ശ്രീനഗർ: വെടിവെപ്പിൽ നാല് സൈനികർ കൊല്ലപ്പെട്ട ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരർക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു. ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടക്കുന്നത്. സൈന്യവും ജമ്മുകശ്മീർ പൊലിസും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. അനന്തനാഗിലെ കൊക്കേർനാഗ് വനമേഖലയിലാണ് തെരച്ചിൽ.
ഭീകരർ നടത്തിയ വെടിവെപ്പിൽ ഒരു കേണൽ അടക്കം നാലു സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. കാണാതായ സൈനികൻ കൂടി വീരമൃത്യു വരിച്ചതായി അധികൃതർ ഇന്നലെയാണ് സ്ഥിരീകരിച്ചത്. ഒരു കേണലും മേജറും ജമ്മകശ്മീര്‍ പൊലിസിലെ ഡിഎസ്പിയുമാണ് ആദ്യം വീരമൃത്യു വരിച്ചത്.
കേണല്‍ മൻപ്രീത് സിങിന്‍റെയും മേജർ ആഷിഷ് ദോൻചാകിന്‍റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്കരിച്ചത്. പഞ്ചാബിലെ മുള്ളാൻപൂരില്‍ എത്തിച്ച കേണല്‍ മൻപ്രീത് സിങിന്‍റെ മൃതദേഹത്തില്‍ മക്കള്‍ സല്യൂട്ട് നല്‍കി. ജമ്മുകശ്മീർ ഡിഎസ്പി ഹിമയുൻ മുസമില്‍ ഭട്ടിന്‍റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെ കഴിഞ്ഞ ദിവസം സംസ്കരിച്ചിരുന്നു.
അതേസമയം, വനമേഖലയിൽ ഭീകരരെ വളയാൻ സുരക്ഷ സേനക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും ജമ്മു കാശ്മീർ പൊലിസ് അറിയിച്ചു. വനമേഖലയില്‍ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് കരുതുന്ന സ്ഥലങ്ങളില്‍ ഇന്നലെ ഡ്രോണുകള്‍ ഉപയോഗിച്ച് സൈന്യം ആക്രമണം നടത്തിയിരുന്നു.
Comments are closed for this post.