
തൊടുപുഴ: കനത്ത മഴയ്ക്ക് കുറവുവന്നെങ്കിലും മഴ ഭീതി തുടരുന്നു. സംസ്ഥാനത്തെ ഡാമുകളില്‍ വെള്ളം നിറയുകയാണ്. ഇടുക്കി ഡാമില്‍ വെള്ളം നിറയുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് 2382.53 അടിയില്‍ എത്തിയതോടെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് 2383.53 അടിയെത്തിയാല്‍ ഡാമില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. എന്നാല്‍ ആലുവ പെരിയാര്‍ തീരത്തെ ജലനിരപ്പ് പരിശോധിച്ച ശേഷം മാത്രമേ ഷട്ടറുകള്‍ തുറക്കൂവെന്ന് മന്ത്രി റോഷി അഗസ്റ്റിന് വ്യക്തമാക്കി. പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. മലമ്പുഴ ഡാമും തുറന്നിട്ടുണ്ട്.
അതേ സമയം പത്തനംതിട്ടയിലെ പമ്പ, കക്കി ആനത്തോട് അണക്കെട്ടുകളില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് കൂടിയതോടെ ജലനിരപ്പ് വേഗത്തില്‍ ഉയരുകയാണ്. പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്.
ഇടുക്കിയില്‍ അഞ്ച് അണക്കെട്ടുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊന്മുടി, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, കുണ്ടള ഡാമുകളില്‍ ആണ് നിലവില്‍ റെഡ് അലേര്‍ട്ടുള്ളത്. ഇടുക്കി ഡാമാകട്ടെ ബ്ലൂ അലേര്‍ട്ട് പിന്നിട്ട് ഓറഞ്ചില്‍ എത്തി നില്‍ക്കുകയാണ്. ഇടുക്കിയില്‍ റെഡ് അലര്‍ട്ടിലേക്ക് കാര്യങ്ങളെത്തിയാല്‍ ആശങ്ക കനക്കും. കേരളത്തിന് എന്നും ആശങ്കയാവുന്ന മുല്ലപ്പെരിയാറില്‍ 10ഷട്ടറുകളാണ് ഇതുവരെ തുറന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138.70 അടിയായിട്ടുണ്ട്.
പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ അണക്കെട്ടുകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നദീതീരങ്ങളില്‍ ജാഗ്രത തുടരുന്നുണ്ട്.
മലമ്പുഴ ഡാം തുറന്നു. 4 ഷട്ടറുകളും 10 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഇതോടെ ഭാരതപ്പുഴ, മുക്കൈ പുഴ, കല്‍പ്പാത്തി പുഴ എന്നിവയുടെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.