2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഇംഗ്ലണ്ട് 284ന് പുറത്ത് ;ഇന്ത്യക്ക് 257 റണ്‍സ് ലീഡ്

എഡ്ബാസ്റ്റണ്‍: ഇന്ത്യയുടെ 416 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 284ന് ഓള്‍ഔട്ട്. ഇന്ത്യയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന് മുന്നില്‍ ആതിഥേയര്‍ക്ക് അടി പതറുകയായിരുന്നു. 284ല്‍ ഇംഗ്ലണ്ടിനെ ഒതുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 100 റണ്‍സ് തികയുന്നതിന് മുന്‍പ് മൂന്ന് വിക്കറ്റ് നഷ്ടമായി. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ 257 റണ്‍സ് ലീഡ് ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. വിരാട് കോഹ്‌ലി (20), ശുഭ്മാന്‍ ഗില്‍ (4), ഹനുമ വിഹാരി (11) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് മൂന്നാം ദിനം നഷ്ടമായത്. മൂന്ന് വിക്കറ്റിന് 125 എന്ന നിലയിലാണ് ഇന്ത്യ. ജോണി ബെയര്‍‌സ്റ്റോയുടെ (106) സെഞ്ചുറി പ്രകടനമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും ജസ്പ്രീത് ബുംറ മൂന്നും മുഹമ്മദ് ഷമി രണ്ടും ശര്‍ദുല്‍ താക്കൂര്‍ ഒരു വിക്കറ്റും നേടി.

മൂന്നാം ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 84 എന്ന നിലയില്‍ ആരംഭിച്ച ഇംഗ്ലണ്ടിനായി ജോണി ബെയര്‍സ്‌റ്റോയും ബെന്‍ സ്‌റ്റോക്‌സും ചേര്‍ന്ന് 66 റണ്‍സിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ട് സൃഷ്ടിച്ചു. രണ്ട് പേരും ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റിയതോടെ ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ് അതിവേഗം ഉയര്‍ന്നു. എന്നാല്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സിനെ (25) മടക്കി ശര്‍ദുല്‍ താക്കൂര്‍ മത്സരത്തിലേക്ക് ഇന്ത്യയെ തിരികെ കൊണ്ടുവന്നു. മുഹമ്മദ് ഷമിയുടെ ഓവറില്‍ ശര്‍ദുല്‍ താക്കൂറും ശര്‍ദുല്‍ താക്കൂറിന്റെ ഓവറില്‍ ജസ്പ്രീത് ബുംറയും സ്റ്റോക്‌സിനെ കൈവിട്ട് കളഞ്ഞെങ്കിലും ശര്‍ദുലിന്റെ ഓവറില്‍ ലഭിച്ച രണ്ടാം അവസരം തകര്‍പ്പന്‍ ക്യാച്ചിലൂടെ ബുംറ കൈയിലാക്കി.

സ്‌റ്റോക്‌സ് മടങ്ങിയ ശേഷം ഏഴാം വിക്കറ്റില്‍ സാം ബില്ലിങ്‌സുമായി ചേര്‍ന്ന് 92 റണ്‍സിന്റെ കൂട്ടുകെട്ടാണ് ബെയര്‍സ്‌റ്റോ സൃഷ്ടിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച ബെയര്‍സ്‌റ്റോ 140 പന്തില്‍ 14 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 106 റണ്‍സ് നേടിയത് ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. വിരാട് കോഹ്‌ലിയുടെ സ്ലെഡ്ജിങ്ങില്‍ പ്രകോപിതനായ ബെയര്‍‌സ്റ്റോ ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. മുഹമ്മദ് ഷമിയുടെ പന്തില്‍ സ്ലിപ്പില്‍ വിരാട് കോഹ്‌ലിക്ക് ക്യാച്ച് നല്‍കിയായിരുന്നു അദ്ദേഹത്തിന്റെ മടക്കം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.