2021 January 24 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡാനന്തരം ഇന്ത്യ ലോകത്തിന്റെ മുന്‍നിരയിലേക്ക്

ഡോ. മജീദ് സമിലാബ്‌സ്

 

കൊവിഡ് നല്‍കിയ തിരിച്ചറിവുകള്‍ രാജ്യത്തിന്റെ ഭാവിയെ സമൃദ്ധമാക്കാന്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ഗൗരവമായി ചിന്തിക്കേണ്ട സമയമാണിത്. മഹാമാരി നല്‍കിയ തിരിച്ചറിവ് നമ്മുടെ ജീവിതത്തെയും വ്യവസായം, സാമ്പത്തികം എന്നീ മേഖലകളെയും ഗുണകരമായി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന കാര്യത്തില്‍ ഗൗരവതരമായ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. അതേസമയം, ക്രൂഡ് ഓയിലിന്റെ വില അപകടകരമാംവിധം കൂപ്പുകുത്തിയതിന്റെ പ്രത്യാഘാതങ്ങള്‍ ലോകമെമ്പാടും അനുഭവപ്പെടുന്നുണ്ട്. പെട്രോളിയം ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട മേഖലകളില്‍ നിരവധി ഭാരതീയരാണ് ജോലി ചെയ്യുന്നത്. അവരുടെ ആശങ്കകളെ എങ്ങനെയാണ് അഭിമുഖീകരിക്കുകയെന്നതും പ്രസക്തമാണ്. കടുത്ത കൊവിഡ് ഭീഷണി നിലനില്‍ക്കെ ആപ്പിള്‍ ഉള്‍പ്പെടെയുള്ള വന്‍കിട അന്താരാഷ്ട്ര കമ്പനികള്‍ ചൈനയില്‍നിന്ന് കളം മാറ്റുകയാണെന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അത് നമുക്ക് എങ്ങനെ അനുകൂലമാക്കാമെന്ന കാര്യത്തില്‍ എന്തെല്ലാം ചെയ്യേണ്ടതുണ്ട്, ഭാവിയില്‍ വന്‍കിട അന്താരാഷ്ട്ര കമ്പനികളുടെ ഹബ്ബായി ഇന്ത്യ മാറുകയാണെങ്കില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് എന്തെല്ലാം പ്രതീക്ഷിക്കാം എന്നതൊക്കെ പരിശോധിക്കപ്പെടണം. കഴിവുള്ളവര്‍ക്ക് ഇന്ത്യയില്‍ ഒരു ക്ഷാമവുമില്ല. ഈ ഘട്ടത്തില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മുന്നോട്ടുള്ള യാത്രയ്ക്ക് വിഘാതമാവരുത്. ഏതു തരത്തിലുള്ള ഉത്തേജനമാണ് വേണ്ടതെന്നതിനെക്കുറിച്ച് കൃത്യമായ ധാരണ നമുക്കുണ്ടാകണം. ഒരുപാട് തമോഗര്‍ത്തങ്ങള്‍ സാമ്പത്തിക മേഖലയിലുണ്ട്. വെറുതെ പണം ഇറക്കിയാല്‍ ചോര്‍ന്നുപോവുന്നതറിയില്ല. തൊഴിലാളികള്‍ക്കും വ്യവസായ സംരംഭകര്‍ക്കും ഒരുപോലെ പ്രയോജനകരമാവുന്ന പരിഷ്‌കാരങ്ങളാണ് രാജ്യത്ത് നടപ്പാക്കേണ്ടത്.

ഉയര്‍ന്നുവരുന്ന കോര്‍പറേറ്റ് കടങ്ങള്‍ വളര്‍ന്നുവരുന്ന സമ്പദ്ഘടനകള്‍ക്ക് എന്നും ഭീഷണിയാണ്. ധനകാര്യ സ്ഥാപനങ്ങളടക്കമുള്ള കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ സാമ്പത്തികമായ തളര്‍ച്ച രാജ്യങ്ങളുടെ കറന്‍സി മൂല്യം ഇടിയാന്‍ കാരണമാവുമെന്നത് നിസാരകാര്യമല്ല. ഉല്‍പാദന രംഗത്ത് ഇന്ത്യ ഏറെ വികസിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഇന്ത്യയില്‍ തൊഴിലില്ലായ്മ സകല നിയന്ത്രണങ്ങളും ലംഘിച്ച് മുന്നോട്ടുപോകും. ഇത്തരത്തിലുള്ള സാഹചര്യം രാജ്യത്തെ അസ്ഥിരമാക്കും. ഭാവിയില്‍ ജപ്പാന്‍ ഒരിക്കലും ഒരു വന്‍ശക്തി അല്ലെന്നു പറയേണ്ടിവരും. കാരണം ജപ്പാന്റെ തൊഴില്‍ ചെയ്യാന്‍ ശേഷിയുള്ള മനുഷ്യഗണം കുറഞ്ഞുവരുകയാണ്. ചൈനയുടെയും സ്ഥിതി ഇതിന് തുല്യമാണെന്നാണ് സൂചനകള്‍. ഇന്ത്യ മാത്രമാണ് ഈ പ്രതിസന്ധിയില്ലാത്ത ഏറ്റവും വലിയ ഏഷ്യന്‍ രാജ്യം. ഇന്ത്യയില്‍ തൊഴിലെടുക്കാന്‍ ശേഷിയുള്ള ജനതയുടെ ശരാശരി മറ്റ് ഏഷ്യന്‍ രാജ്യങ്ങളെക്കാള്‍ വളരെ ഉയര്‍ന്നതാണ്. അതിനാല്‍ ഉല്‍പാദന രംഗം വിപുലപ്പെടുത്തി തൊഴില്‍ പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞാല്‍ ഏത് സാമ്പത്തിക പ്രതിസന്ധിയെയും പരിഹരിക്കാമെന്നതാണ് ലഭിക്കുന്ന സൂചനകള്‍. ഉല്‍പാദന മേഖലയുടെ ഉണര്‍വ് രാജ്യത്തുണ്ടായാല്‍ കോര്‍പറേറ്റ് മേഖലയില്‍ കുമിഞ്ഞുകൂടുന്ന ബാധ്യതകള്‍ കുറയ്ക്കാനാവും. ധനകാര്യസ്ഥാപനങ്ങളുടെ സാമ്പത്തിക കൈകാര്യശേഷിയേയും ഇത് വര്‍ധിപ്പിക്കും. ഉല്‍പാദന രംഗത്തിന്റെ വളര്‍ച്ചാ അനുബന്ധ മേഖലകളുടെയും വളര്‍ച്ചയാണ്. വ്യവസായിക പുരോഗതിയിലൂടെ കൈവരിക്കുന്ന വളര്‍ച്ച ജി.ഡി.പിയിലും സ്റ്റോക്ക് എക്‌സ്‌ചെയ്ഞ്ചുകളിലും ശുഭകരമായ അവസ്ഥ സൃഷ്ടിക്കും.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഇപ്പോള്‍ അനുഭവിക്കുന്ന വളര്‍ച്ചാ മാന്ദ്യത്തിന് പരിഹാരമായി സാമ്പത്തിക വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് സര്‍ക്കാര്‍ പണം കൂടുതല്‍ ചെലവിടണമെന്നതാണ്. സമ്പദ്‌വ്യവസ്ഥയില്‍ പണം കൂടുതലായി എത്തുമ്പോള്‍ ഉല്‍പന്നങ്ങള്‍ക്കുള്ള ആവശ്യകത വര്‍ധിക്കുകയും അത് ഉല്‍പാദനം വര്‍ധിപ്പിക്കുകയും ചെയ്യും. ഇതാണ് പൊതുചെലവ് വര്‍ധിപ്പിച്ച് സാമ്പത്തിക മാന്ദ്യം മറികടക്കാമെന്ന് നിര്‍ദേശിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ധനക്കമ്മി വര്‍ധിക്കുന്നത് തടയാനാണ് സര്‍ക്കാര്‍ ചെലവ് നിയന്ത്രിക്കുന്നത്. റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ കുറവു വരുത്തിയിട്ട് പോലും സാമ്പത്തിക രംഗം മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഈ ഘട്ടത്തില്‍ പൊതുചെലവ് കുറയ്ക്കാനുള്ള തീരുമാനം സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ മാന്ദ്യത്തിലാക്കുമെന്നാണ് ആശങ്കപ്പെടേണ്ടത്. ഇന്നത്തെ ആഗോളവത്കൃത യുഗത്തില്‍ വികസിത രാജ്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും വികസ്വര രാജ്യങ്ങളെയും മൂന്നാംലോക രാജ്യങ്ങളെയും ഒരേപോലെ ബാധിക്കും.

അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ കണക്കനുസരിച്ച് അസംഘടിത മേഖലയില്‍ ഇന്ത്യയില്‍ മാത്രം 40 കോടി തൊഴില്‍ അവസരങ്ങള്‍ കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രാഥമിക മേഖലയായ കൃഷിയെ അപേക്ഷിച്ച് വ്യവസായ, സേവന മേഖലകളെയാണ് കൊവിഡ് വ്യാപനം സാരമായി ബാധിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള ഇന്ത്യക്കാരുടെ കൂട്ടത്തോടെയുള്ള വരവും കാംപസ് പ്ലേസ്‌മെന്റില്‍ ഉണ്ടാകുന്ന കുറവും, വിവിധ മേഖലകളിലുണ്ടാകുന്ന ഇടിവും തൊഴില്‍ അവസരങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ ഇടവരുത്തും. എന്നാല്‍ കൊവിഡിന്റെ ഇരുളിലും പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍ കാണാനാകുന്നു എന്നതാണ് ഈ കാലയളവില്‍ ആശ്വാസമേകുന്നത്. നിര്‍മ്മാണം, ബൗദ്ധിക സൗകര്യ വികസനം, ട്രാവല്‍ ആന്‍ഡ് ടൂറിസം, ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, റീടെയില്‍ തുടങ്ങിയ മേഖലകളില്‍ തൊഴില്‍ അവസരങ്ങള്‍ കുറയുമെങ്കിലും ഇ – കൊമേഴ്‌സ്, ഇ – ലേണിങ്, ഡിജിറ്റല്‍ ടെക്‌നോളജി, ആരോഗ്യം, തൊഴില്‍ നൈപുണ്യ വികസനം തുടങ്ങിയ മേഖലകളില്‍ വന്‍വളര്‍ച്ച ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളില്‍ ദൃശ്യമാകും. മികച്ച തൊഴിലിന് അക്കാദമിക് മികവെന്നതിലുപരി തൊഴില്‍ നൈപുണ്യം അഥവാ സ്‌കില്‍ അത്യാന്താപേക്ഷിതമായിവരും. വ്യവസായ സേവന മേഖലകള്‍ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുമ്പോള്‍ അവരുടെ തൊഴില്‍ നൈപുണ്യശേഷി പ്രത്യേകം വിലയിരുത്തും. ഇതില്‍ സാങ്കേതിക തൊഴില്‍ നൈപുണ്യം, സാങ്കേതിക നൈപുണ്യശേഷി, മികച്ച ആശയവിനിമയശേഷി എന്നിവ പ്രത്യേകം വിലയിരുത്തപ്പെടും. ഡാറ്റാ അനലറ്റിക്‌സ്, പ്രോസസ് ഓട്ടമേഷന്‍, ആഗ്‌മെന്റഡ് റിയാലിറ്റി, മെഷീന്‍ ലേണിങ്, സൈബര്‍ സെക്യൂരിറ്റി എന്നിവയില്‍ ലക്ഷക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ രൂപപ്പെടും.

ഡാറ്റ ബിസിനസാകുന്ന കാലത്തേക്കാണ് ലോകം കടന്നുചെല്ലുന്നത്. ഇതിന് ആനുപാതികമായി ഡാറ്റാ മാനേജ്‌മെന്റ്, ബിഗ് ഡേറ്റാ അനലറ്റിക്‌സ്, സോഷ്യല്‍ അനലറ്റിക്‌സ് എന്നിവ കൂടുതല്‍ കരുത്താര്‍ജ്ജിക്കും. വിദ്യാര്‍ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയോടൊപ്പം ഏതെങ്കിലും ഒരു നൈപുണ്യ കോഴ്‌സ് അത്യന്താപേക്ഷിതമായിവരും. യു.ജി.സിയുടെ നിബന്ധനപ്രകാരം ഏത് വിദ്യാര്‍ഥിക്കും റെഗുലര്‍ കോഴ്‌സിനോടൊപ്പം ഒരു തൊഴില്‍ നൈപുണ്യ കോഴ്‌സും ചെയ്യാവുന്നതിനുള്ള സാഹചര്യവും തെളിയുന്നുണ്ട്. ബിരുദ വിദ്യാര്‍ഥികള്‍ക്ക് മാനേജിരിയല്‍ കോഴ്‌സുകളും, ഡിപ്ലോമ, ഐ.ടി.ഐ കോഴ്‌സുകള്‍ കഴിഞ്ഞവര്‍ക്ക് സൂപ്പര്‍ വൈസറി കോഴ്‌സുകളും, 10 മുതല്‍ പ്ലസ് ടു ക്ലാസുവരെ പഠിച്ചവര്‍ക്ക് ടെക്‌നിഷ്യന്‍ ലെവല്‍ കോഴ്‌സുകളും ചെയ്യാനാവും. ഇതോടൊപ്പം സാങ്കേതിക വിദ്യയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസൃതമായി തൊഴില്‍ മേഖലയിലെ പ്രവര്‍ത്തന മികവ് വര്‍ധിപ്പിക്കാനായി അവരെ തയാറാക്കേണ്ടതുണ്ട്. ഇതിനായി തുടര്‍ തൊഴില്‍ നൈപുണ്യ പരിപാടികള്‍ (റീ സ്‌കില്ലിങ്), അതോടൊപ്പം ഉയര്‍ന്ന നൈപുണ്യശേഷി കൈവരിക്കാനുള്ള (അപ് സ്‌കില്ലിങ്)എന്നിവയിലേക്കും അവരെ സജ്ജമാക്കേണ്ടതുണ്ട്. ഉദാഹരണമായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന ഇന്ത്യാക്കാര്‍ക്ക് അവര്‍ ചെയ്തുവന്ന തൊഴില്‍ തന്നെ ഇന്ത്യയില്‍ ലഭിക്കണമെന്നില്ല. ഈ അവസരത്തിലാണ് തുടര്‍ നൈപുണ്യം വേണ്ടിവരിക. അതുപോലെ സ്‌കില്ലിങ്ങും.

മുന്‍കാലങ്ങളില്‍ ഓണ്‍ലൈന്‍ കോഴ്‌സിന് ചേരുകയെന്നുള്ളത് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും വലിയ താല്‍പര്യമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ സാമൂഹിക അകലം പാലിക്കാന്‍ ലോക്ക്ഡൗണ്‍ പ്രാവര്‍ത്തികമാക്കിയതോടെ ഓണ്‍ലൈന്‍ കോഴ്‌സുകളുടെ വിപണി വളരെ സജീവമായി. ഓണ്‍ലൈന്‍ കോഴ്‌സുകളോടുള്ള വിദ്യാര്‍ഥികളുടെ താല്‍പര്യം വര്‍ധിച്ചുവരികയാണ്. ലബോറട്ടറി അടിസ്ഥാനത്തിലുള്ള വിദേശ സര്‍വകലാശാലകളിലെ കോഴ്‌സുകള്‍ പോലും ഇപ്പോള്‍ ലാബ് ഒഴിവാക്കിയുള്ള കോഴ്‌സുകളിലേക്ക് മാറിയിട്ടുണ്ട്. ഇതിന് ആനുപാതികമായി ആയിരക്കണക്കിന് എജ്യുടെക് കമ്പനികളാണ് ലോകത്തെമ്പാടും കൂണ്‍പോലെ മുളച്ചുവരുന്നത്. ഇതോടൊപ്പം എജ്യുടെക് പ്ലാറ്റ്‌ഫോമുകളും വിപുലമാകുന്നു. എല്ലാം കൈവിട്ടുപോയെന്ന അശുഭചിന്ത ആര്‍ക്കും വേണ്ട. മാത്രമല്ല, നാളെയുടെ നായകര്‍ നാം ഭാരതീയര്‍ തന്നെയായിരിക്കും.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.