2022 January 18 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മുസ്ലിം പെണ്‍കുട്ടികളെ ‘ഓണ്‍ലൈന്‍ ലേല’ത്തിലൂടെ അധിക്ഷേപിച്ചു; ബുള്ളി ആപ്പിന് പൂട്ടിട്ട് കേന്ദ്രം

  • മുംബൈ പോലിസ് അന്വേഷണം തുടരുന്നു

ന്യൂഡല്‍ഹി: മുസ്ലിം വനിതകളെ ‘ഓണ്‍ലൈന്‍ ലേല’ത്തിനു വെച്ച് അധിക്ഷേപിച്ച സംഭവത്തില്‍ ബുള്ളി ബായ് ആപ്ലിക്കേഷന്‍ കേന്ദ്രം റദ്ദാക്കി; ഓപ്പണ്‍ സോഴ്സ് പ്ലാറ്റ്ഫോമായ ജിറ്റ് ഹബ്ബിലെ ബുള്ളി ബായ് എന്ന ആപ്ലിക്കേഷനാണ് റദ്ദാക്കിയത്. മുസ്ലിം പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അവരുടെ സമ്മതമോ അറിവോ കൂടാതെ അപ്ലോഡ് ചെയ്ത് ഈ ഓണ്‍ലൈനില്‍ ലേലത്തിനു വെച്ചുവെന്നാണ് പരാതി. സംഭവത്തില്‍ മുംബൈ പോലിസ് അന്വേഷണം നടത്തിയിരുന്നു.

ട്രോളുകളില്‍ മുസ്ലിം വനിതകളെ ലക്ഷ്യമാക്കി ഉപയോഗിക്കുന്ന അധിക്ഷേപകരമായ പദമാണ് സുള്ളി. ലക്ഷ്യംവെക്കുന്നവരെ അപമാനിക്കുക, ശല്യം ചെയ്യുക തുടങ്ങിയവയാണ് ഇത്തരം ആപ്ലിക്കേഷനുകളുടെ ലക്ഷ്യം.
സംഭവം വിവാദമായതിന് പിന്നാലെ ശിവസേന എം.പി.പ്രിയങ്കാ ചതുര്‍വേദിയടക്കം കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
ഇതിനുപിന്നാലെയാണ് സംഭവത്തില്‍ മുംബൈ പോലിസ് അന്വേഷണം ആരംഭിച്ചത്. ഒരു മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ ഡല്‍ഹി പോലിസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ ചിത്രവും ബുള്ളി ബായിയില്‍ അപ്ലോഡ് ചെയ്യപ്പെട്ടിരുന്നു.

യൂസറിനെ രാവിലെ തന്നെ ബ്ലോക്ക് ചെയ്തെന്ന് ജിറ്റ് ഹബ് അറിയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച സുള്ളി ഡീല്‍സിന്റെ മറ്റൊരു പതിപ്പാണ് ബുള്ളി ബായ്.

സംഭവമറിഞ്ഞ് കേന്ദ്ര ടെക്നോളജി മന്ത്രി അശ്വനി വൈഷ്ണവ് പ്രതികരിച്ചിരുന്നു. സി.ഇ.ആര്‍.ടിയും പോലിസും സംയുക്തമായി തുടര്‍നടപടികള്‍ ഏകോപിപ്പിക്കുണ്ടെന്നും മന്ത്രി ട്വീറ്റ് ചെയ്തു.യൂസറിനെ രാവിലെ തന്നെ ബ്ലോക്ക് ചെയ്തെന്നും ജിറ്റ് ഹബ് അറിയിച്ചു. ഇതിനു പിന്നാലെയാണ് ആപ്ലിക്കേഷന്‍ കേന്ദ്രം റദ്ദാക്കിയതായി അറിയിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.