ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രയാസത്തിൽ കോൺഗ്രസ്. ഇതേത്തുടർന്ന് ചെലവുചുരുക്കൽ നടപടികൾ സ്വീകരിക്കാനും പാഴ്‌ച്ചെലവുകൾ ഒഴിവാക്കാനും പാർട്ടി ഭാരവാഹികൾക്ക് കോൺഗ്രസ് നേതൃത്വം നിർദേശം നൽകി. പാർട്ടി ട്രഷറർ പവൻ കുമാർ ബെൽസൽ ഭാരവാഹികൾക്ക് എഴുതിയ കത്തിലാണ് ചെലവുചുരുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഭാരവാഹികൾക്കും എം.പിമാർക്കും 1,400 കിലോമീറ്റർ ദൂരം വരെയുള്ള യാത്രകൾക്ക് വിമാനടിക്കറ്റ് നൽകില്ലെന്ന് കത്തിലുണ്ട്. പകരം ട്രെയിൻ ടിക്കറ്റ് നൽകും.
മാസത്തിൽ രണ്ടുതവണ മാത്രമേ വിമാനടിക്കറ്റ് നൽകൂ. ട്രെയിൻ ടിക്കറ്റ് നിരക്ക് വിമാന ടിക്കറ്റിനേക്കാൾ കൂടുതലാണെങ്കിൽ വിമാനത്തിൽ യാത്ര ചെയ്യാം. എ.ഐ.സി.സി സെക്രട്ടറിമാർ കുറഞ്ഞത് 15-20 ദിവസമെങ്കിലും അതത് സംസ്ഥാനങ്ങളിൽ ചെലവഴിക്കണം. ഇതനുസരിച്ച് എ.ഐ.സി.സി സെക്രട്ടറിമാരുടെ ആസ്ഥാനം അവരെ ചുമതലപ്പെടുത്തിയ സംസ്ഥാനങ്ങളിലേക്ക് മാറ്റണം. യോഗങ്ങൾക്കായി എ.ഐ.സി.സി ആസ്ഥാനം ഇടയ്ക്കിടെ സന്ദർശിക്കുമ്പോൾ വർക്ക് സ്റ്റേഷനുകൾ നൽകും.
പാർലമെന്റ് അംഗങ്ങളായ ജനറൽ സെക്രട്ടറിമാർ, ഇൻ-ചാർജുകൾ യാത്രയ്ക്കായി എം.പിയെന്ന നിലയിലുള്ള വിമാന സൗകര്യം ഉപയോഗിക്കണം. കാന്റീൻ, സ്റ്റേഷനറി, വൈദ്യുതി, പത്രം, ഇന്ധനം തുടങ്ങിയ ചെലവുകൾ സ്വയം നിയന്ത്രിക്കണം. എല്ലാ ഭാരവാഹികളും ചെലവ് നിയന്ത്രിക്കുന്നതിനും ട്രഷററുടെ ഓഫിസിലെ അക്കൗണ്ട്സ് ഓഫിസർക്ക് പ്രതിവാര അക്കൗണ്ട് നൽകുന്നതിനും സ്റ്റാഫ് അംഗങ്ങളിൽ ഒരാൾക്ക് ഉത്തരവാദിത്വം നൽകണം. ഓഫിസിന് പുറത്തായിരിക്കുമ്പോൾ വൈദ്യുതി ലാഭിക്കുന്നതിന് ഇലക്ട്രിക് ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യണമെന്നും കത്തിൽ പറയുന്നു.
In a fix over finances, Cong asks office bearers to cut expenses
Comments are closed for this post.