ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ കാനഡക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി ഇന്ത്യ ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ ഇന്ത്യ പുറത്താക്കി. അഞ്ചു ദിവസത്തിനുള്ളില്‍ ഇന്ത്യ വിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ മറുപടി വന്നിരിക്കുന്നത്. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിയെയാണ് കാനഡ പുറത്താക്കിയത്.
ഇന്ത്യ- കാനഡ ‘പോര്’ തുടരുന്നു; ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി
കനേഡിയന്‍ മണ്ണില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ ഖലിസ്ഥാന്‍ നേതാവിനെ കൊലപ്പെടുത്തിയെന്ന ആരോപണം ഇന്ത്യ തള്ളുകയും ചെയ്തിരുന്നു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണങ്ങള്‍ കാനഡയിലെ ഖലിസ്ഥാന്‍ പ്രവര്‍ത്തകരുടെ വിഘടന പ്രവര്‍ത്തനങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ട്രൂഡോയെ അറിയിച്ചിരുന്നു. ഖലിസ്ഥാന്‍ ഭീകരര്‍ക്ക് കാനഡ താവളം ഒരുക്കുന്നുവെന്നും ഇന്ത്യ വിമര്‍ശിച്ചു.
കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്കുണ്ടെന്ന സംശയം ട്രൂഡോ കനേഡിയന്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. കനേഡിയന്‍ മണ്ണില്‍ ഒരു കനേഡിയന്‍ പൗരനെ കൊലപ്പെടുത്തിയതില്‍ ഒരു വിദേശ സര്‍ക്കാറിന്റെ പങ്ക് കാനഡയുടെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും ട്രൂഡോ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ജൂണിലാണ് കാനഡയിലെ ഗുരുദ്വാരക്ക് മുന്നില്‍ വെച്ച് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്.
Comments are closed for this post.