2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മോദിയുടെ ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കുള്ള ഇടം കുറഞ്ഞുവരുന്നതായി വാഷിങ്ടണ്‍ പോസ്റ്റ്

 

ന്യൂഡല്‍ഹി: ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തിയിരിക്കെ ന്യൂനപക്ഷവിഭാഗങ്ങളോടുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെ വിമര്‍ശിച്ച് പ്രമുഖ അമേരിക്കന്‍ മാധ്യമം വാഷിങ്ടണ്‍ പോസ്റ്റ്. ഹിന്ദു ആഘോഷമായ നവരാത്രി ദിനങ്ങളില്‍ മാംസ വില്‍പ്പന ശാലകള്‍ അടച്ചുപൂട്ടണമെന്ന വലതുപക്ഷ ഹിന്ദു ആക്ടിവിസ്റ്റുകളുടെ ആവശ്യവും വെള്ളിയാഴ്ച ജുമുഅ നിസ്‌കരിക്കുന്ന സ്ഥലങ്ങളുടെ എണ്ണം കുറച്ചുവരികയും ചെയ്യുന്ന നടപടികള്‍ വ്യക്തമാക്കുന്നത് നരേന്ദ്രമോദി ഭരണത്തില്‍ മുസ്ലിംകളുടെ ഇടങ്ങള്‍ ചുരുങ്ങിവരുന്നുവെന്നാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു. ‘സ്വന്തം രാജ്യത്ത് പുറത്തിറങ്ങി നടക്കാന്‍ ഞാന്‍ എന്തിന് ഭയക്കണം? മോദിയുടെ ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കിയില്‍ ആധി കൂടുന്നു’ എന്ന തലക്കെട്ടില്‍ വാഷിങ്ടണ്‍ പോസ്റ്റ് ഡല്‍ഹി ബ്യൂറോ ചീഫ് ജോന്നാ സഌറ്റര്‍ ആണ് ലേഖനം എഴുതിയത്.

 

 

ജോന്നാ സഌറ്റര്‍

 

വികസനവും തൊഴിലും വാഗ്ദാനം ചെയ്താണ് അഞ്ചുവര്‍ഷം മുന്‍പ് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. രാഷ്ട്ര സ്ഥാപകര്‍ വിഭാവനം ചെയ്ത മതേതരകാഴ്ചപ്പാടുകള്‍ തള്ളി ഒരു മതമൗലിക ഹിന്ദുരാഷ്ട്രമായി ഇന്ത്യയെ കാണുന്ന തീവ്ര മതദേശീയതയുടെ വക്താവായി സ്വയം അവരോധിക്കപ്പെടുകയായിരുന്നു നരേന്ദ്രമോദിയെന്ന് ലേഖനം പറയുന്നു.

 

 

ഇന്നത്തെ ഇന്ത്യയില്‍ ബീഫ് വല്‍പ്പന നടത്തുകയെന്നത് ഏറ്റവുമധികം പ്രയാസമുള്ള ജോലിയാണെന്നു ചൂണ്ടിക്കാട്ടി ഗുഡ്ഗാവിലെ അബ്ദുല്ലാ അഷ്‌റഫ് എന്നമധ്യവര്‍ഗത്തില്‍പ്പെട്ട യുവാവിന്റെ ജീവിതാനുഭവം ഉദാഹരിച്ചാണ് വാഷിങ്ടണ്‍ പോസ്റ്റ് മോദിയുടെ ഭരണത്തിലെ ഇന്ത്യന്‍ മുസ്‌ലിമിന്റെ അവസ്ഥ ചിത്രീകരിക്കുന്നത്. മുസ്‌ലിം എന്നു തോന്നിക്കുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കുന്നതില്‍ മുമ്പ് അദ്ദേഹത്തിന് ഒരുവിധ ആകുലതയും ഉണ്ടായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അങ്ങിനെയല്ല. പുറത്തിറങ്ങുമ്പോള്‍ ജീന്‍സ് പാന്റും ടി ഷര്‍ട്ടുമാണ് അബ്ദുല്ലാ അഷ്‌റഫ് ധരിക്കുന്നത്. ആഘോഷവേളകളില്‍ ആട്ടിറച്ചി കൊണ്ടുവരുമായിരുന്നു. എന്നാല്‍, ഇന്ന് ആട്ടിറച്ചി വീട്ടില്‍ കൊണ്ടുവരാന്‍ ഭയമാണ്, ആട്ടിറച്ചി ബീഫ് ആണെന്നു തെറ്റിദ്ധരിച്ച് ഗോരക്ഷാസേനക്കാര്‍ ആക്രമിക്കുമെന്ന ഭീതിയാണ് കാരണം.

 

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ് ഇതുപോലെ നിര്‍ഭയമായി പുറത്തിറങ്ങി നടക്കാന്‍ കഴിയാതെവന്നത്. കഴിഞ്ഞവര്‍ഷം വരെ ഗുഡ്ഗാവിലെ തന്റെ ഓഫിസിനടത്തുള്ള പാര്‍ക്കില്‍ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനായി അഷ്‌റഫ് ഉള്‍പ്പെടെയുള്ള ഇസ്ലാമിക വിശ്വാസികള്‍ ഒരുമിച്ചുകൂടുമായിരുന്നു. എന്നാല്‍ ഹിന്ദുതീവ്രവാദികള്‍ പൊതുസ്ഥലത്ത് പ്രാര്‍ഥന നടത്തുന്നതിനെതിരെ ആക്രമണം നടത്തി. വടികളുമായി ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ അവര്‍ പ്രാര്‍ഥനനടത്തുന്നവരെ തള്ളുകയും ചെയ്തു. പൊലിസ് നിര്‍ദേശിച്ച, പാറക്കല്ലുകള്‍ പരന്നുകിടക്കുന്ന പ്രദേശത്താണ് ഇപ്പോള്‍ അഷ്‌റഫ് ജുമുഅ നിസ്‌കരിക്കുന്നത്.

 

 

 

നിലവില്‍ ഇന്ത്യയിലെ ഭരണകക്ഷിയായ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ നിരന്തരം മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തുകയാണ്. ഇതിനൊപ്പം തന്നെ പശുസംരക്ഷണത്തിന്റെ പേരില്‍ ഹിന്ദു തീവ്രവാദികള്‍ ആളുകളെ മര്‍ദിച്ചുകൊല്ലുന്ന സംഭവങ്ങളും ഏറിവരുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങളെ നരേന്ദ്രമോദി ശക്തമായി അപലപിക്കാത്തത് മുസ്‌ലിംകള്‍ക്കു കൂടുതല്‍ അസ്വസ്തതയുണ്ടാക്കുകയാണ്.

 

രാജ്യതലസ്ഥാന മേഖലയില്‍പ്പെട്ട ഗുഡ്ഗാവ് നഗരം വളരെപ്പെട്ടെന്നാണ് പരന്നുകിടക്കുന്ന പാടശേഖരങ്ങളില്‍ നിന്ന് കോര്‍പ്പറേറ്റ് ഓഫിസുകളെകൊണ്ട് നിറഞ്ഞ വന്‍പട്ടണമായി വികസിച്ചത്. നഗരത്തിന്റെ പേര് അടുത്തിടെ ഗുരുഗ്രാം എന്നു മാറ്റുകയുംചെയ്തു ഹരിയാന ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍. നഗരത്തിലെ മാംസ വില്‍പപ്പന ശാലകള്‍ അടച്ചുപൂട്ടാന്‍ സമ്മര്‍ദ്ധംചെലുത്തിവരികയാണ് വലതുപക്ഷ ഹിന്ദു പ്രവര്‍ത്തകരെന്നും വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു.

 

ഇന്ത്യ തിരിച്ചുവരാന്‍ കഴിയാത്ത വിധം ഒരുഭൂരിപക്ഷവാദ രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന രാഷ്ട്രീയ നിരീക്ഷകനനും അശോക യൂനിവേഴ്‌സിറ്റി വൈസ്ചാന്‍സിലറുമായ പ്രതാപ് ഭാനു മേത്തയുടെ അഭിപ്രായവും വാഷിങ്ടണ്‍ പോസ്റ്റ് നല്‍കിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.