
അശ്റഫ് കൊണ്ടോട്ടി
വ്യോമയാനപാതയിലെ കാണാപ്പുറങ്ങള്‍-3
ലോകത്ത് രാജ്യാന്തര സര്‍വിസ് നടത്തുന്ന ഏറ്റവും ചെലവ് കുറഞ്ഞ അഞ്ച് കമ്പനികളില്‍ രണ്ടെണ്ണം ഇന്ത്യന്‍ കമ്പനികളാണെന്ന് ഗ്ലോബല്‍ ഫ്ളൈറ്റ് പ്രൈസിംങ് നടത്തിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസ് പട്ടികയില്‍ രണ്ടാം സ്ഥാനത്തും, സ്വകാര്യ വിമാന കമ്പനി ഇന്‍ഡിഗോ അഞ്ചാം സ്ഥാനത്തുമാണുള്ളത്. ജെറ്റ് എയര്‍വേയ്സ് 12-ാംസ്ഥാനത്തും, എയര്‍ ഇന്ത്യ 13-ാം സ്ഥാനത്തുമാണ്.ആഗോള തലത്തിലും രാജ്യത്തിനകത്തും നടത്തുന്ന വിമാന സര്‍വിസുകള്‍ കണക്കിലെടുത്താണ് പട്ടിക തയാറാക്കിയിട്ടുള്ളത്.എന്നിട്ടും ഇന്ത്യയില്‍ അനുവദിക്കപ്പെട്ട സര്‍വിസുകള്‍ പൂര്‍ണമായും നടത്താന്‍ വിമാന കമ്പനികള്‍ക്കാവുന്നില്ല.എയര്‍ഇന്ത്യക്ക് പിറകെ കടക്കെണിയാണ് മറ്റുള്ള വിമാനങ്ങള്‍ക്കും.
വായ്ദൂത് മുതല്‍ ഈസ്റ്റ് വെസ്റ്റ് വരെ
ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ അധീനതയിലുള്ള എയര്‍ഇന്ത്യ മാത്രമല്ല സ്വകാര്യ വിമാന കമ്പനികളും നിലനില്‍പ്പ് പോരാട്ടത്തിലാണ്.കുന്നുകൂടുന്ന കടവും,നിയന്ത്രണമില്ലാത്ത ചെലവുകളും മൂലം ജീവനക്കാരെ പിരിച്ചുവിട്ടും,സര്‍വിസുകള്‍ വെട്ടിക്കുറച്ചും ആകാശ വീഥിയില്‍ ചിറകൊടിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇന്ധനം നിറക്കാന്‍ പോലും പണമില്ലാത്തിന്റെ പേരില്‍ സര്‍വിസ് നിര്‍ത്തലാക്കിയ വിമാന കമ്പനികള്‍ ഇന്ത്യയിലുണ്ട്.
വന്‍കിട കമ്പനികളുടെ മുന്നില്‍ വിദേശരാജ്യങ്ങളില്‍ പോലും ചെറിയ വിമാനങ്ങള്‍ പൂട്ടേണ്ടി വരുമ്പോള്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കും കാലിടറുന്നു.ഇന്ത്യയിലേക്ക് സര്‍വിസ് നടത്തിയിരുന്ന റാസല്‍ ഖൈമയുടെ റാക്ക് എയര്‍വെയ്സ്, ബഹ്റൈയിന്റെ ബഹ്റൈന്‍ എയര്‍, തുടങ്ങി ഏറെ പ്രതീക്ഷകളോടെ തുടങ്ങിയ വിമാന കമ്പനികളായിരുന്നു.എന്നാല്‍ അധികം വൈകാതെ ഇവ പൂട്ടിപ്പോകേണ്ടിവന്നു.
ഇന്ത്യയില്‍ സ്വകാര്യ മേഖലയില്‍ ആകാശത്ത് കുതിച്ചോടി അവസാനം ചിറകറ്റുവീണ നിരവധി വിമാന കമ്പനികളുണ്ട്.വായ്ദൂത്,ഈസ്റ്റ് വെസ്റ്റ്,തുടങ്ങി വിമാന കമ്പനികള്‍ ഇക്കൂട്ടത്തിലുണ്ട്.സര്‍വിസ് നടത്തുന്നവയില്‍ കടക്കെണിയിലേക്ക് കൂപ്പുകുത്തുന്നവയും കുറവല്ല.വായ്ദൂത്,ഈസ്റ്റ് വെസ്റ്റ്,തുടങ്ങി വിമാന കമ്പനികളുടെ നിര ഇക്കൂട്ടത്തിലുണ്ട്.
ജെറ്റ് എയര്‍വെയ്സും കടങ്ങളും
രാജ്യത്ത് ഏറ്റവും പഴക്കം ചെന്ന സ്വകാര്യ വിമാന കമ്പനിയാണ് ജെറ്റ് എയര്‍വെയ്സ്. ആഭ്യന്തര സെക്ടറില്‍ താളപ്പിഴയില്ലാതെ സഞ്ചരിച്ച് പിന്നീട് വിദേശങ്ങളിലേക്ക് സര്‍വിസ് നടത്തി യാത്രക്കാരുടെ പ്രീതി സമ്പാദിച്ച ജെറ്റ് എയര്‍വെയ്സ് കടത്തില്‍ മുങ്ങി നിലനില്‍പ്പ് പോരാട്ടത്തിലാണെന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.കമ്പനി മുന്നോട്ട് പോകണമെങ്കില്‍ ജീവനക്കാരുടെ വേതനം 25 ശതമാനം വെട്ടിക്കുറക്കാനാണ് മാനേജ്മെന്റ് തീരുമാനിച്ചിരുന്നത്.ഇത് പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു. കട ബാധ്യത മൂലം വിമാന കമ്പനി കിതക്കുകയാണെന്ന് സ്ഥാപകനും കമ്പനിയുടെ 51 ശതമാനം ഓഹരിയും കൈവശമുള്ള നരേഷ് ഗോയില്‍ വ്യക്തമാക്കിയത് അടുത്തിടെയാണ്. എന്നാല്‍ കമ്പനിയുടെ പണം മാനേജ്മെന്റ് ചോര്‍ത്തിയതാണെന്ന് ആരോപണവും ഉയര്‍ന്നതോടെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്,
1993-ല്‍ ആരംഭിച്ച ജെറ്റിനിപ്പോള് 122 വിമാനങ്ങളുണ്ട്.ഇന്ത്യക്ക് അകത്തും പുറത്തുമായി 67 രാജ്യങ്ങളിലേക്ക് സര്‍വിസുമുണ്ട്.ബോയിങ് 737 മാക്സ് ഇനത്തില്‍പ്പെട്ട 225 വിമാനങ്ങള്‍ 2025നുള്ളില്‍ സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്ന ജെറ്റ് എയര്‍വെയ്സ് കടുത്ത പ്രതിസന്ധിയിലാണെന്നാണ് മാനേജ്മെന്റ് പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 636.45 കോടിയുടെ നഷ്ടമുണ്ടെന്നാണ് മാനേജ് മെന്റിന്റെ വാദം.ജെറ്റിന് ഇതുവരെ 8150 കോടി ഡോളറിന്റെ കടമാണുള്ളത്.ഇക്കാലമത്രയും ലാഭത്തില്‍ കുതിച്ചോടിയ ജെറ്റിന് രൂപയുടെ മൂല്യത്തകര്‍ച്ച, ഉയര്‍ന്ന ഇന്ധന വില, യാത്രാനിരക്കുകള്‍ തുടങ്ങിയവ മൂലം വിമാന കമ്പനി വെല്ലുവിളികള്‍ നേരിടുകയാണെന്ന് മനേജ്മെന്റ് പറയുന്നു.കടബാധ്യത കമ്പനിയിലെ വിമാന പൈലറ്റുമാരുടെ ശമ്പളമടക്കം 15 മുതല്‍ 30 ശതമാനം വരെ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതോടെ ജീവനക്കാരില്‍ പലരും കമ്പനി വിടാനൊരുങ്ങിയിരുന്നു.ഇത് കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്ന് അറിഞ്ഞതോടെ ജീവനക്കാരെ കൂടെ നിര്‍ത്താന്‍ പെടാപാട് പെടുകയാണ് കമ്പനി.അതേ സമയം കമ്പനിക്കുണ്ടായ ബാധ്യതക്ക് പിറകില്‍ കമ്പനിയുടെ ഓഹരിവാങ്ങിയവരുടെ വായ അടപ്പിക്കാനുള്ള തന്ത്രമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
വൈമാനികരും,യന്ത്രത്തകരാറും
വിമാനത്തിന്റെ കോക്പിറ്റിലിരുന്ന വനിതാ പൈലറ്റുള്‍പ്പെടെ കൂട്ടത്തല്ല്, റണ്‍വേ മറികടന്ന് ടാക്സിവേയില്‍ നിന്ന് വിമാനം ടേക്ക്ഓഫ് ചെയ്യാന്‍ ശ്രമം,മദ്യപിച്ചെത്തി സര്‍വിസ് മുടങ്ങല്‍ തുടങ്ങി ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ലൈസന്‍സ് റദ്ദാക്കിയ വൈമാനികരില്‍ കൂടുതലും ജെറ്റ് എയര്വെയ്സിലായിരിക്കും. ലണ്ടനില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനം പറത്തുന്നതിനിടെയാണ് കോക്ക്പിറ്റില്‍വച്ച് അടിപിടികൂടിയ വനിത അടക്കം രണ്ടു പൈലറ്റുമാരെ വിമാനക്കമ്പനി ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തിയ സംഭവം കഴിഞ്ഞ ജനുവരിയിലാണ് നടന്നത്.ഇവര്‍ക്കെതിരെ പിന്നീട് ഡി.ജി.സി.എയുടെ നടപടിയെടുത്തു.
സഊദി അറേബ്യയിലെ റിയാദ് വിമാനത്താവളത്തില്‍ റണ്‍വേ മറികടന്ന് ടാക്സിവേയില്‍ നിന്ന് വിമാനം ടേക്ക്ഓഫ് ചെയ്യാന്‍ ശ്രമിച്ചതിന് ജെറ്റ് എയര്വെയ്സിലെ രണ്ട് പൈലറ്റുമാരുടെ ലൈസന്‍സ് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ റദ്ദാക്കി.വൈമാനികരുടെ കുടിപ്പകയും കെടുകാര്യസ്ഥതയും കമ്പനിക്കും തിരിച്ചടിയാവുന്നു.ജെറ്റ് എയര്‍വെയ്സിന് മാത്രമല്ല ജീവനക്കാരുടെ മോശം പെരുമാറ്റവും പ്രശ്നങ്ങളും മൂലം രാജ്യത്തെ മിക്ക വിമാന കമ്പനികളും യാത്രക്കാരുടെ പ്രീതിപിടിച്ചു പറ്റാന്‍ കഴിയാത്ത അവസ്ഥയാണ്.
യന്ത്രത്തകരാര്‍, ഉദ്യോഗസ്ഥ
പിടിപ്പുകേട്
ഇന്ത്യയിലെ ഗള്‍ഫ്മേഖല വിദേശ വിമാന കമ്പനികളുടെ കുത്തകയാവാന്‍ കാരണം അവരുടെ സര്‍വിസിന്റെയും വിമാനങ്ങളുടെയും മേന്മയാണ്.വിമാനങ്ങള്‍ യന്ത്രത്തകരാര്‍ ആവുന്നതോടെ പകരം വിമാനമെത്തിച്ച് യാത്രക്കാരന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ ഏറെ പിറകിലാണ്.അടിക്കടി യന്ത്രത്തകരാറാവുന്ന വിമാനങ്ങള്‍ തന്നെ സര്‍വിസിന് ഉപയോഗിച്ച് ഇവര്‍ യാത്രക്കാരെ പരീക്ഷിക്കുന്നു. ഇതോടെ യാത്രക്കാര്‍ ജോലി സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിദേശ വിമാന കമ്പനികളില്‍ ടിക്കറ്റെടുത്ത് യാത്രയാവുന്നു.
ഇന്ത്യന്‍ വിമാനകമ്പനികളിലെ ജീവനക്കാരുടെ പെരുമാറ്റത്തിലും യാത്രക്കാര്‍ അതൃപ്തരാണ്.സര്‍വിസ് മുടങ്ങിയാലും താളം തെറ്റിയാലും കൃത്യമായി വിശദീകരണം നല്കാന് വിമാന കമ്പനി ജീവനക്കാര്‍ തയാറാവാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.വിമാന സമയത്തെ കുറിച്ച് ചോദിച്ചാല്‍ പോലും കൃത്യമായി പറയാന്‍ ഇവര്‍ക്ക് ആവുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു.വിമാന കമ്പനികള്‍ക്കെതിരെയുള്ള പരാതികളുമായി വിദേശ യാത്രക്കാര്‍ കയറിയിറങ്ങാന്‍ ഇവര്‍ക്ക് മതിയായ സമയങ്ങളും ലഭിക്കാറില്ല.
(നാളെ: ഹജ്ജ് സര്‍വിസും കുത്തക ലോബികളും)