2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജെ.എൻ.യുവിന്റെ കടിഞ്ഞാൺ ആരുടെ കൈയിൽ?

ഡോ.അബേഷ് രഘുവരൻ

ജവഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റിയിൽ അടുത്തിടെ ചില നിയന്ത്രണങ്ങൾ കടുപ്പിക്കുകയും അത് വിദ്യാർഥികളുടെ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്‌തിരുന്നു. ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിയ്ക്കുന്നതിനും ധർണ, സമരങ്ങൾ എന്നിവ സംഘടിപ്പിച്ചാൽ ഇനിമുതൽ പിഴ ഈടാക്കാനുമാണ് സർവകലാശാല അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇനി ജെ.എൻ.യു കാംപസിൽ സമരങ്ങൾ സംഘടിപ്പിച്ചാൽ 20,000 രൂപയും ദേശവിരുദ്ധമായ മുദ്രാവാക്യങ്ങൾ വിളിച്ചാൽ 10,000 രൂപയും പിഴയൊടുക്കേണ്ടി വരും. നവംബർ 24ന് ആണ് സർവകലാശാലയുടെ ഉന്നതതലയോഗം ഇത്തരത്തിൽ നീണ്ട ഒരു നിയമാവലി പുറത്തിറക്കിയത്.


ചൂതാട്ടം, ഹോസ്റ്റൽ മുറികളിൽ അനധികൃതമായി കൈയേറുന്നത്, അധിക്ഷേപകരവും അപകീർത്തികരവുമായ ഭാഷയുടെ ഉപയോഗം, വ്യാജരേഖ ചമയ്ക്കൽ എന്നിങ്ങനെ 28 ഓളം കർശനമായ നിയന്ത്രണങ്ങൾ ആണ് പിഴയുടെ പരിധിയിൽ വരുത്തിയിരിക്കുന്നത്. ഒരു വിദ്യാർഥി അഞ്ചുതവണ ആവർത്തിച്ച് ഈ നിയന്ത്രണങ്ങൾ ലംഘിക്കുകയാണെങ്കിൽ അവനെ പുറത്താക്കുവാനുള്ള അധികാരം കൂടി ഉണ്ടായിരിക്കുമെന്ന് സർവകലാശാല വ്യക്തമാക്കിയിരിക്കുകയാണ്. കുട്ടികൾ കാംപസിൽ സാമൂഹ്യസേവനം ചെയ്യുകയും മതപരമോ, സമുദായികമോ, ജാതീയമോ, ദേശവിരുദ്ധമോ ആയ പരാമർശങ്ങൾ, പോസ്റ്ററുകൾ, ലഖുലേഖകൾ എന്നിവയൊക്കെ പ്രചരിപ്പിക്കുന്നതും പിഴയുടെ പരിധിയിൽ വരുത്തിയിട്ടുണ്ട്.

   


ഇവയൊക്കെ വിശദമായി പറഞ്ഞത് സർഗാത്മകവും സമൂഹത്തിന്റെ ദർപ്പണം ആകേണ്ടതുമായ ഇടങ്ങളാണ് കലാലയങ്ങൾ. വിവിധ വിഷയങ്ങളിലെ ചർച്ചകൾ, സംവാദങ്ങൾ, ചൂടേറിയ രാഷ്ട്രീയ ചർച്ചകൾ എന്നിവയൊക്കെ കലാലയത്തിന്റെ സ്‌പന്ദനങ്ങൾ ആണ്. സമൂഹത്തിനെ എങ്ങനെ സമീപിക്കണമെന്നും തന്റെ തൊഴിൽമേഖല എന്തെന്നും കണ്ടെത്തുന്നത് കലാലയങ്ങളിലാണ്. സർഗാത്മകമായ പ്രവർത്തനങ്ങൾ, കലാകായികമായ കഴിവുകൾ, ശക്തമായതും ആഴത്തിലുമുള്ള സൗഹൃദം എന്നിവയൊക്കെ കലാലയ കാലത്തിലൂടെയാണ് ഓരോരുത്തരും സമ്പാദിക്കുന്നതും പരിപോഷിപ്പിക്കുന്നതും. ആ കാലഘട്ടം ഓരോ വിദ്യാർഥിയും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട്. കലാലയം പഠിക്കാൻ വേണ്ടി മാത്രമാണെന്നുള്ള പിന്തിരിപ്പൻ ആശയങ്ങളും അഭിപ്രായങ്ങളും ഒരുവശത്തു നിലനിൽക്കുന്നുണ്ട്.

എന്നിരുന്നാലും കുട്ടികളെ നാളത്തെ സമൂഹത്തിന് ആവശ്യമുള്ളവരാക്കി മാറ്റുന്നത് കലാലയങ്ങളിൽ നിന്നും അവർ ആർജ്ജിക്കുന്ന സാമൂഹികമായ കഴിവുകളാണ്.
ജെ.എൻ.യു നിർഭാഗ്യവശാൽ അടുത്തിടെ വാർത്തകളിൽ നിറയുന്നത് ഇത്തരം വിവാദപരമായ വർത്തകളിലൂടെയാണ്. കലാലയത്തിന്റെ സൽപ്പേര് നിലനിർത്തുവാൻ വേണ്ടിയാണ് കർശന നിയമങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചതെന്നും അത് ഇപ്പോൾ ഉണ്ടാക്കിയ നിയമമല്ല മുൻപുണ്ടായിരുന്ന നിയമം നടപ്പിലാക്കാൻ മാത്രമാണ് തങ്ങൾ ശ്രമിച്ചതെന്നും ഭരണസമിതി അഭിപ്രായപ്പെടുമ്പോളും സർഗാത്മകമായ പരിപാടികൾ കൊണ്ടും തീക്ഷ്ണമായ സമരങ്ങൾ കൊണ്ടും സജീവമായ ജെ.എൻ.യു പോലെയൊരു കാംപസ് കർശനനിയന്ത്രണങ്ങൾ കൊണ്ട് നിർജ്ജീവമാക്കാൻ ശ്രമിക്കുന്നതിൽ അടിസ്ഥാനമില്ല.

ഇത്രയും സജീവമായ ഒരു കാംപസ് പുതിയ നിയന്ത്രണങ്ങൾ വരുന്നതോടെ നിർജ്ജീവമാകുമെന്ന് കുട്ടികൾ തന്നെ അഭിപ്രായപ്പെട്ടുകഴിഞ്ഞു.
ഇതിനുപിന്നിൽ കൃത്യമായ രാഷ്ട്രീയം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും അതിലേറെ പ്രധാനമായ കാര്യം കുട്ടികളുടെ ഭാവിയുടെ കാര്യത്തിൽ ഇതെങ്ങനെ പ്രതിഫലിക്കും എന്നതാണ്. ജെ.എൻ.യു ഉൾപ്പെടെ രാജ്യത്തെ എല്ലാ ഒന്നാംനിര കാംപസുകളും പേരെടുത്തിരിക്കുന്നത് അവരുടെ അക്കാദമികനിലവാരത്തിലുള്ള മേൻമ മാത്രം കണക്കിലെടുത്തല്ല.

പകരം അവിടെ ഉണ്ടാകാറുള്ള സർഗാത്മകമായ സംവാദങ്ങളും ചർച്ചകളും അവരെ ബൗദ്ധികമായി എത്തിക്കുന്ന ഉയർന്ന തലങ്ങളുടെ കൂടി ഔന്നത്യം പരിഗണിച്ചാണ്. മഹാരഥന്മാരായ പലരുടെയും വ്യക്തിത്വവികസനം സംഭവിച്ചിരിക്കുന്നത് കാംപസ് കാലത്താണ്. അവരെ അവരാക്കി മാറ്റിയതും കാംപസുകളിൽ ഈ ചടുലമായ പ്രവർത്തങ്ങൾ തന്നെയാണ്. ക്ലാസ് മുറികളുടെ നാലു ചുവരുകളിൽ നിന്നും നമ്മുടെ കുട്ടികളിൽ നിന്ന് ലഭിക്കുന്നത് അറിവുകൾ തന്നെയാണെങ്കിലും പ്രായോഗികമായ അറിവുകളുടെ കലവറ ഇത്തരം ചൂടേറിയ കാംപസ് സംവാദങ്ങളും ചർച്ചകളും ഒക്കെത്തന്നെയാണ്.


ഭരണതലത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാവുകവഴി ഭരണകൂടവും കാംപസുകളെ വലിയ പരിഗണനയോടെയാണ് കണ്ടിരുന്നത്. എന്നാൽ, കഴിഞ്ഞ കുറെ വർഷങ്ങളായി ചോദ്യം ചെയ്യപ്പെടാൻ പോലും ഭയക്കുന്ന സർക്കാരുകൾ കാംപസുകളുടെ ഈ ചടുലമായ സമരതീക്ഷണതയെ കൂച്ചുവിലങ്ങിടാൻ ശ്രമിക്കുകയാണ്.
2016ൽ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ കുട്ടികളുടെ ഫീസ് 150 ശതമാനത്തോളം വർധിപ്പിച്ചപ്പോൾ അവസാനത്തെ സെമസ്റ്റർ പരീക്ഷ ബഹിഷ്‌കരിച്ചുകൊണ്ടായിരുന്നു പ്രതിഷേധം ഉയർന്നുവന്നത്.

കർഷകസമരം തലസ്ഥാനത്തു കൊടുമ്പിരിക്കൊണ്ടപ്പോളും ജെ.എൻ.യു കാംപസിൽ പ്രതിഷേധം വലിയനിലയിൽ സംഘടിപ്പിച്ചിരുന്നു. ഒരർഥത്തിൽ തലസ്ഥാനത്തുനടക്കുന്ന ജനകീയ-സാമൂഹിക വിഷയങ്ങളുടെ ഒരു ദർപ്പണമായാണ് ജെ.എൻ.യു എന്നും അറിയപ്പെട്ടിരുന്നത്. ശക്തമായ വിദ്യാർഥി പ്രസ്ഥാനങ്ങൾ ആണ് അവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ, ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ നീക്കം ജെ.എൻ.യുവിന്റെ സ്വതഃസിദ്ധവും സമ്പന്നവുമായ ആ സാമൂഹികമുഖത്തെ ഏതാണ്ട് പൂർണമായും ഇല്ലാതാക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ആ മുഖം നഷ്ടപ്പെട്ടാൽ അതിന്റെ അസ്തിത്വം തന്നെയാവും നഷ്ടപ്പെടാൻ പോകുക. വിദ്യാർഥികളെയും പുരോഗമനചിന്താഗതിക്കാരെയും സംബന്ധിച്ച് ആ നഷ്‌ടം വിലമതിക്കാൻ സാധിക്കാത്തതാണ്. അതുകൊണ്ടാണ് ഈ നീക്കത്തെ വിദ്യാർഥിസമൂഹം ഒറ്റക്കെട്ടായി ചെറുക്കാൻ കൂടി ശ്രമങ്ങൾ ഉണ്ടാകുന്നത്. അത് ഏറെ പ്രതീക്ഷാനിർഭരവുമാണ്.


സംഭവം വിവാദമാകുമെന്നത് പ്രതീക്ഷിച്ചുകൊണ്ടോ, വിവാദമായപ്പോളൊ ഒക്കെ വിശദീകരണവുമായി അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ ഉണ്ടായിരിക്കുന്ന നിയന്ത്രണങ്ങൾ ഇപ്പോൾ നിർമിച്ചവയല്ലെന്നും ഇവ സർവകലാശാലയുടെ നിയമത്തിന്റെ ഭാഗമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. പക്ഷേ, പതിനാലോളം നിയന്ത്രണങ്ങൾ എണ്ണമിട്ടു നിരത്തിക്കൊണ്ട് വിദ്യാർഥികളുടെ പ്രവർത്തങ്ങളെ ആകമാനം കൂച്ചുവിലങ്ങിടുന്നതരം ഇടപെടൽ ഇതിനുമുമ്പ് ഇത്ര കാര്യമായി ഉണ്ടായിട്ടില്ല എന്നത് വാസ്തവമാണ്. ഇതിനെ ഇപ്പോൾ അംഗീകരിച്ചുകൊടുക്കുന്നത് നാളെ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാൻ അധികൃതരെ പ്രേരിപ്പിക്കുകയും അതുവഴി ജെ.എൻ.യു പൂർണമായും സർഗാത്മകതയും ചർച്ചകളും സംവാദങ്ങളും ഇല്ലാത്ത ഇടമായി മാറുകയും ചെയ്യും.

അത് ഒരർഥത്തിൽ ഇന്നത്തെ വിദ്യാർഥിസമൂഹത്തോടുതന്നെ ചെയ്യുന്ന തെറ്റായാണ് ഇതിനെ എതിർക്കുന്ന വിദ്യാർഥി പ്രസ്ഥാനങ്ങൾ എടുത്തുകാട്ടുന്ന ഒരുകാര്യം.
സംഭവം നടന്ന് രണ്ടാഴ്ചയിലേറെ പിന്നിടുമ്പോളും മുഖ്യധാരാമാധ്യമങ്ങൾ അടക്കം ഈ വിഷയത്തോട് പാലിക്കുന്ന മനഃപൂർവമുള്ള നിശബ്ദതയും കുറ്റകരമാണെന്ന് പറയാതെവയ്യ.

ചെറിയ നാലുകോളം വാർത്തകൾക്കപ്പുറം ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ സംഘടിപ്പിക്കാനോ, വാർത്തകൾ നൽകാനോ മാധ്യമങ്ങൾ മടി കാട്ടിയിട്ടുണ്ട്. ഈ നിശബ്ദതകൾക്കൊക്കെ നാളെ സമൂഹം വലിയ വിലയാവും നൽകേണ്ടിവരിക എന്നകാര്യം യാതൊരു സംശയവും ഇല്ലാത്ത കാര്യമാണ്.

(ലേഖകൻ കൊച്ചി സർവകലാശാല, സെന്റർ ഫോർ സയൻസ് ഇൻസൊസൈറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ ആണ്)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.