2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇന്ത്യൻ ഫാസിസത്തിന്റെ ബാലപാഠങ്ങൾ

സി.കെ അബ്ദുൽ അസീസ്

ഉത്തർപ്രദേശിൽനിന്ന് വരുന്ന വാർത്തകൾ ഇപ്പോൾ ആരെയും അത്ഭുതപ്പെടുത്താറില്ല. ഇന്ത്യൻ ജനാധിപത്യത്തെ കുഴിവെട്ടിമൂടിയ ഒരു പ്രദേശമായി ആ സംസ്ഥാനം മാറിക്കഴിഞ്ഞിരിക്കുന്നു എന്ന മുൻധാരണയാവാം ഒരുപക്ഷേ, ഇതിനു കാരണം. ദലിതരുടെയും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും ചോരപുരണ്ട വാർത്തകൾക്ക് വേണ്ടത്ര വിപണനമൂല്യം ലഭിക്കാത്തതുമൂലവുമാകാം. മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലാണ് 1987 മെയ് 22ന് ഹാഷിംപുരയിലും മെയ് 23ന് മാലിയാനയിലും മുസ്‌ലിംകൾ കൂട്ടക്കൊലയ്ക്ക് വിധേയരായത്. ഈ കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയത് പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറിയെന്ന പൊലിസ് സേനാ വിഭാഗമാണ്. യു.പിയിലും കേന്ദ്രത്തിലും കോൺഗ്രസ് ഭരിക്കുന്ന കാലത്താണീ കൂട്ടക്കൊലകൾ അരങ്ങേറിയത്. വർഗീയാക്രമണങ്ങളിൽ സ്റ്റേറ്റ് ഏജൻസികൾ നേരിട്ടു പങ്കെടുക്കുന്ന ആദ്യത്തെ സംഭവങ്ങളായി ഈ കൂട്ടക്കൊലകൾ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഈ സംഭവം നടന്ന് അഞ്ചു വർഷങ്ങൾക്കു ശേഷമാണ് സംഘ്പരിവാർ-ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കപ്പെടുന്നത്. ആ ഹീനകൃത്യത്തിലും സ്റ്റേറ്റിന്റെ പരോക്ഷമായ പങ്കാളിത്തം സുവിദിതമായിരുന്നു.


കോൺഗ്രസ് നേതാവ് നരസിംഹറാവുവായിരുന്നു അന്നത്തെ പ്രധാനമന്ത്രി. റാവുവിന്റെ നിലപാടിൽ പ്രതിഷേധിച്ച്‌ കോൺഗ്രസിലെ തലമുതിർന്ന നേതാവായിരുന്ന അർജുൻസിങ് പാർട്ടിയിൽനിന്ന് രാജിവച്ച് പുറത്തുപോവുകയുണ്ടായി. പിൽക്കാലത്ത് ബി.ജെ.പിയും മുലയാംസിങ്ങിന്റെ സോഷ്യലിസ്റ്റ് പാർട്ടിയും മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയും യു.പി മാറിമാറി ഭരിച്ചു. അതിനു ശേഷമാണ് ഇന്ന് യു.പി സംസ്ഥാനത്ത് സംഘ്പരിവാർ രാഷ്ട്രീയത്തിന്റെ വിശ്വരൂപം പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന യോഗി ആദിത്യനാഥ് മുഖ്യമന്ത്രിപദത്തിലെത്തുന്നത്. യോഗി സർക്കാരിന് യു.പിയിലെ വോട്ടർമാർ രണ്ടാമൂഴം നൽകി ആദരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഭരണനടപടിക്ക് അംഗീകാരം നൽകിയെന്നതും വസ്തുതയാണ്.


യോഗി സർക്കാരിന്റെ ഭരണനടപടികൾ മനുഷ്യാവകാശ ധ്വംസനങ്ങളുടെയും സ്ത്രീകൾക്കു നേരെയുള്ള ആക്രമണങ്ങളെയും വകവച്ചുകൊടുക്കുന്ന സമീപനത്തിന്റെയും ഏറ്റവും ഹീനമായ ഒരു മാതൃക തന്നെ ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ട് അനുസരിച്ച് സ്ത്രീകൾക്കെതിരേയുള്ള അക്രമങ്ങളെക്കുറിച്ച് 2018ൽ രാജ്യത്ത് റിപ്പോർട്ട് ചെയ്ത മൂന്നു ലക്ഷത്തി എഴുപത്തി എട്ടായിരത്തി ഇരുന്നൂറ്റി എഴുപത്തി ഏഴ് കേസുകളിൽ അമ്പത്തി ഒമ്പതിനായിരത്തി നാന്നൂറ്റി നാൽപ്പിത്തി അഞ്ച് കേസുകളും യു.പിയിൽ നിന്നാണ്. ഈ പ്രവണത 2015ൽ അമ്പത്തി ഒമ്പതിനായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി മൂന്നായി വർധിക്കുകയാണുണ്ടായത്. എങ്കിലും സ്ത്രീകളും കാളകളും പോത്തുകളും യു.പിയിൽ സുരക്ഷിതരാണെന്നാണ് യോഗിയുടെ അവകാശവാദം.

സംഘ്പരിവാർ വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തിൽ സ്ത്രീകളുടെ സ്ഥാനമെവിടെയായിരിക്കുമെന്ന് ഈ പ്രസ്താവം കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. എന്നിരുന്നാലും യോഗി ആദിത്യനാഥിന് യു.പിയിലെ ഭൂരിപക്ഷം വോട്ടർമാർ രണ്ടാമൂഴം നൽകി ആദരിക്കുകയാണുണ്ടായത്.


മേൽ പ്രസ്താവിച്ച കാര്യങ്ങൾക്ക് ഇപ്പോൾ ഒരു പഴങ്കഥയുടെ പ്രാധാന്യം മാത്രമാണുള്ളതെങ്കിലും ഇനിയും പഴക്കം വരാത്ത ഒരു ചോദ്യം അതിലടങ്ങിയിട്ടുണ്ട്. ആ ചോദ്യമിതാണ്: സാധാരണക്കാരുടെ, വിശിഷ്യാ, ദലിതരുടെയും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിനും അവരുടെ രാഷ്ട്രീയ-സാംസ്‌കാരിക അവകാശങ്ങൾക്കുമെതിരേ 1987 മുതൽക്ക് നടന്ന അതിക്രമങ്ങളിൽ സ്റ്റേറ്റിന്റെ പങ്കാളിത്തം പ്രത്യക്ഷവും സ്പഷ്ടവുമായ രീതിയിൽ വ്യക്തമാക്കപ്പെട്ടിട്ടും അതിനെതിരെ ഉത്തർപ്രദേശിൽ നിന്നോ (മറ്റെവിടെ നിന്നെങ്കിലുമോ) ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നുവരാതിരുന്നത് എന്തുകൊണ്ട്?. ഇന്ത്യൻ ജനാധിപത്യം നേരിട്ടുകൊണ്ടിരിക്കുന്ന സൈദ്ധാന്തികവും പ്രായോഗികവുമായ ഒരു പ്രതിസന്ധിയിലേക്കാണിത് വിരൽചൂണ്ടുന്നത്. ഭരിക്കുന്ന സർക്കാരുകൾ നടത്തുന്ന അതിക്രമങ്ങളെയെല്ലാം സ്വന്തം കണക്കുപുസ്തകത്തിൽ ഉൾപ്പെടുത്തി അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പുറത്തെടുക്കുകയെന്നത് ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾ പൊതുവിൽ സ്വീകരിച്ചുപോരുന്ന ഒരു തന്ത്രമാണ്. ആ തന്ത്രത്തിന്റെ ഭാഗമായിട്ടു പോലും സാധാരണക്കാർ നേരിടുന്ന ഭരണകൂടാക്രമണങ്ങളെ അക്കമിട്ടു നിരത്താൻ ജനാധിപത്യ കക്ഷികൾ അശക്തരായിരുന്നുവെന്ന് കരുതുന്നത് ഒട്ടും അതിശയോക്തിപരമല്ല.


ഇന്ത്യൻ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും സഹജമായ ഒരു ആന്തരിക ശക്തിയുണ്ടെന്നും ജനാധിപത്യ വ്യവസ്ഥയുടെ ശത്രുക്കളെ നേരിടാൻ അതിപ്പോഴും എപ്പോഴും സുശക്തമാണെന്നുമുള്ള ഒരന്ധവിശ്വാസമാണ് ഇതിനുള്ള മറുമരുന്നായി രാഷ്ട്രീയ നേതാക്കളും സൈദ്ധാന്തികരും ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചു പോരുന്നത്. വാസ്തവത്തിൽ ഭരണകൂടവും ജനങ്ങളും തമ്മിലുള്ള വൈരുദ്ധ്യത്തിൽ ഭരണകൂടത്തിന്റെ പക്ഷം ചേർന്നുകൊണ്ട് ജനങ്ങളുടെ രാഷ്ട്രീയോർജത്തെയും അതിന്റെ വളർച്ചയെയും ദുർബലമാക്കുകയാണവർ ചെയ്തത്. ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഈ ദൗർബല്യങ്ങളെ മുതലെടുത്തുകൊണ്ടാണ് ഇന്ത്യൻ ഫാസിസം ഇന്നു കാണുന്ന രൂപത്തിൽ ശക്തിയാർജിച്ചത്. ഉത്തരപ്രദേശം അതിന്റെ ആദ്യത്തെ വിജയകേന്ദ്രമായത് ഒട്ടും തന്നെ യാദൃശ്ചികമല്ലെന്നർഥം.


ഒരു സർക്കാർ സ്‌കൂൾ അധ്യാപിക അവരുടെ ക്ലാസ് മുറിയിൽ ഒരു മുസ്‌ലിം വിദ്യാർഥിയെ ഹിന്ദു വിദ്യാർഥികളെക്കൊണ്ട് മുഖത്തടിപ്പിക്കുന്ന ഒരു വാർത്തയും അതിന്റെ ചിത്രങ്ങളുമാണ് ഇപ്പോൾ യോഗി ആതിഥ്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിൽനിന്ന് വന്നിട്ടുള്ള പുതിയ വാർത്ത. മുതലാളിത്ത വ്യവസ്ഥയിൽ വിദ്യാഭ്യാസമെന്നത് ജനങ്ങളെ വിധേയപ്പെടുത്തുവാനും അടക്കി ഭരിക്കാനുമുള്ള ഭരണകൂടത്തിന്റെ ഒരു പ്രത്യയശാസ്ത്ര ഉപകരണമാണെന്നാണ് ഫ്രഞ്ച് മാർക്‌സിറ്റ് സൈദ്ധാന്തികൻ ലൂയി അൽതുസറിന്റെ സിദ്ധാന്തം. വിദ്യാഭ്യാസത്തിന്റെ മൗലികധർമം ഭരണകൂട സേവയല്ലെങ്കിലും സാമൂഹ്യോൽപ്പാദനത്തിനും രാഷ്ട്രഭരണത്തിനും ആവശ്യമായ മനുഷ്യവിഭവങ്ങളെ വാർത്തെടുക്കുന്ന സ്ഥാപനങ്ങളെന്ന നിലയിൽ ഭരണകൂട താൽപര്യങ്ങളുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടാണ് അവ പൊതുവിൽ പ്രവർത്തനക്ഷമമാവുന്നത്. അതേസമയം, ജനാധിപത്യവിദ്യാഭ്യാസ സമ്പ്രദായങ്ങൾ ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങളെ അതിലംഘിച്ചുകൊണ്ട് ഭരണകൂടങ്ങളുടെ ഇച്ഛകളെ അടിച്ചേൽപ്പിക്കാനാവില്ല. സ്വതന്ത്രചിന്തയാണ് ജനാധിപത്യവിദ്യാഭ്യാസത്തിന്റെ പരമാണു.


മനുഷ്യരുടെ ചിന്താസ്വാതന്ത്ര്യത്തെയും യുക്തിബോധത്തെയും ഉന്മൂലനം ചെയ്യുക എന്നതാണ് ഫാസിസത്തിന്റെ മുഖ്യലക്ഷ്യം. ഈ ലക്ഷ്യം നിറവേറണമെങ്കിൽ മനുഷ്യർക്കിടയിൽ വിവേചനം കൽപ്പിക്കുകയും വിദ്വേഷം വളർത്തുകയും ചെയ്യുന്ന ചിന്തകൾ പാഠ്യവിഷയമാക്കണം. വെറുപ്പിനെയും വിദ്വേഷത്തെയും പാഠ്യവിഷയമാക്കുന്നതാണ് യു.പിയിലെ ക്ലാസ് മുറിയിൽ കണ്ടത്. ഈ കുട്ടികൾ വലുതാവുമ്പോൾ അവർ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കർതൃത്വങ്ങളായി മാറുമെന്നതിനർഥമില്ല.


അങ്ങിനെ മാറാതിരിക്കണമെങ്കിൽ ജനാധിപത്യരാഷ്ട്രീയത്തിൽ ജനങ്ങൾക്കുള്ള സ്വയം നിർണയാവകാശം വീണ്ടെടുക്കപ്പെടണം. സാധാരണ മനുഷ്യർക്കും ദുർബല വിഭാഗങ്ങൾക്കുമെതിരേ ഭരണകൂടങ്ങൾ നടത്തുന്ന കൈയേറ്റങ്ങളെ തുറന്നെതിർക്കുന്ന ഒരു പൊതുപ്രവർത്തന സംസ്‌കാരം ശക്തിയാർജിക്കണം. നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ഒരമ്മ പെറ്റ മക്കളെ പോലെ ഐക്യപ്പെടാനാവണം.
മനുഷ്യരാശിയുടെ ചരിത്രം നോക്കിയാൽ പ്രതിസന്ധികൾ മറികടക്കാനുള്ള സമരങ്ങളിലൂടെയാണ് മനുഷ്യർ ഐക്യപ്പെട്ടതെന്നു കാണാം. മനുഷ്യർക്കിടയിൽ വിവേചനരഹിതമായ പരസ്പരബഹുമാനവും സ്‌നേഹവും വളർത്തിയെടുത്തു കൊണ്ടല്ലാതെ ഇന്ത്യൻ ഫാസിസം അനുദിനമെന്നോണം ഉയർത്തിക്കൊണ്ടിരിക്കുന്ന വെല്ലുവിളി നേരിടാൻ കെല്പുള്ള ജനകീയ ഐക്യം കെട്ടിപ്പടുക്കാനാവില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.