ന്യൂഡല്‍ഹി: ഗൗതം അദാനിയുടെ വളര്‍ച്ചയില്‍ നരേന്ദ്രമോദിയും ബി.ജെ.പിയും നല്‍കിയ വഴിവിട്ട സഹായങ്ങള്‍ വിശദീകരിച്ച് ഇന്നലെ ലോക്‌സഭയില്‍ രാഹുല്‍ഗാന്ധി നടത്തിയത് സമീപകാലത്ത് ലോക്‌സഭയിലെ ഏറ്റവും മികച്ച പ്രസംഗങ്ങളിലൊന്ന്. 39 മിനിറ്റ് നീണ്ട ഹിന്ദി പ്രസംഗത്തിനിടെ മോദിയും അദാനിയും ഒന്നിച്ചുനില്‍ക്കുന്ന ചിത്രമുള്‍പ്പെടെ എടുത്തുകാണിച്ചാണ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്‍ മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി. അദാനി ഗ്രൂപ്പിനു വിവിധ വ്യവാസമേഖലകളില്‍ സാന്നിധ്യമറിയിക്കാനായി നിയമങ്ങള്‍ വളച്ചൊടിക്കുകയോ മാറ്റുകയോ ചെയ്തുവെന്ന് ആരോപിച്ച് അതിന്റെ ഉദാഹരണങ്ങളാണ് പ്രസംഗത്തിലുടനീളം രാഹുല്‍ എണ്ണിപ്പറഞ്ഞത്.
ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തെ പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ടറിഞ്ഞെന്ന് ആമുഖമായി പറഞ്ഞായിരുന്നു രാഹുല്‍ പ്രസംഗം തുടങ്ങിയത്. അദാനിക്കിപ്പോള്‍ 810 മേഖലകളില്‍ നിയന്ത്രണമുണ്ടെന്നും അദ്ദേഹത്തിന്റെ ആസ്തി 800 കോടിയില്‍നിന്നു 2014നും 2022നും ഇടയില്‍ 1400 കോടി ഡോളറിലെത്തിയത് എങ്ങനെയെന്നും ഭാരത് ജോഡോ യാത്രയ്ക്കിടെ യുവാക്കള്‍ ഞങ്ങളോട് ചോദിച്ചു. തമിഴ്‌നാടും കേരളവും മുതല്‍ ഹിമാചല്‍പ്രദേശ് വരെ എല്ലായിടത്തും കേള്‍ക്കുന്നത് ‘അദാനി’ എന്ന പേര് മാത്രമാണ്. കശ്മീരിലെയും ഹിമാചല്‍ പ്രദേശിലെയും ആപ്പിളുകള്‍ മുതല്‍ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, നമ്മള്‍ നടക്കുന്ന റോഡുകള്‍ എന്നിവയെ കുറിച്ചെല്ലാം സംസാരിക്കുന്നത് ഗൗതം അദാനിയാണ്, അദാനി മാത്രമാണ്. അദാനി ഏതെങ്കിലും ബിസിനസില്‍ പരാജയപ്പെടില്ലേ എന്ന് ആളുകള്‍ പതിവായി ചോദിക്കാറുണ്ടായിരുന്നു.
മതിയായ മുന്‍പരിചയം ഇല്ലാത്തവര്‍ക്ക് വിമാനത്താവളങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്ന ഒരു നിയമം ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍ ഈ നിയമം 2014ന് ശേഷം അദാനിക്ക് വേണ്ടി മാറ്റി. ആറ് വിമാനത്താവളങ്ങളാണ് അദാനിക്ക് അനുവദിച്ചത്. രാജ്യത്തെ ഏറ്റവും ലാഭകരമായ വിമാനത്താവളമായ മുംബൈ എയര്‍പോട്ട് ജി.വി.കെയില്‍നിന്ന് സി.ബി.ഐ, ഇ.ഡി പോലുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഹൈജാക്ക് ചെയ്ത് അതിന്റെ നടത്തിപ്പ് ചുമതലയും അദാനിക്ക് നല്‍കി.
കഴിഞ്ഞദിവസം ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിനെതിരായ ആരോപണങ്ങള്‍ തള്ളി പ്രധാനമന്ത്രി സംസാരിച്ചിരുന്നു. എന്നാല്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിന്റെ 126 വിമാനങ്ങളുടെ കരാര്‍ സ്വയം പാപ്പരായ അനില്‍ അംബാനിക്ക് നല്‍കി.
അദാനിക്ക് പ്രതിരോധ മേഖലയില്‍ യാതൊരു മുന്‍പരിചയവുമില്ല. അദാനി ഗ്രൂപ്പ് ഇതുവരെ ഡ്രോണുകള്‍ നിര്‍മിച്ചിട്ടില്ല. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിനും ഇന്ത്യയില്‍ മറ്റ് കമ്പനികള്‍ക്കും അതിന് കഴിയുമെങ്കിലും നരേന്ദ്രമോദി ഇസ്രയേല്‍ സന്ദര്‍ശിച്ച് ആ കരാറും അദാനിക്ക് നല്‍കി.
പിന്നീട് പ്രധാനമന്ത്രി സന്ദര്‍ശിച്ചത് ആസ്‌ത്രേലിയയിലേക്കാണ്. അത്ഭുദം എന്നോണം ഇതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ പത്തുലക്ഷം ഡോളര്‍ അദാനിക്ക് വായ്പ നല്‍കി. അടുത്തത് മോദിയുടെ ബംഗ്ലാദേശ് ട്രിപ്പ്. ഒപ്പം ബംഗ്ലാദേശ് പവര്‍ ഡെവലപ്പ്‌മെന്റ് ബോര്‍ഡുമായി അദാനി 25 വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചു.
ശ്രീലങ്കയിലെ കാറ്റാടി വൈദ്യുത പദ്ധതി അദാനിക്ക് ലഭിക്കാന്‍ മുന്‍ പ്രസിഡന്റ് രാജപക്‌സയ്ക്ക് മേല്‍ മോദി സമ്മര്‍ദം ചെലുത്തി. അത് പിന്നീട് ആ രാജ്യത്ത് വിവാദമാകുകയും ശ്രീലങ്കന്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് മേധാവി ഇക്കാര്യം പരസ്യമായി പറയുകയുംചെയ്തു.
നിങ്ങള്‍ എത്ര തവണ അദാനിക്കൊപ്പം വിദേശ യാത്ര ചെയ്തു? എത്ര തവണ നിങ്ങള്‍ ഒരു വിദേശരാജ്യത്ത് എത്തിയതിന് ശേഷം അദാനിനിങ്ങളുടെ അടുത്തേക്കെത്തി. നിങ്ങളെ സന്ദര്‍ശിച്ചതിന് ശേഷം എത്ര തവണ അദാനി ഒരു വിദേശരാജ്യത്ത് കരാര്‍ ഏറ്റെടുത്തിട്ടുണ്ട്? കഴിഞ്ഞ 20 വര്‍ഷത്തിനിടെ അദാനി ബി.ജെ.പിക്ക് എത്ര പണം നല്‍കി? നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ ബന്ധങ്ങളെല്ലാം തുടങ്ങിയത്.
അഗ്‌നിവീര്‍ പദ്ധതി സൈന്യത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. അഗ്‌നിവീര്‍ പദ്ധതി കരസേനയില്‍നിന്നല്ല, ആര്‍.എസ്.എസില്‍നിന്നും ആഭ്യന്തര മന്ത്രാലയത്തില്‍നിന്നുമെന്നാണു വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ആളുകള്‍ക്ക് ആയുധപരിശീലനം നല്‍കുകയയും തുടര്‍ന്ന് സമൂഹത്തിലേക്കു മടങ്ങാന്‍ ആവശ്യപ്പെടുകുയും ചെയ്യുന്നത് അക്രമത്തിലേക്ക് നയിക്കുമെന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Comments are closed for this post.