2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പത്തിലൊന്ന് സീറ്റില്ല; ഗുജറാത്തില്‍ കോണ്‍ഗ്രസിന് മുഖ്യ പ്രതിപക്ഷകക്ഷി പദവി അവകാശപ്പെടാന്‍ കഴിയില്ല

   

 

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റത് കനത്ത രാഷ്ട്രീയ തിരിച്ചടി. ബി.ജെ.പി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വിജയിച്ചത് ഭരണനഷ്ടത്തിനപ്പുറം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലനില്‍പ്പിനെയും ബാധിച്ചു. 182 അംഗ നിയമസഭയില്‍ 17 സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. അതായത്, ആകെ സീറ്റുകളുടെ പത്തിലൊന്ന് പോലും നേടാന്‍ കോണ്‍ഗ്രസിനായില്ല. ഇത് സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷകക്ഷി എന്ന അവകാശവാദം ഉന്നയിക്കുന്നതിന് കോണ്‍ഗ്രസിന് തടസ്സമാകും. 19 സീറ്റെങ്കിലും ലഭിച്ചാല്‍ മാത്രമേ പ്രതിപക്ഷനേതൃപദവി അവകാശപ്പെടാന്‍ കോണ്‍ഗ്രസിന് കഴിയുകുള്ളൂ.

1995 വരെ ഗുജറാത്തിലെ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് പിന്നീടിതുവരെ അധികാരത്തില്‍ വന്നിട്ടില്ല. 2017ല്‍ നേടിയതിന്റെ നാലിലൊന്ന് സീറ്റ് പോലും ഇക്കുറി സ്വന്തമാക്കാനായില്ല. 2017ല്‍ ബി.ജെ.പി 99 സീറ്റും കോണ്‍ഗ്രസ് 77 സീറ്റുമാണ് നേടിയത്.

28 ശതമാനം വോട്ട് മാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്. എ.എ.പിയുടെ സാന്നിധ്യം കോണ്‍ഗ്രസിന്റെ സാധ്യത ഇല്ലാതാക്കിയെന്ന് വാദിക്കാമെങ്കിലും കണക്കുകള്‍ അതിനുമപ്പുറമാണ്. കാരണം 50 ശതമാനത്തിലേറെ വോട്ട് വിഹിതമാണ് സംസ്ഥാനത്ത് ബി.ജെ.പിക്ക് ലഭിച്ചത്. 12 ശതമാനം വോട്ട് വിഹിതമാണ് എ.എ.പിക്ക് ലഭിച്ചത്.
പ്രചാരണത്തിന്റെ ഒരുഘട്ടത്തില്‍ പോലും ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയാതെ വന്നതോടെ ഗുജറാത്തില്‍ എ.എ.പി- ബി.ജെ.പി പോരാട്ടം മാത്രമാണ് നടക്കുന്നതെന്ന സാഹചര്യം പോലും ഉണ്ടായി. ബി.ജെ.പി അത്തരമൊരു സാഹചര്യം വളര്‍ത്തിയെടുക്കുകയും ചെയ്തു. വളരെ നേരത്തെ പ്രചാരണം തുടങ്ങിയതിനാല്‍ എ.എ.പിയും ബി.ജെ.പിയും പ്രചാരണത്തില്‍ വളരെ മുന്നിലെത്തുകയും ചെയ്തു.
ഭാരജ് ജോഡോ യാത്രയുടെ ഭാഗമായതിനാല്‍ ഒരൊറ്റ ദിവസം മാത്രമാണ് രാഹുല്‍ഗാന്ധിക്ക് ഗുജറാത്തില്‍ ചെലവഴിക്കാന്‍ സമയം കിട്ടിയത്. പ്രിയങ്കാഗാന്ധിയായിരുന്നു രാഹുലിന്റെ അഭാവത്തില്‍ കോണ്‍ഗ്രസ് പ്രചാരണം നയിച്ചത്. ഭാരത് ജോഡോ യാത്രയുടെ റൂട്ടില്‍ നിന്ന് ഗുജറാത്ത് ഒഴിവായത് എന്തിനെന്ന് വിശദീകരിക്കാന്‍ നേതാക്കള്‍ക്കായില്ല. മഹാരാഷ്ട്രയില്‍നിന്ന് അയല്‍ സംസ്ഥാനമായ ഗുജറാത്തിലേക്ക് പോകാതെ മധ്യപ്രദേശിലേക്കും പിന്നീട് രാജസ്ഥാനിലേക്കും യാത്ര കടന്നുപോവുകയായിരുന്നു.

ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടും, ബി.ജെ.പിക്കെതിരേ ഉയര്‍ത്തിക്കാട്ടാന്‍ നിരവധി വിഷയങ്ങള്‍ ഉണ്ടായിട്ടും കോണ്‍ഗ്രസിന് അതു മുതലാക്കാനായില്ല. 135 പേര്‍ മരിച്ച മോര്‍ബി തൂക്കുപാലം അപകടത്തിന് പിന്നിലെ സര്‍ക്കാര്‍ – കരാറുകാര്‍ അവിശുദ്ധബന്ധം പുറത്തുവന്നെങ്കിലും അതുപോലും വിഷയമായില്ല. ഫം, മോര്‍ബിയില്‍ പോലുംബി.ജെ.പി മികച്ച വിജയം നേടി.

ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് ഇറക്കാമെന്ന ആത്മവിശ്വാസം ഗുജറാത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരിക്കല്‍ പോലും ഉണ്ടായതുമില്ല. എപ്പോഴും കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കാറുള്ള സൗരാഷ്ട്ര, ഗോത്ര മേഖലകളും ഇക്കുറി പാര്‍ട്ടിയെ കൈവിട്ടു.

In More Trouble, Congress May Lose Leader Of Opposition In Gujarat


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.