ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഫുടബോളില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. സഊദി അറേബ്യയോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റാണ് ഇന്ത്യ പുറത്തായത്. ആദ്യ പകുതിയില്‍ എതിരാളികളെ ഗോളടിക്കാതെ പിടിച്ചു നിര്‍ത്തിയ ഇന്ത്യ രണ്ടാം പകുതിയിലാണ് രണ്ടു ഗോള്‍ വഴങ്ങിയത്. 52, 58 മിനിറ്റില്‍ മുഹമ്മദ് ഖലീല്‍ മറന്‍ നേടിയ ഇരട്ട ഗോളുകളാണ് സഊദിക്ക് വിജയമൊരുക്കിയത്.
പറയത്തക്ക മുന്നേറ്റങ്ങളൊന്നും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല. എന്നാല്‍ ആദ്യ പകുതിയില്‍ മനോഹരമായി പ്രതിരോധിക്കാന്‍ ഇന്ത്യക്കായിരുന്നു. അല്‍ നസ്റിനൊപ്പം കളിക്കുകയും ഗോള്‍ നേടുകയും ചെയ്തിട്ടുള്ള താരമാണ് മറന്‍. അല്‍ നസ്റില്‍ നിന്ന് സഊദിക്ക് വേണ്ടി കളിക്കുന്ന ഏകതാരവും മറന്‍ തന്നെ.
ചൈനക്കെതിരെ ആദ്യ മത്സരത്തില്‍ 5-1ന് തോല്‍വി ഏറ്റുവാങ്ങിയായിരുന്നു ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ തുടക്കം. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയും മൂന്നാം മത്സരത്തില്‍ മ്യാന്മറിനെതിരെ സമനില പിടിച്ചും രണ്ടാമന്മാരായാണ് പ്രീ ക്വാര്‍ട്ടറില്‍ ഇടം ലഭിച്ചത്.
ഏഷ്യന്‍ ടീമുകളില്‍ അഞ്ചാം റാങ്കിലും ഫിഫ ലോക റാങ്കിംഗില്‍ 57-ാമതുമാണ് സഊദി. ഇന്ത്യയാകട്ടെ ഏഷ്യയില്‍ 18-ാം സ്ഥാനത്തും ലോക റാങ്കിംഗില്‍ 102-ാം സ്ഥാനത്തും നില്‍ക്കുന്നു. ഏഷ്യന്‍ ഗെയിംസില്‍ ഇതുവരെ കളിച്ച മൂന്ന് കളികളില്‍ 18 ഗോളുകളാണ് സഊദി എതിരാളികളുടെ വലയിലെത്തിച്ചതെങ്കില്‍ ഇന്ത്യക്ക് അടിക്കാനായത് രണ്ട് ഗോള്‍ മാത്രമാണ്.
Comments are closed for this post.