2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് ഭീഷണിക്കിടെ ഇന്ന് സ്വാതന്ത്ര്യദിനം; സംസ്ഥാനത്ത് ആഘോഷങ്ങള്‍ പത്തുമിനിറ്റ് മാത്രം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കൊവിഡ് വ്യാപനഭീഷണിക്കിടെ കേരളത്തില്‍ ഇന്ന് സ്വാതന്ത്യദിനാമാഘോഷിക്കും. മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയതിനെ തുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തും.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആഘോഷങ്ങള്‍ പത്തു മിനിട്ടായി ചുരുക്കി. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പതാക ഉയര്‍ത്തലില്‍ പൊതുജനങ്ങള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും കുട്ടികള്‍ക്കും പ്രവേശനമുണ്ടായിരിക്കില്ല. സാമൂഹിക അകലം പാലിച്ചാവും സ്വാതന്ത്ര്യദിന പരിപാടികള്‍ക്ക് ഒരുക്കിയിരിക്കുന്ന പന്തലില്‍ അതിഥികള്‍ ഇരിക്കുക.

കുട്ടികള്‍ക്ക് മാത്രമല്ല, രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരാന്‍ പോരാടിയ സമര സേനാനികള്‍ക്കും ഇത്തവണ ആഘോഷ ചടങ്ങുകളില്‍ പ്രവേശനമില്ല. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സായുധസേനാ വിഭാഗങ്ങളുടെയും മറ്റുസേനവിഭാഗങ്ങളുടെയും എന്‍.സി.സി വിഭാഗങ്ങളുടെയും അഭിവാദ്യം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വീകരിക്കും. ഭാരതീയ വായുസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും. പൊലിസ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ദേശഭക്തി ഗാനാലാപനമുണ്ടാകും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും അനുമതിയുള്ളവരെ സ്റ്റേഡയത്തില്‍ പ്രവേശിപ്പിക്കുക.

ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രി സ്വാതന്ത്ര്യ ദിന പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ നിന്നു വിട്ടു നില്‍ക്കുന്നത്. 1992ല്‍ വാഹന അപകടത്തെ തുടര്‍ന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന് പകരം മന്ത്രി സി.വി പത്മരാജനാണ് പതാക ഉയര്‍ത്തിയത്.

എറണാകുളത്ത് മന്ത്രി വി.എസ്. സുനില്‍കുമാറിനും, തൃശൂരില്‍ എ.സി. മൊയ്തീനും,കോഴിക്കോട് എ.ഡി.എമ്മും, വയനാട്ടില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും, കണ്ണൂരില്‍ ഇ.പി. ജയരാജനും പകരം അതാത് ജില്ലകളിലെ ജില്ലാ കലക്ടര്‍മാരും, മലപ്പുറത്ത് മന്ത്രി കെ.ടി ജലീലിനു പകരം ഡെപ്യൂട്ടി കലക്ടറും മറ്റു ജില്ലകളില്‍ കലക്ടര്‍മാര്‍ പതാക ഉയര്‍ത്തും.

എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകള്‍ നേര്‍ന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.