
തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലാന്റ് ട്വന്റി-ട്വന്റി ആവേശത്തിന്റെ ആരവത്തില്‍ തിരുവനന്തപുരം നഗരം മുങ്ങുമ്പോള്‍ കാണികള്‍ക്ക് നിരാശ സമ്മാനിച്ച് മഴയെത്തിയിരിക്കുകയാണ്. തുടര്‍ച്ചയായി പെയ്യുന്ന മഴ മൂലം കളി അല്‍പ്പം വൈകി തുടങ്ങുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഒരു മണിക്കൂര്‍ മുമ്പെങ്കിലും മഴ നിന്നാല്‍ മാത്രമേ മത്സരം കുഴപ്പമില്ലാതെ കളി നടത്താനാവൂ എന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് പ്രതിനിധികള്‍ അറിയിച്ചു.
ഇരു ടീമുകളും സ്റ്റേഡിയത്തില്‍ എത്തിയിട്ടുണ്ട്. അഞ്ചു മണിയോടെ മഴക്ക് ശമനം വന്നിട്ടുണ്ട്. മഴയും മാനവും തെളിയുമെന്ന പ്രതീക്ഷയിലാണ് കാണികള്‍. തിരുവനന്തപുരത്ത് അന്താരാഷ്ട്രമത്സരം അവസനമായി നടന്നത് 1988ലാണ്. അന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരേ മത്സരിച്ച ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ഇന്ന് ടീമിന്റെ പരിശീലകനാണ്.