2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചൈനയിലെ മുസ്‌ലിംകള്‍ക്കായുള്ള തടങ്കല്‍ പാളയങ്ങളെ പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജ മേഘ രാജഗോപാലിന് പുലിറ്റ്‌സര്‍ പുരസ്‌കാരം

 

വാഷിങ്ടണ്‍: മുസ് ലിംകള്‍ക്ക് വേണ്ടി ചൈനീസ് ഭരണകൂടം ഒരുക്കിയ തടങ്കല്‍ പാളയങ്ങളുടെ വിശേഷങ്ങള്‍ പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജ മേഘാ രാജഗോപാലിന് പുലിറ്റ്‌സര്‍ പുരസ്‌കാരം. അന്താരാഷ്ട്ര റിപ്പോര്‍ട്ടിങ് വിഭാഗത്തിലാണ് മേഘയുടെ ‘ഷിന്‍ജിയാങ് പരമ്പര’യ്ക്ക് പുരസ്‌കാരം.

മാധ്യമപ്രവര്‍ത്തനത്തിന് നല്‍കിവരുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പുരസ്‌കാരമാണ് പുലിറ്റ്‌സര്‍. ബസ്ഫീഡ് ന്യൂസിലാണ് മേഘ ജോലി ചെയ്യുന്നത്.

ഷിന്‍ജിയാങ്ങില്‍ 2017 മുതല്‍ മുസ്‌ലിംകളെ പാര്‍പ്പിക്കാനായി കൂറ്റന്‍ തടങ്കല്‍ പാളയങ്ങള്‍ ഉയര്‍ന്നുവന്നതിനെപ്പറ്റിയും തടവുകാരെപ്പറ്റിയുമാണ് മേഘ റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യം മേഘ പുറത്തുകൊണ്ടുവരുമ്പോള്‍ അങ്ങനെയൊന്ന് ഇല്ലെന്നായിരുന്നു ചൈനയുടെ പ്രതികരണം. തുടര്‍ന്ന് മേഘയെ വിലക്കാന്‍ ചൈന ശ്രമം നടത്തി. വിസ റദ്ദാക്കുകയും ചൈനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

എന്നാല്‍ മേഘ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനുള്ള ശ്രമം തുടര്‍ന്നു. ലണ്ടനിലിരുന്ന് ആലിസണ്‍ കില്ലിങ്, ക്രിസ്റ്റോ ബുഷെക്ക് എന്നിവരുടെ സഹായത്തോടെ നിരവധി രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്നു. കെട്ടിടങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ അവലോകനം ചെയ്യുന്നതില്‍ വിദഗ്ധയാണ് ആലിസണ്‍ കില്ലിങ്. ഡാറ്റ ജേണലിസ്റ്റുകള്‍ക്ക് ടൂള്‍സുകള്‍ തയ്യാറാക്കിക്കൊടുക്കുന്ന പ്രോഗ്രാമറാണ് ക്രിസ്‌റ്റോ.


മേഘയുടെ റിപ്പോർട്ടുകള്‍


തുടര്‍ന്ന് ഷിന്‍ജിയാങ്ങിലെ ആയിരക്കണക്കിന് സാറ്റലൈറ്റ് ചിത്രങ്ങള്‍ ഇവര്‍ അവലോകനം ചെയ്യുകയും എവിടെയൊക്കെ തടങ്കല്‍ പാളയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന്റെ സ്വഭാവം എന്താണെന്നും പുറത്തുകൊണ്ടുവരികയും ചെയ്തു. ഉയ്ഗുര്‍, കസാഖികള്‍, മറ്റ് മുസ്‌ലിം ന്യൂനപക്ഷങ്ങളെ എവിടെയൊക്കെയാണ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തലായിരുന്നു ഓരോ പരമ്പരയും.

260 ല്‍ കൂടുതല്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ ഷിന്‍ജിയാങ്ങിലുണ്ടെന്നാണ് ഒടുവില്‍ മൂവരും ചേര്‍ന്ന് കണ്ടെത്തിയത്. ഇതില്‍ ചില കേന്ദ്രങ്ങള്‍ പതിനായിരത്തില്‍ കൂടുതല്‍ പേരെ പാര്‍പ്പിക്കാന്‍ മാത്രം വലുപ്പമുള്ളതാണ്. പത്തു ലക്ഷം പേരെയെങ്കിലും ഇത്തരത്തില്‍ തടവിലാക്കിയിട്ടുണ്ടെന്നാണ് മേഘയുടെ കണ്ടെത്തല്‍.

ചൈനയില്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തിയതോടെ മേഘ അയല്‍രാജ്യമായ കസാഖിസ്ഥാനില്‍ പോയി പഠനം തുടര്‍ന്നു. ചൈനീസ് മുസ്‌ലിംകള്‍ അഭയം തേടിയ ഇടങ്ങളിലായിരുന്നു ഈ അന്വേഷണം.

ചൈനീസ് തടവിലായിരുന്ന ഇരുപത്തഞ്ചോളം പേരെ നേരില്‍ കാണുകയും അവരില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയും ചെയ്തു.

21 വിഭാഗങ്ങളിലായി വര്‍ഷംതോറും നല്‍കിവരുന്നതാണ് പുലിറ്റ്‌സര്‍ പുരസ്‌കാരം. ഓരോ പുരസ്‌കാര വിജയിക്കും 15,000 ഡോളര്‍ സമ്മാനമായി നല്‍കും. പൊതുസേവന വിഭാഗത്തില്‍ ഒരാള്‍ക്ക് സ്വര്‍ണ മെഡല്‍ നല്‍കുകയും ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.