ബംഗളൂരു: അടുത്തവർഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ ബി.ജെ.പിയെ അമ്പരപ്പിച്ച് നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക്. ഒരാഴ്ചയ്ക്കുള്ളിൽ മുതിർന്നവരുൾപ്പെടെ പത്തിലധികം പ്രധാനനേതാക്കളാണ് ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയത്. കൂടാതെ മുൻ എം.എൽ.എമാരുൾപ്പെടെയുള്ള നേതാക്കൾ ബി.ജെ.പി വിടുകയോ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യം അറിയിക്കുകയോ ചെയ്തിട്ടുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ബി.ജെ.പിയെ ഞെട്ടിച്ചിട്ടുണ്ട്.
കോൺഗ്രസിൽ നിന്നും ജെ.ഡി.എസിൽ നിന്നുമുള്ള എം.എൽ.എമാരെ അടർത്തിയെടുത്താണ് ഇപ്പോൾ കർണാടകയിൽ ബി.ജെ.പി ഭരിക്കുന്നത്. അന്നത്തെ അട്ടിമറിയിൽ സഹായിച്ച ബി.ജെ.പി നേതാക്കളെ കോൺഗ്രസിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ് പി.സി.സി അധ്യക്ഷനായ ഡി.കെ ശിവകുമാർ. അന്ന് 23 എം.എൽ.എമാരെയാണ് കോൺഗ്രസിന് മാത്രം നഷ്ടമായത്. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഈ സീറ്റുകളിലെല്ലാം കോൺഗ്രസിന് നഷ്ടമാവുകുയംചെയ്തു. നഷ്ടമായ ഈ മണ്ഡലങ്ങളെല്ലാം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് ഇപ്പോൾ ഡി.കെയുടെ നേതൃത്വത്തിൽ നടക്കുന്നത്.
ഏറ്റവും ഒടുവിലായി മുതിർന്ന നേതാവ് വി.എസ് പാട്ടീൽ ആണ് കോൺഗ്രസിൽ ചേർന്നത്. മുൻ എം.എൽ.എയായ അദ്ദേഹം തൊഴിൽമന്ത്രി അരബൈൽ ശിവറാം ഹെബ്ബാറിനോട് കഴിഞ്ഞതവണ 1483ന്റെ വ്യത്യാസത്തിനാണ് പരാജയപ്പെട്ടത്. കോൺഗ്രസ് നേതാവായിരുന്ന ഹെബ്ബാർ 2019ലെ ഓപ്പറേഷൻ താമരയുടെ ഭാഗമായുള്ള ബി.ജെ.പി നീക്കത്തിനിടെയാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയായതും മന്ത്രിയായതും. ഉപതെരഞ്ഞെടുപ്പിൽ ഹെബ്ബാർ വിജയം ആവർത്തിക്കുകയും ചെയ്തു. പുതിയ സാഹചര്യത്തിൽ ഹെബ്ബാറിനെതിരേ വി.എസ് പാട്ടീലിനെ തന്നെയാകും കോൺഗ്രസ് യെല്ലാപൂരിൽ മത്സരിപ്പിക്കുക. ലിംഗായത്ത് വിഭാഗത്തിൽപ്പെട്ട വി.എസ് പാട്ടീലിനൊപ്പം വ്യവസായിയായ ശ്രീനിവാസ് ഭട്ടും ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിലെത്തി.
ഹിരെകർപൂർ മുൻ എം.എൽ.എ യു.ജി ബനകർയും ബി.ജെ.പി വിട്ടു. ഇദ്ദേഹവും നേരത്തെ കോൺഗ്രസിന്റെ ബി.സി പാട്ടീലിനോട് പരാജയപ്പെടുകയായിരുന്നു. പിന്നീട് ബി.ജെ.പിയിൽ ചേരുകയും കോൺഗ്രസ് ജെ.ഡി.എസ് മന്ത്രിസഭയെ അട്ടിമറിക്കാൻ ശ്രമിച്ച് മന്ത്രിയാവുകയും ചെയ്തയാളാണ് ബി.സി പാട്ടീൽ. ഇദ്ദേഹത്തോട് പരാജയപ്പെട്ട യു.ജി ബനകർ തന്നെയാവും അടുത്ത തെരഞ്ഞെടുപ്പിലും കോൺഗ്രസ് മത്സരിപ്പിക്കുക. ബി.ജെ.പിയോട് ഇടഞ്ഞുനിൽക്കുന്ന മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ അടുത്തയാളാണ് ബനകർ.
മുതിർന്ന നേതാവും ബി.ജെ.പിയുടെ നിയമസഭാ കൗൺസിൽ അംഗവുമായ സി. പുട്ടണ്ണയും കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പിൽ ബംഗളൂരു സിറ്റി മണ്ഡലമാകും പുട്ടണ്ണയ്ക്ക് കോൺഗ്രസ് നൽകുക. പുട്ടണ്ണയെ കൂടാതെ ബി.ജെ.പി എം.എൽ.സിമാരായ സന്ദേശ് നാഗരാജ്, എ.എച്ച് വിശ്വനാഥ് എന്നിവരും ഉടൻ കോൺഗ്രസിൽ ചേരുമെന്നാണ് വിവരം. കന്നഡയിലെ പ്രമുഖ നിർമ്മാതാവ് കൂടിയായ സന്ദേശ് ബി.ജെ.പി നേതൃത്വവുമായി അകൽച്ചയിലാണ്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഖാർഗെയേയും പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാറിനേയും സന്ദേഷശ് ബന്ധപ്പെട്ടതായാണ് സൂചന. കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാരിനെ താഴെയിറക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് എ.എച്ച് വിശ്വനാഥ്.
In bid to recoup 2019 Operation Kamala loss, Karnataka Cong inducts ex-BJP MLA others
Comments are closed for this post.