2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാജ്യം വീണ്ടും കൊവിഡ് നിയന്ത്രണങ്ങളിലേക്ക്; സംസ്ഥാനങ്ങള്‍ നടപടികള്‍ കര്‍ശനമാക്കി

*ബംഗളൂരുവില്‍ നിരോധനാജ്ഞ, ജിംനേഷ്യവും നീന്തല്‍ കുളവും അടച്ചിടും
* പഞ്ചാബില്‍ രാത്രി കാല കര്‍ഫ്യൂ

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാം തരംഗത്തില്‍ കൊവിഡ് കേസുകളുടെ എണ്ണം നിയന്ത്രണാധീതമായി വര്‍ധിക്കാന്‍ തുടങ്ങിയതോടെ രാജ്യം വീണ്ടും ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നു. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങിയതോടെ സംസ്ഥാനങ്ങള്‍ വീണ്ടും ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിത്തുടങ്ങി. മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഡല്‍ഹി, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ ശക്തായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.
കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നതോടെ ബംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനവാസ മേഖലയില്‍ നീന്തല്‍ കുളം, ജിംനേഷ്യം, പാര്‍ട്ടി ഹാളുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നത് നിരോധിച്ചു. കഴിഞ്ഞദിവസം കര്‍ണാടകയില്‍ 5,000ലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഭൂരിഭാഗവും ബംഗളൂരു നഗരത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്. റാലികള്‍, പൊതുജനം തടിച്ചുകൂടുന്ന മറ്റു പരിപാടികള്‍, കൂട്ട പ്രാര്‍ഥന എന്നിവയ്ക്കും വിലക്കുണ്ട്. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. എല്ലാവരും സാമൂഹ്യ അകലം പാലിക്കണമെന്ന് ബംഗളൂരു പൊലിസ് കമ്മീഷണര്‍ അറിയിച്ചു.

ഡല്‍ഹിയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി സത്യേന്തര്‍ ജെയ്ന്‍ അറിയിച്ചു. കഴിഞ്ഞദിവസമാണ് ഡല്‍ഹിയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ 30 വരെ 10 മണിമുതല്‍ രാവിലെ 5 മണിവരെയാണ് കര്‍ഫ്യൂ. സ്വകാര്യ വാഹനത്തില്‍ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുകയാണെങ്കിലും മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ഡല്‍ഹി ഹൈക്കോടതി പറഞ്ഞിരുന്നു.

പഞ്ചാബില്‍ രാത്രി കാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 30 വരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി യോഗങ്ങളും നിരോധിക്കാനും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉത്തരവിട്ടു. രാത്രി ഒമ്പതു മുതല്‍ രാവിലെ അഞ്ചു വരെയാണ് എല്ലാ ജില്ലകളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹം മരണം തുടങ്ങിയ ചടങ്ങുകള്‍ക്ക് 50 പേര്‍ മാത്രമമേ പങ്കെടുക്കാവു. ഔട്ട് ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 100 ആക്കി നിജപ്പെടുത്തി. ഓഫിസുകളില്‍ ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കേരളത്തിലും കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.