2024 February 26 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇന്ത്യയിൽ അഴിമതി കൂടി, 93-ാം റാങ്ക്; ലോകത്തിലെ അഴിമതി കൂടിയതും കുറഞ്ഞതുമായ രാജ്യങ്ങൾ അറിയാം

ഇന്ത്യയിൽ അഴിമതി കൂടി, 93-ാം റാങ്ക്; ലോകത്തിലെ അഴിമതി കൂടിയതും കുറഞ്ഞതുമായ രാജ്യങ്ങൾ അറിയാം

ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങളുടെ പട്ടിക വെളിപ്പെടുത്തി ട്രാൻസ്പരൻസി ഇൻ്റർനാഷണൽ ചൊവ്വാഴ്ച 2023 ലെ കറപ്ഷൻ പെർസെപ്ഷൻസ് ഇൻഡക്സ് (സിപിഐ) പുറത്തിറക്കി. റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ റാങ്ക് 93 ആണ്. 180 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനം 93ൽ നിൽക്കുന്നത്. പൊതുമേഖലയിലെ അഴിമതി മുൻനിർത്തിയാണ് ഇൻഡക്സ് പുറത്തിറക്കിയത്.

ഇന്ത്യയുടെ കാര്യത്തിൽ മുൻ വർഷത്തേക്കാൾ അഴിമതി 2023 ൽ വർധിച്ചു. 2022 ൽ റാങ്ക് 85 ആയിരുന്നെങ്കിൽ നിലവിൽ അത് 93 ആണ്. അഭിപ്രായം രേഖപ്പെടുത്തുന്നവർ അഴിമതി തോത് അനുസരിച്ച് പൂജ്യം മുതൽ 100 വരെയാണ് പോയന്റ് നൽകേണ്ടിയിരുന്നത് (ഏറ്റവുമധികം അഴിമതിക്ക് പൂജ്യവും തീർത്തും അഴിമതി രഹിതമെങ്കിൽ നൂറും പോയന്റ്). ഇത്തരത്തിൽ 2023ൽ ഇന്ത്യയുടെ പോയന്റ് നില 39 ആണ്. 2022ൽ ഇത് 40 ആയിരുന്നു. 180 രാജ്യങ്ങളിൽ മൂന്നിൽ രണ്ട് രാജ്യങ്ങളും 50 ന് മുകളിൽ സ്കോർ നേടിയപ്പോൾ ഇന്ത്യ ഒരു പോയിന്റ് ഇടിഞ്ഞ് 39 ൽ ആണ്.

പൊതുമേഖലയിലെ അഴിമതി വിലയിരുത്തിയാണ് 2023ലെ സൂചിക തയാറാക്കിയത്. ഇതിനായി അതതു രാജ്യങ്ങളിലെ വിദഗ്ധരുടെയും വ്യാപാരികളുടെയും അഭിപ്രായം തേടി. സിപിഐയുടെ ആഗോള ശരാശരി തുടർച്ചയായ പന്ത്രണ്ടാം വർഷവും 43-ൽ നിൽക്കുകയാണ്. അതായത്, പൊതുമേഖലയിലെ അഴിമതി പരിഹരിക്കുന്നതിൽ ഏറ്റവും കുറഞ്ഞ പുരോഗതിയാണ് ലോകത്ത് ഉള്ളതെന്ന് റിപ്പോർട്ട് ഉയർത്തിക്കാട്ടുന്നു.

ഇന്ത്യയിൽ പൗരസമൂഹത്തിന്റെ ഇടങ്ങൾ ശോഷിച്ചുവരുന്നതായി റിപ്പോർട്ട് പറയുന്നു. പുതിയ ടെലികമ്യൂണിക്കേഷൻസ് ബിൽ വന്നത് മൗലികാവകാശത്തിന് വലിയ ഭീഷണിയാണെന്നും റിപ്പോർട്ടിലുണ്ട്. സൂചികയിൽ പാക്കിസ്ഥാൻ 133ാമത് ആണ്. 115 ആണ് ശ്രീലങ്കയുടെ സ്ഥാനം.

അഴിമതി ഏറ്റവും കുറഞ്ഞ രാജ്യങ്ങൾ ഏതാണ്?

“നന്നായി പ്രവർത്തിക്കുന്ന നീതിന്യായ വ്യവസ്ഥകൾ” കാരണം തുടർച്ചയായ ആറാം വർഷവും ഡെന്മാർക്ക് 90 സ്കോറോടെ സൂചികയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. തൊട്ടുപിന്നാലെ, യഥാക്രമം 87, 85 സ്‌കോറുകളോടെ ഫിൻലൻഡും ന്യൂസിലൻഡും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ഈ വർഷം, സൂചികയിലെ ആദ്യ 10 രാജ്യങ്ങളിൽ നോർവേ (84), സിംഗപ്പൂർ (83), സ്വീഡൻ (82), സ്വിറ്റ്സർലൻഡ് (82), നെതർലാൻഡ്‌സ് (79), ജർമ്മനി (78), ലക്സംബർഗ് (78) എന്നിവ ഉൾപ്പെടുന്നു.

ഏറ്റവും അഴിമതിയുള്ള രാജ്യങ്ങൾ ഏതാണ്?

പോയന്റ് നില അനുസരിച്ച് സൊമാലിയ (11), വെനസ്വേല (13), സിറിയ (13), ദക്ഷിണ സുഡാൻ (13), യെമൻ (16) എന്നിവയാണ് സൂചിക പ്രകാരം അഴിമതിയിൽ മുങ്ങിയ രാജ്യങ്ങൾ. ഈ രാജ്യങ്ങളെല്ലാം നീണ്ടുനിൽക്കുന്ന സായുധ സംഘട്ടനങ്ങൾ ഉൾപ്പെടെയുള്ള പ്രതിസന്ധികളാൽ ബാധിക്കപ്പെട്ടിരിക്കുന്നവയാണ്. നിക്കരാഗ്വ (17), ഉത്തര കൊറിയ (17), ഹെയ്തി (17), ഇക്വറ്റോറിയൽ ഗിനിയ (17), തുർക്ക്മെനിസ്ഥാൻ (18), ലിബിയ (18) എന്നിവയാണ് സൂചികയിൽ അഴിമതി നിറഞ്ഞ മറ്റു രാജ്യങ്ങൾ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.