2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

  • പകരം വീട്ടാൻ ഇറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്
  • മേഖലയിലെ വിവിധ അമേരിക്കൻ കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇറാൻ ഒരുങ്ങുന്നു
  • സംയമനം പാലിക്കാൻ ലോക നേതാക്കൾ ആഹ്വാനം

        റിയാദ്: ഇറാന്‍ സൈനിക മേധാവിയുടെ കൊലയോടെ ഗള്‍ഫ് മേഖല യുദ്ധഭീതിയുടെ നിഴലില്‍. പുതിയ സംഭവ വികാസങ്ങളോടെ ഗൾഫ് മേഖലയിൽ വീണ്ടും ഒരു യുദ്ധഭീതിയിലായിയിരിക്കുയാണ്. അമേരിക്കൻ നടപടിക്കെതിരെ അതി ശക്തമായി രംഗത്ത് വന്ന ഇറാൻ, തങ്ങളുടെ നേതാവിനെ വക വരുത്തിയ അമേരിക്കൻ നടപടിക്കെതിരെ തിരിച്ചടിക്കൊരുങ്ങുന്നതായാണ് സൂചന. ഈ നീക്കം മറ്റൊരു ഗൾഫ് യുദ്ധത്തിന് കളമൊരുങ്ങിയേക്കുമെന്നും ഇത് കൂടുതൽ വിനാശം വരുത്തുമെന്നും വിവിധ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. എങ്കിലും മറുപടി നൽകുമെന്ന് തന്നെയാണ് ഇറാൻ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ ഉന്നതാധികാരികൾ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ ക്രിമിനൽ സാഹസികതയുടെ അനന്തരഫലങ്ങൾക്ക് യുഎസ് ഭരണകൂടം ഉത്തരവാദികളായിരിക്കും. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് തന്ത്രപരമായ മണ്ടത്തരമാണിത്, അമേരിക്ക അതിന്റെ അനന്തരഫലങ്ങളിൽ നിന്ന് എളുപ്പത്തിൽ രക്ഷപ്പെടില്ലെന്നും ഇറാൻ ദേശീയ സുപ്രീം സെക്യൂരിറ്റി കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു. സുലൈമാനിയുടെ കൊലപാതകത്തിനു കടുത്ത രീതിയിൽ കടുത്ത പ്രതികാരംചെയ്യുമെന്നും ഇത് അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരായ ചെറുത്തുനിൽപ്പിന്റെ പ്രചോദനം ഇരട്ടിയാക്കാൻ പ്രചോദനമാകുമെന്നും ഇറാൻ സുപ്രീം കൗൺസിൽ ലീഡൽ അലി ഘാംനഈ വെള്ളിയാഴ്ച രാവിലെ പ്രസ്താവിച്ചിരുന്നു.

       സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗള്‍ഫ് മേഖലയിലെ യു.എസ് സൈനിക നയതന്ത്ര കേന്ദ്രങ്ങള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. യു.എസിന്റെ അഞ്ചാം കപ്പല്‍ സൈന്യം നിലയുറപ്പിച്ച ബഹറൈന്‍ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിറിയ, ലെബനാന്‍ എന്നിവയോട് ചേര്‍ന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ ഇസ്രായേലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കൂടാതെ, യു എസ് വിരുദ്ധ വികാരം ശക്തമായ ഇറാന് പുറമേ ഇറാഖ്, സിറിയ, ലെബനാന്‍ എന്നിവിടങ്ങളിലും അമേരിക്കൻ കേന്ദ്രങ്ങൾക്കെതിരെ ആക്രമണങ്ങൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.  അതെസമയം, ഇറാൻ രഹസ്യസേനാവിഭാഗം തലവന്‍ ബാഗ്‌ദാദിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ ഉടലെടുത്ത സംഘർഷത്തിൽ സംയമനം പാലിക്കാൻ യു എൻ, സഊദിഅറേബ്യ ഉൾപ്പെടെ വിവിധ ലോക നേതാക്കൾ ആഹ്വാനം ചെയ്‌തു. മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടർസ് പറഞ്ഞു. നേതാക്കൾ പരമാവധി സംയമനം പാലിക്കേണ്ട നിമിശമാണിത്. ലോകത്തിന് ഇനിയൊരു ഗൾഫ് മറ്റൊരു യുദ്ധം താങ്ങാനാവില്ല അദ്ദേഹം പറഞ്ഞു. 

        പ്രകോപനങ്ങളിൽ നിന്ന് ഇറാൻ വിട്ടുനിൽക്കണമെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മാർക്കോൺ ആവശ്യപ്പെട്ടു. ഇറാഖിലെ സംഭവങ്ങൾ മുമ്പത്തെ തീവ്രവാദ പ്രവർത്തനങ്ങളുടെ ഫലമാണെന്ന് കരുതുന്നതായും സംയമനം പാലിക്കണമെന്നും സഊദി അറേബ്യ വ്യക്തമാക്കി. ഇറാഖിലെ സംഭവങ്ങൾ മുമ്പത്തെ തീവ്രവാദ പ്രവർത്തനങ്ങളുടെ ഫലമാണ്. അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് സഊദി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷയും സ്ഥിരതയും ലോകമെമ്പാടും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനുള്ള ഉത്തരവാദിത്തങ്ങൾ അന്താരാഷ്ട്ര സമൂഹം നിറവേറ്റണമെന്നും സഊദി അറേബ്യാ ആവശ്യപ്പട്ടു. ഇറാഖും സംയമനം പാലിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എല്ലാവരോടും സ്വയം നിയന്ത്രിക്കാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നതായി ഇറാഖ് പ്രസിഡന്റ് ബെർഹാം സ്വാലിഹ് പറഞ്ഞു. അമേരിക്കൻ നടപടിക്കെതിരെ തങ്ങൾ വേണ്ട രീതിയിൽ തിരിച്ചടിക്കുമെന്ന ഇറാൻ മുന്നറിയിപ്പ് നൽകിയത് മേഖലയെ കൂടുതൽ ആശങ്കക്കിടയാക്കിയിട്ടുണ്ട്. ഇതിനിടെയാണ്‌ സംയമനത്തിനായി വിവിധ നേതാക്കളുടെ ആഹ്വാനം.

       അതേസമയം, ഗൾഫ് യുദ്ധ ഭീതിയിലായതോടെ വ്യാപാര രംഗത്തും ഇത് പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. സംഘർഷ സാധ്യത ഏറിയതോടെ ആഗോള എണ്ണ വിപണിയും സ്വർണ്ണ വിപണിയും വൻ വില വർദ്ധനവിനും ആഗോള ഓഹരി വിപണികൾ വിലയിടിവിനും സാക്ഷിയായി. ക്രൂഡ് ഓയിൽ, സ്വർണ്ണ വിപണിയിൽ വില കുതിച്ചുയർന്നപ്പോൾ ഓഹരി വിപണിയിൽ ഏഷ്യൻ ഓഹരി വിപണിക്കാണ് ഏറ്റവും വലിയ നഷ്ടമുണ്ടായതെന്നു കണക്കുകൾ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News