2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സി.പി.എമ്മിന്റെ ലീഗ് പ്രണയത്തിനു മറുപടിയുമായി ലീഗും കോണ്‍ഗ്രസും, കുഴപ്പങ്ങളുടെ പരിപ്പ് യു.ഡി.എഫില്‍ വേവില്ലെന്ന് സതീശന്‍, സി.പി.എമ്മിന്റെ അഭിപ്രായം യാഥാര്‍ഥ്യം മാത്രമെന്ന് സാദിഖലി തങ്ങള്‍

തിരുവനന്തപുരം: മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയോട് പ്രതികരിച്ച് മുസ്ലിം ലീഗ് നേതാക്കളും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും.
മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും വര്‍ഗീയതക്കെതിരെ ആരുമായും കൂട്ടുകൂടുമെന്നും രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളില്ലെന്നുമായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം. ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ മുസ്ലിം ലീഗ് നിലപാട് സര്‍ക്കാരിനൊപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനോടാണ് പ്രതികരണവുമായി ലീഗും കോണ്‍ഗ്രസും രംഗത്തെത്തിയിരിക്കുന്നത്.

യു.ഡി എഫില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാനാണെങ്കില്‍ അത് നടപ്പില്ലെന്നും ആ പരിപ്പ് വേവില്ലെന്നും സതീശന്‍ തിരിച്ചടിച്ചു. ലീഗ് യു.ഡി.എഫിന്റെ അഭിവാജ്യഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായം സി.പി.എമ്മിന്റെ മാത്രമല്ലെന്നും കേരളത്തിന്റെ മൊത്തം അഭിപ്രായമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. അത് സി.പി.എം ചൂണ്ടിക്കാട്ടിയതില്‍ സന്തോഷമുണ്ടെന്നും തങ്ങള്‍ പറഞ്ഞു. അതേ സമയം പ്രസ്താവനക്ക് മറ്റു വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ലെന്നും പോസിറ്റീവായി മാത്രം കണ്ടാല്‍ മതിയെന്നും പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
അതേ സമയം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നല്ലേ ആകെ പറഞ്ഞതെന്നും തേങ്ങയാണെന്ന് ഉരുട്ടിക്കാണിക്കേണ്ട കാര്യമുണ്ടോ? എന്നുമായിരുന്നു പിവി അബ്ദുള്‍ വഹാബ് എംപിയുടെ പ്രതികരണം.

കേരളത്തില്‍ മുന്നണി മാറേണ്ടതായ സാഹചര്യമില്ല. അങ്ങനെ പ്രശ്‌നങ്ങളില്ല. 1967-69 കാലത്ത് ലീഗ് സിപിഎമ്മിനൊപ്പം ഭരിച്ചിരുന്നു. അന്നത്തെ സാഹചര്യമാണ് അതിലേക്ക് നയിച്ചത്.’ അത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്നും പിവി അബ്ദുള്‍ വഹാബ് എം.പി പറഞ്ഞു.

   

ലീഗിനെ കുറിച്ചുള്ള പിണറായിയുടെ നിലപാട് ഗോവിന്ദന്‍ തിരുത്തി. ഇതില്‍ സന്തോഷമുണ്ടെന്ന് വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ഏകീകൃത സിവില്‍ കോഡ് ബില്ലിനെ രാജ്യസഭയില്‍ കോണ്‍ഗ്രസ് എതിര്‍ത്തെന്നും സതീശന്‍ വിശദീകരിച്ചു. ജെബി മേത്തര്‍ബില്ലിനെ ശക്തമായി എതിര്‍ത്തു. അബ്ദുല്‍ വഹാബിന്റെ വിമര്‍ശനത്തെക്കുറിച്ച് അറിയില്ല. അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സതീശന്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.