2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

സംസ്ഥാന ബജറ്റില്‍ സേവനമേഖലയിലുള്‍പ്പെടെ നികുതി വര്‍ധവും പുതിയ നികുതികളും പ്രഖ്യാപിക്കും

ഫൈസല്‍ കോങ്ങാട്

 

പാലക്കാട്: കടുത്ത സാമ്പത്തിക പ്രതിസന്ധിയും കടമെടുപ്പിന് കേന്ദ്രം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും മറിടകടക്കാന്‍ അടുത്തമാസം മൂന്നിന് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ സവനമേഖലയിലുള്‍പ്പടെ നികുതി വര്‍ധനയും പുതിയ നികുതികളും പ്രഖ്യാപിക്കുമെന്ന് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. പുതിയ വരുമാനമാര്‍ഗങ്ങള്‍ സൃഷ്ടിക്കുകയും ഉള്ളത് വര്‍ധിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്ന തരത്തിലാണ് ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്നതെന്നാണ് ലഭിക്കുന്ന വിവരം.

സാമൂഹ്യസുരക്ഷാ നടപടികള്‍ തുടരുന്നതാകും സംസ്ഥാന ബജറ്റ്. ക്ഷേമപ്രവര്‍ത്തനങ്ങളുടെ വിഹിതം കുറയ്ക്കാതെ, ചെലവുകള്‍ നിയന്ത്രിക്കാനും വരുമാനം ഉയര്‍ത്താനുമുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കും. കേന്ദ്രത്തില്‍നിന്നുള്ള റവന്യു കമ്മി ഗ്രാന്റില്‍ നടപ്പുവര്‍ഷത്തെ അപേക്ഷിച്ച് 8425 കോടി രൂപ അടുത്ത സാമ്പത്തികവര്‍ഷം കുറയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ജി.എസ്.ടി നഷ്ടപരിഹാരം ഇല്ലാതാക്കല്‍, കടപരിധി നിയന്ത്രണങ്ങള്‍, കേന്ദ്രനികുതി വിഹിതത്തിലെ കുറവ് എന്നിവയിലൂടെ 32,000 കോടി രൂപയും വരുമാനത്തില്‍ കുറയുമെന്നാണ് കണക്കുകൂട്ടല്‍.

സംസ്ഥാനത്തിന്റെ തനതുവരുമാനം ഉയര്‍ത്തുന്നതില്‍ നിര്‍ണായക ഇടപെടല്‍ നടത്തി അടുത്തവര്‍ഷവും ആനുപാതിക വളര്‍ച്ച ഉറപ്പാക്കാനാണ് ധനവകുപ്പ് ആലോചിക്കുന്നത്. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകളും ചാര്‍ജുകളും ഉയര്‍ത്തും. മോട്ടോര്‍, എക്‌സൈസ്, രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ നികുതിമേഖലയില്‍ വര്‍ധനവുണ്ടാകും.

തദ്ധേശസ്വയംഭരണ സ്ഥാപനങ്ങള്‍, വില്ലേജ് ഓഫീസുകള്‍, ആതുരസേവനം, ഉന്നത വിദ്യാഭ്യാസ മേഖല എന്നീ വിഭാഗങ്ങളിലെ സേവനങ്ങളുടെ ഫീസുകളില്‍ മോശമല്ലാത്ത വര്‍ധനയുണ്ടാകും. നിലവിലുള്ളതിന്റെ 25 ശതമാനമെങ്കിലും വര്‍ധനയുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ ഇപ്പോള്‍ തന്നെ വില വര്‍ധന പരിധിവിട്ടതാണെന്ന പരാതിയുള്ളതിനാല്‍ മദ്യനികുതിയില്‍ മാറ്റം ഉണ്ടാകാനിടയില്ല.

എന്നാല്‍ മദ്യശാലകളുടെ ലൈസന്‍സ് ഫീസുകളില്‍ മാറ്റം വന്നേക്കാം. സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തില്‍ കഴിഞ്ഞവര്‍ഷം 13,000 കോടി രൂപ വര്‍ധിച്ചുവെന്നതാണ് സര്‍ക്കാരിന്റെ പ്രതീക്ഷയുടെ കാതല്‍. ഈവര്‍ഷം കുറഞ്ഞത് 10,000 കോടി രൂപയുടെയെങ്കിലും അധിക വരുമാനമുണ്ടാകും. മുന്നു പതിറ്റാണ്ടിലേറെയായി നികുതി മാറ്റമില്ലാത്ത ചില വകുപ്പുകളും സേവനങ്ങളുമുണ്ട്. അവയില്‍ കലോചിതമായ നിരക്ക് പരിഷ്‌കരണം ഉണ്ടാകും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.