
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ സാധാരണ സ്ഥിതിയിലേക്കു മടങ്ങുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍. ഊര്‍ജ ഉപയോഗം, ചരക്ക് സേവന നികുതി(ജിഎസ്ടി) വരുമാനം എന്നിവയിലെ വര്‍ധനവും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ സാധാരണ സ്ഥിതിയിലേക്കു മടക്കത്തിന് വേഗം കൂട്ടുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കൊവിഡിന്റെ രണ്ടാം വരവിനുള്ള സാധ്യത സാമ്പത്തിക വളര്‍ച്ചയ്ക്കു വലിയ ഭീഷണിയാണെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
മികച്ച തോതില്‍ മഴ ലഭിച്ചതിനാല്‍ കാര്‍ഷിക മേഖലയിലെ വൈദ്യുതി ഉപയോഗം കുറഞ്ഞു, റെയില്‍വേ മേഖല സാധാരണ ഗതിയിലായിട്ടില്ലെങ്കിലും കഴിഞ്ഞ മാസം ഊര്‍ജ ഉപയോഗത്തില്‍ 12.1% വര്‍ധനയുണ്ടായി. ഉല്പാദന മേഖല സാധാരണ സ്ഥിതിയിലേക്കു മാറുന്നതിന്റെ സൂചനയാണിതെന്ന് ജാവദേക്കര്‍ പറഞ്ഞു.
കൊവിഡിന്റെ രണ്ടാം വരവുണ്ടായാല്‍ ജനങ്ങളുടെ മടുപ്പും അകല വ്യവസ്ഥ പാലിക്കാനുള്ള മടിയും പ്രശ്നമാകും. ഈ ഒരു പ്രതിസന്ധി ഉണ്ടായില്ലെങ്കില്‍ വര്‍ഷാവസാനത്തോടെ സമ്പദ്വ്യവസ്ഥ കൊവിഡിനു മുന്‍പുള്ള സ്ഥിതിയിലേക്കു തിരിച്ചുവരുമെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
കൊവിഡിനെ നേരിടുന്നതില്‍ കര്‍ണാടകയിലും കേരളത്തിലും തമിഴ്നാട്ടിലും കൂടുതല്‍ ശ്രദ്ധവേണമെന്നും ആന്ധ്ര പ്രദേശിലും മഹാരാഷ്ട്രയിലും തെലങ്കാനയിലും സ്ഥിതി മെച്ചപ്പെട്ടെന്നും കഴിഞ്ഞ മാസത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ മന്ത്രാലയം അറിയിച്ചു.
പക്ഷേ ഭക്ഷ്യോത്പന്നങ്ങള്ക്കുണ്ടായ വില വര്‍ധനവ് ഗ്രാമ-നഗര ജീവിതത്തെ ഒരു പോലെ ബാധിച്ചു. ബാങ്കുകള്‍ വായ്പാ നിരക്ക് വെട്ടി കുറച്ചതും പെതു ജനത്തിന് വലിയ തിരിച്ചടിയാണ്.