കോഴിക്കോട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്റ്റംബർ 18 മുതൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ക്ലാസുകൾ ഓൺലൈനിലൂടെ നടത്തുമെന്ന് ജില്ലാ കലക്ടർ എ ഗീത ഉത്തരവിറക്കി. തുടർച്ചയായ അവധി കാരണം വിദ്യാർത്ഥികളുടെ അധ്യയനം നഷ്ടമാകാതിരിക്കാനാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയത്.
ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിൽ നടത്തണമെന്ന് ഉത്തരവിൽ പറയുന്നു. വിദ്യാർത്ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരുത്താൻ പാടില്ല. അങ്കണവാടികൾ, മദ്രസ്സകൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളിലും വിദ്യാർത്ഥികൾ എത്തിച്ചേരേണ്ടതില്ല. പൊതു പരീക്ഷകൾ മാറ്റമില്ലാതെ തുടരും. ജില്ലയിലെ പരീക്ഷകൾ മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് സർക്കാർ നിർദേശം ലഭ്യമാകുന്ന മുറയ്ക്ക് നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.
നിപ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം. കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ ബാധിച്ച് നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്.
നിപ കൂടുതൽ പോസിറ്റീവ് കേസുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. പതിനൊന്ന് സാമ്പിളുകൾ കൂടി നെഗറ്റീവായി. രോഗികളുടെ നില തൃപ്തികരമാണ്. വെന്റിലേറ്ററിലുള്ള കുട്ടിയുടെ നിലയിൽ പുരോഗതിയുണ്ട്. ആദ്യം മരിച്ച വ്യക്തിയുടെ സോഴ്സ് ഐഡന്റിഫിക്കേഷൻ നടക്കുന്നു. 19 ടീമുകളുടെ മീറ്റിംഗ് ചേർന്നുവെന്നും കൂടുതൽ ആംബുലൻസുകൾ ഏർപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.
ഹൈ റിസ്കിൽ ഉള്ളവരുടെ സാമ്പിൾ കളക്ഷൻ ഇന്ന് തന്നെ പൂർത്തിയാകും. കൂടുതൽ സാമ്പിളുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.മോണോ ക്ലോണൽ ആന്റി ബോഡി എത്തിച്ചിട്ടുണ്ട്. അത് നൽക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. നിലവിൽ അത് നൽകേണ്ടതില്ലെന്നാണ് വിദഗ്ധർ പറഞ്ഞത്. ഫലം പോസിറ്റീവായവരിൽ രണ്ട് പേർക്ക് നിലവിൽ ലക്ഷണങ്ങൾ ഇല്ല. അതേസമയം നിപ ആദ്യം റിപ്പോർട്ട് ചെയ്ത മേഖലയിൽ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടി ആരംഭിച്ചു.
Comments are closed for this post.