2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഗോളടിച്ച് ജിങ്കനും ഛേത്രിയും; ത്രിരാഷ്ട്ര ഫുട്‌ബോള്‍ കിരീടം ഇന്ത്യക്ക്

ഇംഫാല്‍: ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജിങ്കന്റെയും ഛേത്രിയുടെയും തോളിലേറി കിരീടം ചൂടി ഇന്ത്യ. കിര്‍ഗിസ്ഥാനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യയ്ക്കായി സന്ദേശ് ജിങ്കാന്‍ 34-ാം മിനിറ്റിലും, സുനില്‍ ഛേത്രി 84ാം മിനിറ്റ്, പെനല്‍റ്റിയിലുടെയും ഗോള്‍ കണ്ടെത്തി. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ (106) മുന്നിലാണ് കിര്‍ഗിസ്ഥാന്‍ (94). കിര്‍ഗിസ്ഥാനെതിരെ കളത്തിലിറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് കിരീടമുറപ്പിക്കാന്‍ വേണ്ടിയിരുന്നത് സമനില മാത്രമായിരുന്നു. എന്നാല്‍, ഇരു പകുതികളിലുമായി നേടിയ ഗോളുകളിലൂടെ വിജയം തന്നെ പിടിച്ചെടുത്താണ് ഇന്ത്യ കിരീടം ചൂടിയത്.

കഴിഞ്ഞ മത്സരത്തില്‍ കിര്‍ഗിസ്ഥാനും മ്യാന്‍മറും 1-1 സമനില വഴങ്ങിയതാണ് ഇന്ത്യയ്ക്കു നേട്ടമായത്.ആദ്യ മത്സരത്തില്‍ ഇന്ത്യ 1-0ന് മ്യാന്‍മറിനെ തോല്‍പിച്ചിരുന്നു. 2019 ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ഹോം മത്സരത്തില്‍ ഇന്ത്യ കിര്‍ഗിസ്ഥാനെ 1-0നു തോല്‍പിച്ചിരുന്നു. എന്നാല്‍ എവേ മത്സരത്തില്‍ 2-1നു തോറ്റു.

മത്സരം കടുപ്പമുള്ളതായിരുന്നു. ഫ്രീകിക്കില്‍ നിന്നായിരുന്നു ആദ്യഗോള്‍ പിറന്നത്. ബ്രണ്ടന്‍ എടുത്ത കിക്ക് ജിങ്കന്‍ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ബ്രണ്ടന്‍ തൊടുത്ത കിക്കിന് കൃത്യമായി ഓടിയെത്തിയ ജിങ്കന്‍, പന്ത് നിലം തൊടുംമുമ്പെ കാല്‍വെച്ച് വലക്കുള്ളിലേക്ക് തട്ടി. ആദ്യ പകുതിയില്‍ തന്നെ ഇന്ത്യ ഒരു ഗോളിന് മുന്നിലെത്തി. രണ്ടാം പകുതിയില്‍ ഇന്ത്യ, ലീഡ് വര്‍ധിപ്പിച്ചു. 84ാം മിനുറ്റില്‍ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് സുനില്‍ഛേത്രി ലീഡ് വര്‍ധിപ്പിച്ചത്. മഹേഷിന് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി, സുനില്‍ഛേത്രി വലക്കുള്ളിലേക്ക് തട്ടിക്കയറ്റി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.