതാണ് നല്ലത്. പിന്നീട് മുടിയില്‍ നല്ലതുപോലെ തേച്ച് 45 മിനുട്ട് കഴിഞ്ഞ് നന്നായി കഴുകി കളയുക. ഷാംപൂവോ മറ്റൊന്നും തന്നെ ഉപയോഗിയ്ക്കരുത്.

സ്റ്റെപ് 2 നീലയമരി

അടുത്ത ദിവസമാണ് അടുത്ത സ്റ്റെപ്പ് ചെയ്യേണ്ടത്. (മുടി നന്നായി ഉണങ്ങിയ ശേഷവും ചെയ്യാം) ഇതിനായി മുകളില്‍ പറഞ്ഞ അതേ രീതിയില്‍ തേയില വെള്ളം തിളപ്പിച്ചെടുക്കുക. ഇതിലേയ്ക്ക് നീലയമരി പൊടി അഥവാ ഇന്‍ഡിക പൗഡര്‍ ചേര്‍ക്കുക. നീലയമരി ഫ്രഷ് ആയതെങ്കില്‍ ഇലയും പൂവും അരച്ചത് ഇതില്‍ ചേര്‍ത്തിളക്കാം. ഇല്ലെങ്കില്‍ ഇന്‍ഡിക പൗഡര്‍ എന്ന പേരില്‍ അങ്ങാടിയില്‍ നിന്നും ലഭിയ്ക്കും.

ഈ മിശ്രിതം തലയില്‍ പുരട്ടുക. നരച്ച ഭാഗത്ത് നല്ലതു പോലെ കൂടുതല്‍ പുരട്ടാം. 45 മിനുട്ട് മുതല്‍ രണ്ട് മണിക്കൂര്‍ വെച്ച ശേഷം ഇത് കഴുകാം. സാധാരണ വെള്ളത്തില്‍ കഴുകുക. അടുത്ത ദിവസം വേണമെങ്കില്‍ മൈല്‍ഡ് ഷാംപൂ ഉപയോഗിച്ച് കഴുകാം.

മുടിയ്ക്ക് യാതൊരു ദോഷവും വരുത്തില്ലെന്നു മാത്രമല്ല, മുടി വളരാന്‍ സഹായിക്കുന്ന നല്ലൊരു ഡൈ കൂടിയാണിത്. സാധാരണ ഡൈയേക്കാള്‍ കൂടുതല്‍ കറുപ്പു നില നിര്‍ത്തുന്ന ഒന്നുമാണിത്. യാതൊരു പാര്‍ശ്വ ഫലങ്ങളും മുടിയ്‌ക്കോ ചര്‍മത്തിനോ വരുത്തുന്നുമില്ല.മുടിയുടെ ആരോഗ്യത്തെ കേടു വരുത്തുമെന്ന ചിന്തയും വേണ്ട.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.