2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇന്ത്യ ഇന്ത്യയല്ലാതാകരുത്

പി.കെ. പാറക്കടവ്

ദൈര്‍ഘ്യമേറിയതായിരുന്നു രാവ്
കനത്തതായിരുന്നു ദൈന്യം
ആഴമുള്ളതായിരുന്നു മുറിവ്
അപ്പത്തിന്റെ മുഖഭാവം പോലും
അപമാനവും അപകര്‍ഷവുമായിരുന്നു
പക്ഷെ ഇപ്പോള്‍…..
പക്ഷെ ഇപ്പോള്‍…..
എല്ലാവരിലും
അനുഗ്രഹവും സമാധാനവും പ്രദാനം ചെയ്യുന്ന
ആഹ്ലാദത്തില്‍ ചോര കലര്‍ന്നിരിക്കുന്നു.
അത്
പനിനീര്‍പ്പൂക്കളെയും വയല്‍ച്ചെടികളെയും
മുളപ്പിക്കുന്നു
(തൗഫീഖ് സിയാഗ്-ഫലസ്തീനി കവി)

ഗാന്ധി രക്തസാക്ഷിദിനത്തില്‍ കോഴിക്കോട് എന്‍.ഐ.ടിയിലെ മെക്കാനിക്കല്‍ എന്‍ജിനീയര്‍ വിഭാഗത്തിലെ പ്രൊഫസര്‍ ഷൈജ ആണ്ടവന്റെ സാമൂഹ്യമാധ്യമ കമന്റ് ഏറെ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടു. ‘ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ട്’ എന്നായിരുന്നു അവരുടെ കമന്റ്.

   


ഇന്ത്യയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ മഹാത്മാഗാന്ധിജിയെ തമസ്‌ക്കരിക്കാനുള്ള ശ്രമത്തിലാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെയും മൗലാനാ അബുല്‍കലാം ആസാദിനെയും പാഠപുസ്തകങ്ങളുടെ പടിക്ക് നിര്‍ത്താനുള്ള യത്‌നത്തിലാണ്. ചരിത്രം മാറ്റിയെഴുതാനുള്ള ശ്രമത്തിലാണ്. 2014ന് ശേഷം നമ്മുടെ രാജ്യത്തെ എങ്ങോട്ടാണ് ഭരണാധികാരികള്‍ നയിക്കുന്നത് എന്നത് ഏറെ ചിന്തിക്കേണ്ട വിഷയമാണ്.
വൈവിധ്യങ്ങളെ ഇല്ലാതാക്കുകയും ഫെഡറിലസത്തെ തകര്‍ക്കുകയും ചെയ്യുന്ന കാഴ്ച

ഇന്ത്യയെ സ്‌നേഹിക്കുന്ന ആരെയും നൊമ്പരപ്പെടുത്തും. എല്ലാ പൗരരെയും തുല്യരായി കണക്കാക്കുകയും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന നമ്മുടെ മഹത്തായ ഭരണഘടന സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ഏകസിവില്‍കോഡ് അടിച്ചേല്‍പ്പിക്കുന്നതിലൂടെ ബഹുത്വത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.


രാമചന്ദ്രഗുഹ എഴുതുന്നു: ‘ബഹുത്വത്തിന്റെ, എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നതില്‍ ഇന്ത്യ എന്ന ആശയത്തിന് മൂന്ന് ശത്രുക്കളാണുള്ളത്. ഏറെ അറിയപ്പെടുന്നത് ഹിന്ദു രാഷ്ട്രമാണ്. തോന്നുംപടിയുള്ള രീതിയില്‍ ഭാരതീയ ജനതാപാര്‍ട്ടിയായാലും കുറെക്കൂടി നിശ്ചയദാര്‍ഢ്യത്തോടെ (കൂടുതല്‍ മതഭ്രാന്തോടെയെന്നും പറയേണ്ടതില്ലല്ലോ) രാഷ്ട്രീയ സ്വയം സേവക് സംഘം, വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍, മറ്റു അനുബന്ധ സംഘടനകള്‍ എന്നിവയാലും പ്രതിനിധീകരിക്കുന്ന സങ്കല്‍പം. 1997ല്‍ ഖില്‍നാനി തന്റെ പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ ഇന്ത്യ എന്ന ആശയത്തിന്റെ മുഖ്യ ഭീഷണിയായി ഹിന്ദുത്വം രംഗത്തെത്തിയിരുന്നു.

ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ‘സൈദ്ധാന്തികമായി വെടിപ്പില്ലാത്ത, താല്‍ക്കാലികമായ, ബഹുത്വസമീപനത്തിനു’ ബദലായി സംഘ്പരിവാര്‍ മുന്നോട്ട് വച്ചത് ‘ദൈവവും ആണവ പോര്‍മുനകളും ഒപ്പമുള്ള ഭരണകൂടത്താല്‍ സംരക്ഷിക്കപ്പെടുന്ന, സാംസ്‌കാരികവും വംശീയവുമായി ശുദ്ധീകരിക്കപ്പെട്ട,

ഒരൊറ്റ പൗരത്വമുള്ള ഏകജാതി സമൂഹമാണ്. 1994നും 1998നും ഇടയില്‍ ഉത്തരേന്ത്യയില്‍ ജീവിച്ചതിനാല്‍ ഈ ഭീഷണിയെ പ്രത്യക്ഷവും പരോക്ഷവുമായി ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ഹിന്ദു പേരുകളില്‍ തീവണ്ടി കയറുന്ന മുസ്‌ലിം സുഹൃത്തുക്കളെ കണ്ടതിലൂടെ, ലാല്‍കൃഷ്ണ അദ്വാനിയുടെ രഥയാത്ര ഇളക്കിവിട്ട കലാപങ്ങള്‍ക്ക് ശേഷം ഭഗല്‍പൂര്‍ സന്ദര്‍ശിച്ചതിലൂടെ, മതത്തിന്റെ വഴിയില്‍ പൊതുജനാഭിപ്രായം കൂടുതല്‍ ധ്രുവീകരിക്കുന്നതിന് സാക്ഷ്യം വഹിച്ചതിലൂടെയൊക്കെ. 2002ലെ ഗുജറാത്ത് മുസ്‌ലിം വംശഹത്യ തെളിയിച്ചത് പോലെ ആ വര്‍ഷങ്ങളുടെ വിഷാവശിഷ്ടങ്ങള്‍ അടുത്ത ദശകങ്ങളിലേക്ക് പടര്‍ന്നു.


ഗുജറാത്ത് കലാപത്തിന് ശേഷം അധികം വൈകാതെ മുംബൈ വിമാനത്താവളത്തിലേക്ക് സഞ്ചരിക്കുന്നതിനിടെ മുഹമ്മദലി റോഡിലെ എല്ലാ വീടുകള്‍ക്കു മുന്നിലും ത്രിവര്‍ണപതാക തൂങ്ങിക്കിടക്കുന്നത് കാണാനിടയായി. വടക്കോട്ട് കൂടുതല്‍ പോകവെ പരേലിനുമപ്പുറം ദാദറിലോ ശിവാജി പാര്‍ക്കിലോ പതാകകളൊന്നും കാണാനില്ലായിരുന്നു. വിമാനത്താവളത്തിലെത്തി,

ഇന്ത്യ പാകിസ്താന്‍ ക്രിക്കറ്റ് കളിയിലൂടെ ഒരു തത്സമയ സംപ്രേഷണം കാണുന്നത് വരെ ഈ വൈരുധ്യം എന്നെ കുഴക്കി. എന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ഓര്‍മകളിലൊന്നായി അത് അവശേഷിക്കുന്നു. ഹൈന്ദവ മതഭ്രാന്തരുടെ ദശകങ്ങളായുള്ള അപമാനങ്ങളാലും അക്രമങ്ങളാലും ഭയന്ന് എന്റെ അനേകം സഹജീവികള്‍ക്ക് തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ മാത്രം ദേശസ്‌നേഹം പൊതുപ്രദര്‍ശനത്തിന് വച്ച് തലകുനിക്കേണ്ടിവന്നത്.

(റിപബ്ലിക്കിന്റെ വീണ്ടെടുക്കല്‍-ദേശസ്‌നേഹികളും പക്ഷപാതികളും രാമചന്ദ്രഗുഹ-, –മാതൃഭൂമി ബുക്‌സ്)
കേരളം, കര്‍ണാടക, തമിഴ്‌നാട് തുടങ്ങി ബി.ജെ.പി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം പക്ഷപാതത്തോടെ പെരുമാറുന്നു എന്നുള്ളത് സത്യമാണ്. കേരളത്തിന്റെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഡല്‍ഹി, പഞ്ചാബ് മുഖ്യമന്ത്രിമാരും തമിഴ്‌നാട് മന്ത്രിയും കശ്മിര്‍ മുന്‍മുഖ്യമന്ത്രിയുമടക്കം പങ്കെടുത്തപ്പോള്‍ അതൊരു ദേശീയ രോഷമായി മാറി.
മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനുള്ള യത്‌നത്തില്‍ ബി.ജെ.പിയിതര കക്ഷികളെല്ലാം യോജിച്ചാലെ ഇന്ത്യയെ ഇന്ത്യയായി നിലനിര്‍ത്താന്‍ കഴിയൂ.

കഥയും കാര്യവും
പാതയോരത്തെ കുനിഞ്ഞിരിക്കുന്ന
ഭിക്ഷക്കാരന്റെ മുന്നില്‍ വന്നുനിന്ന
പട്ടാളവണ്ടിയില്‍ നിന്ന് ചാടിയിറങ്ങിയ
തോക്കുകള്‍ ചോദിച്ചു;
‘ഭിക്ഷാപാത്രം ആധാറുമായി
ബന്ധിപ്പിച്ചിട്ടുണ്ടോ’
(ആധാര്‍-മിന്നല്‍ കഥകള്‍)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.