ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വത്തിൽ ഇന്ത്യ ഇന്ന് വിൻഡീസിനെതിരെ ടി-20 പരമ്പരയ്ക്ക് ഇറങ്ങും. ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിലാണ് ടി-20 പരമ്പരയ്ക്ക് തുടക്കമാവുക. അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ആകെയുള്ളത്. ഇന്ത്യൻ സമയം രാത്രി എട്ടിനാണ് ആദ്യ മത്സരം നടക്കുക. മലയാളി താരം സഞ്ജു സാംസൺ അവസാന ഇലവനിൽ ഉണ്ടാകില്ലെന്നാണ് സൂചന.
പ്രധാന താരങ്ങളില്ലാതെ ഏകദിന പരമ്പര സ്വന്തമാക്കിയതിൻ്റെ ആത്‌മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം. തിലക് വർമ ഇന്ന് ഇന്ത്യക്കായി അരങ്ങേറിയേക്കുമെന്നാണ് സൂചന. തിലക് വർമ ഇറങ്ങിയാൽ സഞ്ജു ഇന്ന് പുറത്തിരിക്കേണ്ടി വരും. യശസ്വി ജയ്സ്വാളിനും ഇന്ന് പുറത്തിരിക്കേണ്ടി വന്നേക്കും.
ഓപ്പണിംഗിൽ ഇഷാൻ കിഷൻ, ശുഭ്മൻ ഗിൽ സഖ്യം തുടരാനാണ് സാധ്യത. യശസ്വി ജയ്സ്വാൾ കളിച്ചില്ലെങ്കിൽ സഞ്ജു സാംസണിന് നേരിയ സാധ്യതയുണ്ട്. രവി ബിഷ്ണോയ്ക്കും ആദ്യ മത്സരങ്ങളിൽ അവസരം ലഭിക്കാനിടയില്ല. അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ, മുകേഷ് കുമാർ, ഉമ്രാൻ മാലിക് എന്നിവരിൽ ഒരാളും ആദ്യ ഇലവന് പുറത്താകും.
Comments are closed for this post.