2021 January 24 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇന്ത്യ മരിക്കുമ്പോള്‍ ആരുണ്ട് ജീവിക്കുന്നു?

പി.കെ പാറക്കടവ്

തീക്കല്ലിന്മേല്‍ ഇടിമിന്നല്‍ മുദ്രവീഴ്ത്തിക്കഴിഞ്ഞിരിക്കുന്നു
ഇനി എന്റെ മാംസം കൃമികള്‍ തിന്നു തീര്‍ത്തുകൊള്ളട്ടെ
പരുന്തുകള്‍ക്ക് പിറവി നല്‍കാന്‍ ഉറുമ്പുകള്‍ക്കാവില്ല
പാമ്പിന്‍ മുട്ടകള്‍ പൊട്ടിയാല്‍
പാമ്പുകളല്ലാതൊന്നും വിരിയുകയില്ല’
-ഫലസ്തീനിയന്‍ കവി മഹ്മൂദ് ദര്‍വീശ്
*****

കത്‌വ സംഭവം മോദിയുടെ ഇന്ത്യ എങ്ങോട്ടാണ് പോകുന്നതെന്ന് അടയാളപ്പെടുത്തുന്നു. ജമ്മു കശ്മിരിലെ കത്‌വയില്‍ എട്ടു വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത് ഭീതിത സംഭവമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.
ലോകത്തിന്റെ മുമ്പില്‍ ഇന്ത്യ നാണം കെട്ടുകൊണ്ടേയിരിക്കുന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവ ജില്ലയില്‍ 17കാരി ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ കുല്‍ദീപ് സിങ് സെങ്കാര്‍ എന്ന എം.എല്‍.എ അറസ്റ്റിലാണ്.
ഇന്ത്യയെ ലജ്ജിപ്പിച്ചുകൊണ്ട് പ്രതികള്‍ക്കനുകൂലമായി ദേശീയപതാകയുമേന്തി നടത്തിയ പ്രകടനത്തില്‍ പങ്കെടുത്ത രണ്ട് കശ്മിരി ബി.ജെ.പി മന്ത്രിമാര്‍ക്ക് ജനരോഷം മൂലം രാജിവയ്‌ക്കേണ്ടിവന്നു. വ്യവസായ മന്ത്രി ചന്ദര്‍പ്രകാശ് ഗംഗയും വനമന്ത്രി ചൗധരിലാല്‍ സിങുമാണ് നാളെയുടെ നാണക്കേടുകളായി അവശേഷിക്കുന്ന ഈ നാണംകെട്ട മന്ത്രിമാര്‍.
ഇത്തരം വൃത്തികേടുകള്‍ക്ക് ഉപയോഗിക്കാനാണ് സംഘ്പരിവാറിനിന്ന് ദേശീയപതാക. മുട്ടു മടക്കി ജീവിക്കാന്‍ മടിച്ചതിന് നിവര്‍ന്നു നിന്ന് മരിച്ച നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളുടെ ആത്മാവുകള്‍ പോലും വേദനകൊണ്ട് പിടഞ്ഞിട്ടുണ്ടാവും ദേശീയപതാകകളുമേന്തി നടത്തിയ ഇത്തരം കോപ്രായ പ്രകടനങ്ങള്‍ കണ്ട്.

യോഗി ആതിഥ്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ കുറ്റവാളി ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെങ്കാറിനെ അറസ്റ്റ് ചെയ്യാന്‍ അലഹാബാദ് ഹൈക്കോടതി ഇടപെടേണ്ടിവന്നു.
രാജ്യമനസ്സാക്ഷിയെ മുറിവേല്‍പിച്ച കത്‌വ സംഭവം പുറത്തു കൊണ്ടുവന്നത് ദീപിക സിങ് എന്ന അഭിഭാഷകയുടെ നിശ്ചയദാര്‍ഢ്യവും നിയമ പോരാട്ടവുമാണ്. ‘ഞാന്‍ പീഡിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യാം. അവര്‍ എന്നെ ഒറ്റപ്പെടുത്തും. എങ്ങനെ അതിജീവിക്കുമെന്ന് അറിയില്ല. കോടതിയില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യാന്‍ അനുവദിച്ചെന്നു വരില്ല. പല കോണുകളില്‍ നിന്നും ഭീഷണി സന്ദേശം ലഭിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും പിറകോട്ടില്ല’ – ദീപിക സിങിന്റെ പൊള്ളുന്ന പ്രസ്താവന ഏതൊരു ഇന്ത്യക്കാരന്റെയും കണ്ണു തുറപ്പിക്കേണ്ടതാണ്. എല്ലാ വെളിച്ചവും കെട്ടുപോയിട്ടില്ല എന്ന് നമുക്കാശ്വസിക്കാനാവുന്നത് ഇത്തരം മനസ്സാക്ഷിയുള്ള മനുഷ്യര്‍ ഉള്ളതുകൊണ്ടാണ്.

ഒരു രാജ്യം മരിച്ചുകൊണ്ടിരിക്കുമ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസുകളിലെ താത്ത്വിക ചര്‍ച്ചകളല്ല വേണ്ടത്. ഇടതുപക്ഷവും കോണ്‍ഗ്രസും ന്യൂനപക്ഷ സംഘടനകളും ദലിതരും എല്ലാം ഒന്നായി കൈകോര്‍ത്ത് ചെങ്കോലേന്തിയ ഫാഷിസത്തെ എതിര്‍ക്കുകയാണ് വേണ്ടത്.
കത്‌വയില്‍ ആ കുഞ്ഞ് കൊല്ലപ്പെട്ടത് കശ്മിരിയും മുസ്‌ലിമും ആയതുകൊണ്ട് തന്നെയാണ്. മുസ്‌ലിം സംഘടനകള്‍ പ്രതിഷേധിക്കുമ്പോള്‍ അത് സംഘ്പരിവാറിന് അനുകൂലമായി സാമുദായിക ധ്രുവീകരണം നടക്കുന്ന നിലയിലാകരുത്. മതേതര മനസുള്ളവരും ജനാധിപത്യവിശ്വാസികളുമായ ഇന്ത്യയിലെ മനസ്സാക്ഷി മരിച്ചിട്ടില്ലാത്തവരുടെ പോരാട്ടത്തില്‍ അണിചേരുകയാണ് ചെയ്യേണ്ടത്.
ചായം തേച്ച തുണിക്കഷണങ്ങളുടെ പേരില്‍ പോരു നടത്തേണ്ട സമയമല്ലിത്. ഇന്ത്യ മരിക്കുമ്പോള്‍ ആരാണ് ജീവിക്കുക എന്ന് ഓരോരുത്തരും ചോദിക്കേണ്ട അവസരമാണിത്. ഹിന്ദുക്കളില്‍ മഹാഭൂരിപക്ഷവും ഹിന്ദുത്വം എന്ന പേരില്‍ ഭരണകൂടം നടത്തുന്ന കിരാത നടപടികള്‍ക്കെതിരാണ് എന്നും മനസിലാക്കേണ്ടിയിരിക്കുന്നു. സാമുദായിക സൗഹൃദം തകര്‍ക്കുന്ന ഒരു നടപടിക്കും ആരും കൂട്ടുനില്‍ക്കരുതെന്നും നാം മനസിലാക്കേണ്ടിയിരിക്കുന്നു.
എല്ലാ കാര്യങ്ങള്‍ക്കും ട്വീറ്റ് ചെയ്യുകയും സ്വയം മികച്ച പ്രഭാഷകനെന്ന് കരുതുകയും ചെയ്യുന്ന പ്രധാനമന്ത്രി മോദി ഇന്ത്യയില്‍ സ്ത്രീകളും ന്യൂനപക്ഷങ്ങളും വര്‍ഗീയശക്തികളാല്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുമ്പോള്‍ മൗനം പാലിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയലെഴുതി.
അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ മുഖം കുനിയുന്നു. രാജ്യസ്‌നേഹികളായ മതേതര വിശ്വാസികളൊക്കെ ഇന്ത്യയുടെ യശസ്സിനെ വീണ്ടെടുക്കാന്‍ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കെതിരെ കൂട്ടായ്മ ശക്തിപ്പെടുത്തേണ്ട സമയമാണിത്.
*****

‘ഇന്നലെ രാവിലെ എന്റെ ഉറക്കം ഓടിപ്പോവുകയും
എന്റെ വിചിത്ര ഭാവനകള്‍ കീറിപ്പോവുകയും ചെയ്തു.
എന്റെ മനസിന്റെ വന്യനിഴലില്‍ ഒരു കഴുകനെ ഞാന്‍ വീക്ഷിച്ചു
അതിന്റെ കൊക്കില്‍ പഴയ അതേ രീതിയില്‍ മാടപ്രാവിന്റെ ചോര.’
-കശ്മിര്‍ കവി റഹ്മാന്‍ റാഹി

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.