2023 November 30 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സഊദിയിൽ വിമാന യാത്രക്കാർക്ക് കൂടുതൽ നഷ്ടപരിഹാരം ലഭിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ

ആറു മണിക്കൂറിലേറെ വൈകിയാൽ 750 റിയാൽ, ലഗേജിന് 6,568 റിയാൽ വരെയും നഷ്ടപരിഹാരം

   

റിയാദ്: സഊദിയിൽ വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ വന്നു. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം കൂടുതൽ ഉയർന്ന നഷ്ടപരിഹാരം ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് പുതിയ നിയമം. സർവീസിന് കാലതാമസം നേരിടൽ, സർവീസ് നേരത്തെയാക്കൽ, റദ്ദാക്കൽ, ഓവർ ബുക്കിംഗ് കാരണം സീറ്റ് നിഷേധിക്കൽ, സീറ്റ് ക്ലാസ് താഴ്ത്തൽ എന്നീ സാഹചര്യങ്ങളിൽ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്ന 30 വകുപ്പുകളാണ് നിയമാവലിയിലുള്ളത്.

പുതിയ നിയമപ്രകാരം ബാഗേജ് നഷ്ടപ്പെടുന്ന യാത്രക്കാർക്കും ബാഗേജുകൾ കേടാവുകയോ ബാഗേജ് ലഭിക്കാൻ കാലതാമസം നേരിടുകയോ ചെയ്യുന്ന സാഹചര്യങ്ങളിലും 6,568 റിയാലിൽ കവിയാത്ത നഷ്ടപരിഹാരം ലഭിക്കും. ലഗേജ് ലഭിക്കാൻ കാലതാമസം നേരിടുന്നതിന് ആദ്യ ദിവസത്തിന് 740 റിയാലും രണ്ടാം ദിവസം മുതൽ 300 റിയാലും തോതിൽ പരമാവധി 6,568 റിയാൽ വരെ എന്നിങ്ങനെയാണ് നഷ്ടപരിഹാരം ലഭിക്കുക. വിമാനം ആറു മണിക്കൂറിലേറെ വൈകിയാൽ യാത്രക്കാർക്ക് ഭക്ഷണ, പാനീയങ്ങളും ഹോട്ടൽ താമസവും ഹോട്ടലിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും വിമാന കമ്പനികൾ നൽകിയിരിക്കണമെന്ന നേരത്തെ ഉണ്ടായിരുന്ന നിയമത്തിനു പുറമെയാണ് പുതിയ നിയമാവലിയിൽ 750 റിയാൽ നഷ്ടപരിഹാരം കൂടി വ്യവസ്ഥ ചെയ്തിരിക്കുന്നത്.

സർവീസ് റദ്ദാക്കുന്ന പക്ഷം യാത്രക്കാരെ മുൻകൂട്ടി വിവരമറിയിക്കുന്ന കാലയളവിനുസരിച്ച് യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം വരെ നഷ്ടപരിഹാരമായി ലഭിക്കും. സീറ്റ് നിഷേധിക്കുകയോ സീറ്റ് ക്ലാസ് താഴ്ത്തുകയോ ചെയ്‌താൽ ടിക്കറ്റ് നിരക്കിന് പുറമെ 200 ശതമാനം നഷ്ടപരിഹാരവും ഇനി മുതൽ ലഭിക്കും. ബുക്കിംഗ് നടത്തുമ്പോൾ പ്രഖ്യാപിക്കാത്ത സ്റ്റോപ്പ്-ഓവർ പിന്നീട് ഉൾപ്പെടുത്തുന്ന സാഹചര്യത്തിൽ പുതുതായി ഉൾപ്പെടുത്തുന്ന ഓരോ സ്റ്റോപ്പ്-ഓവറിനും 500 റിയാൽ വരെ എന്ന തോതിൽ നഷ്ടപരിഹാരം ലഭിക്കും. വികലാംഗർക്ക് സീറ്റ് നിഷേധിക്കുന്ന പക്ഷം ടിക്കറ്റ് നിരക്കിന്റെ 200 ശതമാനത്തിന് തുല്യമായ തുക നഷ്ടപരിഹാരം നൽകണമെന്നും വീൽചെയർ ലഭ്യമാക്കാത്തതിന് 500 റിയാൽ നഷ്ടപരിഹാരം നൽകണമെന്നും പുതിയ നിയമാവലി അനുശാസിക്കുന്നു.

വിമാനം പുറപ്പെടുമ്പോഴോ വരുമ്പോഴോ റൺവേയിൽ വിമാനം വൈകിയാലും നഷ്ടപരിഹാരത്തിനു യാത്രക്കാർക്ക് അർഹതയുണ്ട്. റൺവേയിൽ മൂന്നു മണിക്കൂറിലേറെ വിമാനം വൈകിയാൽ വിമാനത്തിൽ നിന്ന് ഇറങ്ങാൻ യാത്രക്കാർക്ക് ഇറങ്ങാനുള്ള അവകാശത്തിന് പുറമെ സർവീസ് റദ്ദാക്കൽ വകുപ്പുകൾ പ്രകാരം നഷ്ടപരിഹാരം ലഭിക്കാനും യാത്രക്കാർക്ക് അവകാശമുണ്ട്. സഊദി വിമാന കമ്പനികൾക്കും സഊദിയിലെ വിമാനത്താവളങ്ങളിലേക്കും തിരിച്ചും സർവീസ് നടത്തുന്ന വിദേശ വിമാന കമ്പനികൾക്കും പുതിയ നിയമാവലി ബാധകമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.