
മുകേഷ് അംബാനി ലോക്ക്ഡൗണ്‍ കാലത്ത് സമ്പാദിച്ചത് മണിക്കൂറില്‍ 90 കോടി രൂപയാണ്. രാജ്യത്തെ 24 ശതമാനം ആളുകള്‍ മാസത്തില്‍ വെറും 3000 രൂപ മാത്രം സമ്പാദിക്കുന്ന സമയത്താണിത്
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലവും രാജ്യത്തെ സമ്പന്നര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും സമ്പത്ത് കൊയ്ത്തിന്റെ കാലമായിരുന്നുവെന്ന് ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പ്രസിദ്ധീകരിച്ച ഓക്സ്ഫാം റിപ്പോര്‍ട്ട്. മാര്‍ച്ചിലെ ലോക്ക്ഡൗണ്‍ മുതല്‍ രാജ്യത്തെ ആദ്യ 100 ശതകോടിപതികള്‍ അധികമായി സമ്പാദിച്ച തുക, 13.8 കോടി പാവപ്പെട്ടവര്‍ക്ക് 94,045 രൂപ വീതം നല്കിയാല്, അത്രയും വരും.
ഏറ്റവും സമ്പന്നന്മാരായ 11 പേരുടെ ലോക്ക്ഡൗണ്‍ കാലത്തെ സമ്പാദ്യംകൊണ്ട് ദേശീയ തൊഴിലുറപ്പ് പദ്ധതിയോ ആരോഗ്യ മന്ത്രാലയമോ അടുത്ത പത്തു വര്‍ഷത്തേക്ക് നടത്തിക്കൊണ്ടുപോകാം. കൊവിഡ് കാലത്തുണ്ടായ അസമത്വത്തിന്റെ ഭീകരതയാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഏഷ്യയിലും ഇന്ത്യയിലും ഏറ്റവും സമ്പന്നനായി മാറിയ മുകേഷ് അംബാനി ലോക്ക്ഡൗണ്‍ കാലത്ത് സമ്പാദിച്ചത് മണിക്കൂറില്‍ 90 കോടി രൂപയാണ്. രാജ്യത്തെ 24 ശതമാനം ആളുകള്‍ മാസത്തില്‍ വെറും 3000 രൂപ മാത്രം സമ്പാദിക്കുന്ന സമയത്താണിത്. അംബാനിയുടെ ഈ വര്‍ധനവ് കൊണ്ട് മാത്രം 40 കോടി തൊഴിലാളികളെ അഞ്ചു മാസത്തേക്കെങ്കിലും ദാരിദ്ര്യമുക്തമാക്കാം.
ഓരോ മണിക്കൂറിലും 1,70,000 തൊഴില്‍ നഷ്ടം
2020 ഏപ്രിലില്‍ ഓരോ മണിക്കൂറിലും 1,70,000 പേര്‍ക്ക് ജോലി നഷ്ടപ്പെട്ടുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇര്ഫോര്മല് സെക്ടറിലാണ് ഏറ്റവും വലിയ തകര്‍ച്ചയുണ്ടായത്. ആകെ നഷ്ടപ്പെട്ട 12.2 കോടി ജോലിയില്‍ 75 ശതമാനമവും ഇന്‍ഫോര്‍മല്‍ സെക്ടറിലാണ്.
ലോക്ക്ഡൗണ്‍ മരണം
ലോക്ക്ഡൗണ്‍ കാരണം എത്ര പേര് മരിച്ചുവെന്ന കണക്ക് കേന്ദ്രസര്‍ക്കാരിന് അറിയില്ലെന്നത് വലിയ വിവാദമായിരുന്നു. ഓക്സ്ഫാം റിപ്പോര്‍ട്ട് പ്രകാരം 300 ലേറെ തൊഴിലാളികള്‍ മരിച്ചു. പട്ടിണി, ആത്മഹത്യ, റോഡ്, റെയില്‍ അപകടങ്ങള്‍, പൊലിസ് ക്രൂരത, അവശ്യസമയത്തെ വൈദ്യസഹായ നിഷേധം തുടങ്ങിയ കാരണങ്ങളാലുള്ള മരണങ്ങളാണിത്.