മദീന മുനവ്വറ: രാജ്യത്തിൻ്റെ 76 – മത് സ്വാതന്ത്ര്യ ദിനാഘോഷവും ആഗസ്ത് 15 മുതൽ സപ്തംബർ 15 വരെ സഊദിയിൽ നടത്തപ്പെടുന്ന സുപ്രഭാതം ദിന പത്രം പ്രചരണ കാംപയിനിൻ്റെ മദീന സെൻട്രൽ തല ഉദ്ഘാടനവും സമസ്ത ഇസ്‌ലാമിക് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നടന്നു. മദീന ഇഖ്റ പബ്ളിക് സ്കൂളിൽ നടന്ന പരിപാടി എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രഷറർ സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
നിസ്തുല സമര പോരാട്ടങ്ങളിലൂടെ ത്യാഗിവര്യൻമാരായ മുൻഗാമികൾ നേടിത്തന്ന സ്വാതന്ത്യം സംരക്ഷിക്കപ്പെടണമെന്നും, ഏഴര പതിറ്റാണ്ടു പിന്നിട്ട സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ സംഭവങ്ങൾ ഇന്ത്യയുടെ യശസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്നും ഐക്യ മനസ്സുകളെ ശിഥിലമാക്കുന്ന ഛിദ്ര ശക്തികൾക്കെതിരെ നാം ജാഗരൂകരാകണമെന്നും തങ്ങൾ ആഹ്വാനം ചെയ്തു.
ചെയർമാൻ സൈതു ഹാജി അധ്യക്ഷത വഹിച്ചു..
സുപ്രഭാതം പ്രചരണ ബ്രോഷർ സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ പ്രകാശനം ചെയ്തു. ഹാഫിള് അഹമ്മദ് ഖിറാഅത് നിർവ്വഹിച്ചു. എസ്. ഐ.സി. പ്രസിഡണ്ട് ഇബ്രാഹിം ഫൈസി സ്വാഗതവും മദ്രസവിംഗ് ചെയർമാൻ എഞ്ചിനീയർ ഹാരിസ് നന്ദിയും രേഖപ്പെടുത്തി. അഷ്റഫ് അഴിഞ്ഞിലം, അബ്ദുല്ല ദാരിമി, റാഷിദ് ദാരിമി, അഷ്റഫ് തില്ലങ്കേരി, അഷ്കർ കുറ്റാളൂർ, അൻവർ അൻവരി, ഇസ്മാഈൽ അസ്ഹരി, അഹമ്മദ് കോയ, ഇബ്രാഹിം പെരിന്തൽമണ്ണ, മാനുസാഹിബ്, ഷമീം തുടങ്ങിയവർ സംബന്ധിച്ചു.
ഇഖ്റ: പബ്ളിക് സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ വൈവിധ്യമാർന്ന കലാപരിപാടികൾക്ക് പ്രിൻസിപ്പൽ റസ് മിയ ടീച്ചർ, അധ്യാപകരായ നാഫിഅടീച്ചർ, സുമയ്യ, സുഹൈന, ഹുമൈറ എന്നിവർ നേതൃത്വം നൽകി.
Comments are closed for this post.