ദോഹ: ഇന്ത്യയിലെ വിവിധ മേഖലകളില്‍ ഖത്തര്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് സംഘത്തെ നിശ്ചയിക്കാന്‍ ഇന്ത്യഖത്തര്‍ ധാരണ. ഇന്ത്യന്‍ ഊര്‍ജ്ജമേഖലയില്‍ ഖത്തറിന് കൂടുതല്‍ സുഗമമായി നിക്ഷേപങ്ങള്‍ നടത്താന്‍ ഇതുവഴി അവസരമൊരുങ്ങും.
ഇന്ത്യയിലെ ഊര്‍ജ്ജമേഖലകളില്‍ ഖത്തര്‍ നടത്തുന്ന നിക്ഷേപങ്ങള്‍ സുഗമമാക്കുകയെന്നതാകും ഈ സംഘത്തിന്റെ ദൗത്യം. ഇന്ത്യയിലെ ബൈജൂസ് ആപ്പില്‍ 150 മില്യന്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ ഈയിടെ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്‌റ് അതോറിറ്റി തീരുമാനിച്ചിരുന്നു. അദാനി ഇലക്ട്രിസിറ്റി പ്രോജക്ടില്‍ 450 മില്യണ്‍ നിക്ഷേപം നടത്താനും ഖത്തറിന് പദ്ധതിയുണ്ട്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തര്‍ അമീറും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയ കാര്യം അറിയിച്ചത്.
നിക്ഷേപ രംഗത്തെ സഹകരണം കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനായുള്ള നിര്‍ണായക ചര്‍ച്ചകള്‍ സംഭാഷണത്തിലുണ്ടായതായി എംബസി അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ച ശേഷം നേരിട്ടുള്ള കൂടിക്കാഴ്ച്ച സാധ്യമാക്കാനും ഇരു നേതാക്കള്‍ തീരുമാനിച്ചു.
ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങുന്ന ഖത്തറിന് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു. തിരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി ദീവാലി ആശംസകള്‍ നേര്‍ന്ന ഖത്തര്‍ അമീര്‍ ദേശീയ ദിനാഘോഷങ്ങളില്‍ ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ സജീവമായ പങ്കാളിത്തം എടുത്തുപറഞ്ഞതായും ഇന്ത്യന്‍ എംബസി അറിയിച്ചു. ഈ മാസാവസാനത്തോടെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഖത്തര്‍ സന്ദര്‍ശിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇരു രാഷ്ട്ര നേതാക്കളും ഫോണില്‍ സംസാരിച്ചത്.
Comments are closed for this post.