ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനു കീഴില്‍ മതന്യൂനപക്ഷങ്ങള്‍ തീവ്ര ഹൈന്ദവ ഗ്രൂപ്പുകളുടെ ആക്രമണത്തിനിരയാവുകയാണെന്ന അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് ഇന്ത്യ തള്ളി. രാജ്യം പിന്തുടര്‍ന്നുവരുന്ന മതതേരസംവിധാനത്തില്‍ ഇന്ത്യ അഭിമാനിക്കുന്നുവെന്നു വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യ അതിന്റെ മതേതരത്വ കെട്ടുറപ്പില്‍ അഭിമാനിക്കുന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നനിലക്കും ബഹുസ്വര ജനവിഭാഗം എന്ന നിലയ്ക്കും എല്ലാ വിഭാഗങ്ങളെയും സഹിഷ്ണതയോടെ ഉള്‍ക്കൊള്ളാന്‍ ഇന്ത്യക്കാവുന്നുണ്ട്. രാജ്യത്തെ എല്ലാവിഭാഗം ആളുകള്‍ക്കും ഇന്ത്യന്‍ ഭരണഘടന മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. ഭരണഘടനയാല്‍ സംരക്ഷിതമായ ഇന്ത്യന്‍ പൗരന്‍മാരുടെ അവസ്ഥയെ ചോദ്യംചെയ്യാന്‍ മറ്റൊരു വിദേശരാജ്യത്തിന് അവകാശമില്ലെന്നും വിദേശകാര്യം മന്ത്രാലയം വ്യക്തമാക്കി.
യു.എസ് വിദേശകാര്യമന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട ‘2018ലെ രാജ്യാന്തര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട്’ ആണ് മോദി സര്‍ക്കാരിനെ ചൊടിപ്പിച്ചത്. 2018ലുടനീളം അക്രമാസക്ത തീവ്ര ഹൈന്ദവഗ്രൂപ്പുകളാല്‍ ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലിംകള്‍ പശുവിന്റെ പേരില്‍ അക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. 2018ല്‍ എട്ടുപേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. ഇത്തരം കേസുകളില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പലപ്പോഴും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഇന്ത്യയിലെ ഭരണകക്ഷിയായ ബി.ജെ.പിയുടെ ചില മുതിര്‍ന്ന നേതാക്കള്‍ തന്നെ സ്ഥിതി വഷളാക്കുന്ന വിധത്തില്‍ അതിപ്രകോപനപരമായ പ്രസംഗങ്ങളും പ്രസ്താവനകളുമാണ് പുറപ്പെടുവിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
ന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങളെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ലക്ഷ്യംവയ്ക്കുകയാണ്. സ്വതന്ത്ര പൂര്‍വ ഇന്ത്യയില്‍ മുസ്‌ലിംകള്‍ സ്ഥാപിച്ച സര്‍വകലാശാലകളുടെ ന്യൂനപക്ഷ സ്വഭാവത്തിനെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഏറെക്കാലം മുസ്‌ലിം രാജാക്കന്‍മാര്‍ ഭരിക്കുകയും അവര്‍ നിര്‍മിക്കുകയം ചെയ്ത നഗരങ്ങളുടെ മുസ്‌ലിം പശ്ചാത്തലം ഇല്ലാതാക്കുന്നു. പലനഗരങ്ങളുടെയും റോഡുകളുടെയും മുസ്‌ലിം പേരുകള്‍ മാറ്റി. ഇന്ത്യന്‍ ചരിത്രത്തിലെ മുസ്‌ലിം സംഭാവനകള്‍ മായ്ച്ചുകളയാനാണ് ഇത്തരം നടപടികളെന്ന ആക്ടിവിസ്റ്റുകളുടെ അഭിപ്രായവും റിപ്പോര്‍ട്ട് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
India rejects US report on religious freedom, says proud of its secular credentials
Comments are closed for this post.