2023 December 01 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇന്ത്യക്ക് വിശക്കുന്നു

   

ദാരിദ്ര്യവുമായി ബന്ധപ്പെട്ട ആഗോള പട്ടിണി സൂചികയിലെ (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ്) ഇന്ത്യയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണക്കുകളും കണ്ടെത്തലുകളും ആഗോളതലത്തില്‍ നിരവധി ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും കാരണമായി. കഴിഞ്ഞ മാസം ഔദ്യോഗികമായി പ്രസിദ്ധീകരിച്ച 2023ലെ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ റാങ്കിങ് 125 രാജ്യങ്ങളില്‍ 111 ആണ്. 2022ലെ സൂചികയിലെ 107ല്‍ നിന്ന് ഇന്ത്യയുടെ റാങ്ക് താഴേക്ക് പോയിരിക്കുന്നു. ഇത് രാജ്യത്തെ സംബന്ധിച്ചേടത്തോളം ‘ഗുരുതരമായ’ വിശപ്പിന്റെ തീവ്രതയെ സൂചിപ്പിക്കുന്നു. ലോകത്തെ സാമ്പത്തിക വന്‍ശക്തിയായി രാജ്യം വളരുന്നു എന്ന അവകാശവാദങ്ങള്‍ക്കിടെ പുറത്തുവന്ന ഈ കണക്കുകള്‍ ഇന്ത്യക്ക് തിരിച്ചടിയാണ്.

ആഗോള പട്ടിണി സൂചിക തയാറാക്കിയ രീതി അശാസ്ത്രീയമെന്ന് പറഞ്ഞു കഴിഞ്ഞവര്‍ഷത്തെ റിപ്പോര്‍ട്ടിനെ കേന്ദ്ര സര്‍ക്കാര്‍ തള്ളികളഞ്ഞു. ഈ വര്‍ഷവും സമാന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ആഭ്യന്തര പ്രശ്‌നങ്ങളും സാമ്പത്തിക തകര്‍ച്ചയും അനുഭവിക്കുന്ന ശ്രീലങ്കയേക്കാളും പാകിസ്താനേക്കാളും മോശം പ്രകടനം ഇന്ത്യ പുറത്തെടുത്ത ഈ അവസരത്തിലും സൂചികയെ പരിഹസിക്കുന്ന സമീപനമാണ് വനിതശിശു വികസന മന്ത്രി സ്മൃതി ഇറാനിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. കുട്ടികളുടെ ഭാരക്കുറവില്‍ ലോകത്ത് തന്നെ ഏറ്റവും താഴ്ന്ന സ്‌കോറും വനിതകളുടെ വിളര്‍ച്ചാ നിരക്കില്‍ 12ാമത്തെ മോശം സ്ഥാനവും നേടിയ അവസരത്തില്‍ കൂടിയാണ് വനിതാ ശിശു ക്ഷേമ മന്ത്രിയുടെ പരിഹാസം. അയല്‍രാജ്യങ്ങളായ പാകിസ്താന്‍ (102), ബംഗ്ലാദേശ് (81), നേപ്പാള്‍ (69), ശ്രീലങ്ക (60) എന്നിവക്കെല്ലാം പിന്നിലാണ് ഇന്ത്യ. 2015ലെ 29.2 എന്ന സ്‌കോറില്‍നിന്ന് 28.7 ആക്കി മെച്ചപ്പെടുത്തിയിട്ടും റാങ്കിങ്ങില്‍ ഇന്ത്യ പിറകോട്ട് പോയത് മറ്റ് രാജ്യങ്ങള്‍ ഇക്കാലയളവ് കൊണ്ട് ഇന്ത്യയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചതു കൊണ്ട് കൂടിയാണ്.

ആഗോള പട്ടിണി സൂചിക
ആഗോള, പ്രാദേശിക, ദേശീയ തലങ്ങളില്‍ വിശപ്പ് സമഗ്രമായി അളക്കുന്നതിനുള്ള സൂചികയാണ് ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ് (GHI). 2023ല്‍ ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ് സൂചികയുടെ 18ാം പതിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഐറിഷ് മനുഷ്യാവകാശ സംഘടനയായ കണ്‍സേണ്‍ വേള്‍ഡ്‌വൈഡും ജര്‍മന്‍ സന്നദ്ധ സംഘടനയായ വെല്‍ത്ത് ഹംഗര്‍ ലൈഫും സംയുക്തമായി എല്ലാ വര്‍ഷവും ഒക്ടോബറിലാണ് സൂചിക പുറത്തിറക്കുന്നത്. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളര്‍ച്ചാ മുരടിപ്പ് എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണിസൂചിക തയാറാക്കുന്നത്. 9.9ന് താഴെയുള്ള സ്‌കോര്‍ കുറഞ്ഞ വിശപ്പ്, 10നും 19.9നുമിടയില്‍ മിതമായത്, 20 മുതല്‍ 34.9 പോയിന്റ് വരെയുള്ള സ്‌കോര്‍ ഗുരുതരം, 35 മുതല്‍ 49.9 വരെയുള്ളത് അപകടകരം, 50 മുതല്‍ മുകളിലേക്കുള്ളത് അതീവ അപകടകരം എന്നിങ്ങനെയുള്ള സ്‌കോര്‍ അടിസ്ഥാനത്തിലാണ് പട്ടിക ക്രമീകരിച്ചിട്ടുള്ളത്. പട്ടികയില്‍ ഗുരുതര വിഭാഗത്തിലാണ് നിലവില്‍ ഇന്ത്യയെ പെടുത്തിയിരിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ അഫ്ഗാനിസ്താനും തിമോര്‍ ലെഷെയും യെമനും മാത്രമാണ് ഇന്ത്യയേക്കാള്‍ മോശം പ്രകടനം കാഴ്ചവച്ചിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പട്ടിണിയുള്ള പ്രദേശങ്ങള്‍ ദക്ഷിണേഷ്യയും സബ്‌സഹാറന്‍ ആഫ്രിക്കയും കുറവുള്ള പ്രദേശങ്ങള്‍ യൂറോപ്പും മധ്യേഷ്യയുമാണ്. കൊവിഡ് 19 , റഷ്യഉക്രെയ്ന്‍ യുദ്ധം, കാലാവസ്ഥാ വ്യതിയാനം മുതലായ ഒന്നിലധികം ഘടകങ്ങള്‍ കാരണം ആഗോള പട്ടിണിക്കെതിരായ പോരാട്ടം നിശ്ചലമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിഭീകരമായ പട്ടിണി പ്രശ്‌നങ്ങളിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്ന് ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ് പ്രകാരമുള്ള ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ GHI സ്‌കോര്‍ 100 പോയിന്റ് സ്‌കെയിലില്‍ 28.7 ആണ്. 2000 മുതല്‍ 2015 വരെ ജി.എച്ച്.ഐ റാങ്കില്‍ ഇന്ത്യ മികച്ച മുന്നേറ്റം നടത്തിയപ്പോള്‍ 2015 മുതല്‍ ജി.എച്ച്.ഐയില്‍ 0.5 പോയിന്റ് മാത്രമാണ് ഇന്ത്യ മുന്നേറിയത് എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ പോഷകാഹാരക്കുറവിന്റെ നിരക്ക് 16.6 ശതമാനവും ആണെങ്കില്‍, 15നും 24നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ വിളര്‍ച്ചയുടെ വ്യാപനം 58.1 ശതമാനമാണ്. പോഷകക്കുറവ്, അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളിലെ ഭാരക്കുറവ് എന്നിവയില്‍ മറ്റു വര്‍ഷങ്ങളിലേക്കാള്‍ മോശം പ്രകടനമാണ് ഇന്ത്യയുടേത്. കുട്ടികളുടെ ഭാരക്കുറവ് ഇന്ത്യയില്‍ 18.7 ആണ്. ലോകത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമാണിത്.
പട്ടികയില്‍ ഏറ്റവും പിന്നിലായ രാജ്യത്ത് പോലും കുട്ടികളുടെ ഭാരക്കുറവിലെ കണക്ക് ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ടതാണ്. കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പാകട്ടെ 35.5 ശതമാനവും പോഷകാഹാരക്കുറവ് 16.6ഉം അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 3.1ഉം ആണ്. ആഗോള വിശപ്പ് സൂചികയനുസരിച്ച് സ്ത്രീകളിലെ വിളര്‍ച്ചയുടെ കാര്യത്തില്‍ ഏറ്റവും മോശം അഞ്ച് രാജ്യങ്ങളിലാണ് ഇന്ത്യയുടെ ഇടം. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കുട്ടികളിലെ ഭാരക്കുറവ് നിരക്ക് ഇന്ത്യയിലാണ് 18.7 ശതമാനം. അതിതീവ്ര പോഷകാഹാരക്കുറവിനുള്ള ഉദാഹരണമാണ് ഇന്ത്യയുടെ കണക്കെന്നു കൂടി സൂചിക പറയുന്നു.

ഇന്ത്യയില്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ വലിയ കുതിച്ചുകയറ്റം സൂചിപ്പിക്കുന്ന 20062012 കാലയളവില്‍ ഒന്നാം യു.പി.എ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രാജ്യത്ത് നടപ്പാക്കിയ ദേശീയ തൊഴിലുറപ്പ് പദ്ധതി പോലെയുള്ള ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2005 മുതലുള്ള 10 കൊല്ലത്തില്‍ ഏറ്റവുമധികം പേരെ ദാരിദ്ര്യമുക്തരാക്കിയ രാജ്യം ഇന്ത്യയെന്ന നേട്ടവും കൈവരിച്ചിരുന്നിടത്തുനിന്നുമാണ് പിന്നീട് നമുക്ക് പിറകോട്ടുപോകേണ്ടിവന്നത് എന്നതും ശ്രദ്ധേയമാണ്.
ദരിദ്രരെ മറക്കുന്ന

സാമ്പത്തിക നയങ്ങള്‍
യു.എന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമും ഓക്‌സ്‌ഫോര്‍ഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവും പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് 2005 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തിലെ നേട്ടം ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഈ കാലയളവില്‍ ഇന്ത്യയിലെ 27 കോടി 30 ലക്ഷത്തിലധികം ആളുകള്‍ ദാരിദ്ര്യ മുക്തി നേടിയതായി പഠനം പറയുന്നു. പക്ഷേ പിന്നീട് ഇന്ത്യയില്‍ നടപ്പിലാക്കിയ തീവ്ര വലതുപക്ഷ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ ദരിദ്രരെ പിന്നോട്ടടിക്കുകയാണ് ചെയ്തത്. 2012 മുതല്‍ 2023 വരെയുള്ള ഒമ്പത് വര്‍ഷംകൊണ്ട് നമ്മള്‍ 28.8 ല്‍ നിന്നും 28.7 വരെ മാത്രമേ എത്തിയുള്ളു എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയില്‍ 73 മില്യണ്‍ ആളുകള്‍ കൊടിയ ദാരിദ്ര്യത്തിലാണ് ഇപ്പോഴും കഴിയുന്നത്. മൊത്തം ജനസംഖ്യയുടെ 5.5 ശതമാനം വരുമിത്.
ഇന്ത്യയില്‍ ദാരിദ്ര്യ നിര്‍മാര്‍ജനം നടക്കുന്നുണ്ടെങ്കിലും പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം അതിവേഗം വര്‍ധിക്കുകയാണെന്ന് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നു. കൂടാതെ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കുന്നതിലെ പാളിച്ചകള്‍, പദ്ധതികളുടെ ഫലപ്രദമായ നിരീക്ഷണത്തിന്റെ അഭാവം, പോഷകാഹാരക്കുറവ് കൈകാര്യം ചെയ്യുന്നതിലെ ഉദാസീനത തുടങ്ങിയവ ഇന്ത്യയില്‍ ദാരിദ്ര്യനിരക്ക് ഉയര്‍ന്നുനില്‍ക്കുന്നതിനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡിജിറ്റല്‍ ഇന്ത്യയും മേക്ക് ഇന്‍ ഇന്ത്യയും പോലെയുള്ള വലിയ പദ്ധതികള്‍ രാജ്യത്തിന്റെ മുഖച്ഛായതന്നെ മാറ്റിയെഴുതുമെന്ന വലിയഅവകാശവാദങ്ങള്‍ നടക്കുമ്പോഴും വളരുന്ന ഇന്ത്യയുടെ തിരശീലക്കു പിന്നില്‍ വിശന്നുകരയുന്ന പട്ടിണി കിടക്കുന്ന മറ്റൊരു ഇന്ത്യകൂടിയുണ്ട് എന്ന യാഥാര്‍ഥ്യത്തെ ഭരണാധികാരികള്‍ ഒരിക്കലും മറക്കരുത്.

പ്രൊഫ. റോണി കെ. ബേബി


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.